നടപ്പാതയിലും മീഡിയനിലും മരത്തിലും പരസ്യം പാടില്ല

കൊച്ചി: നടപ്പാതകളിലും റോഡ് മീഡിയനുകളിലും വഴിയോരത്തെ മരങ്ങളിലും പരസ്യങ്ങള്‍ സ്ഥാപിക്കുന്നത് തടഞ്ഞ് സര്‍ക്കാറിന്‍െറ പരസ്യനയം. റോഡരുകില്‍നിന്നോ നടപ്പാതകളില്‍നിന്നോ 50 മീറ്റര്‍ ദൂരത്തിനകത്ത് പരസ്യങ്ങള്‍ സ്ഥാപിക്കരുതെന്നും സ്വകാര്യവ്യക്തിയോ കമ്പനിയോ സ്പോണ്‍സര്‍ ചെയ്തതാണെങ്കില്‍ പോലും ട്രാഫിക് സിഗ്നലുകള്‍, ട്രാഫിക് അടയാളങ്ങള്‍, സൂചികകള്‍, വഴിയോരങ്ങളിലെ ഇരിപ്പിടങ്ങള്‍ എന്നിവയിലൊന്നും പരസ്യങ്ങള്‍ പാടില്ളെന്നും ഫെബ്രുവരി രണ്ടിന് പുറത്തിറക്കിയ സര്‍ക്കാര്‍ നയത്തില്‍ വ്യക്തമാക്കുന്നു. കോടതി ഉത്തരവുണ്ടായിട്ടും റോഡുകളില്‍നിന്നും പാതയോരത്തുനിന്നും ഫ്ളക്സുകളും പരസ്യ ബോര്‍ഡുകളും നീക്കംചെയ്യാന്‍ നടപടിയെടുക്കാത്തത് ചോദ്യംചെയ്ത് പൊതുപ്രവര്‍ത്തകനായ ഡിജോ കാപ്പന്‍ സമര്‍പ്പിച്ച ഹരജിയില്‍ തദ്ദേശ സ്വയംഭരണ അണ്ടര്‍ സെക്രട്ടറി ബി. മുരളീധരന്‍ ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് പുതിയ പരസ്യനയം സംബന്ധിച്ച വിശദീകരണമുള്ളത്.
സുരക്ഷാ ഭീഷണിയുണ്ടാക്കുന്നതരത്തില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് തടയണമെന്ന് സര്‍ക്കാര്‍ 2015 ജൂണില്‍ ഉത്തരവിറക്കിയിരുന്നു. പിന്നീട് പുതിയ പരസ്യനയത്തിന് രൂപം നല്‍കുന്നതിന്‍െറ ഭാഗമായി ഒക്ടോബറില്‍ ഉത്തരവ് മരവിപ്പിച്ചു. ഇതും ഹരജിക്കാരന്‍ ചോദ്യംചെയ്തിരുന്നു. തുടര്‍ന്ന് നാറ്റ്പാക്ക് തയാറാക്കിയ കരടു നയത്തിന്‍െറ അടിസ്ഥാനത്തിലാണ് കഴിഞ്ഞമാസം അന്തിമ പരസ്യനയം പ്രസിദ്ധീകരിച്ചത്. നടപ്പാതകള്‍, മീഡിയനുകള്‍, വഴിയോരത്തെ മരങ്ങള്‍, കവലകളിലെ ലാന്‍ഡ്സ്കേപ് തുടങ്ങിയവയില്‍ പരസ്യം അനുവദിക്കില്ളെന്നതാണ് പ്രധാന നിബന്ധന. പരസ്യം സ്ഥാപിക്കാന്‍ കൊടുങ്കാറ്റിനെ പ്രതിരോധിക്കാന്‍ കഴിവുള്ളതും ഉറപ്പുള്ളതുമായ സ്ഥിരം സംവിധാനം നിര്‍ബന്ധമാക്കും. പാലങ്ങള്‍, ഫൈ്ളഓവറുകള്‍ എന്നിവയുടെ കൈവരിയില്‍ പരസ്യം പാടില്ല. റോഡരുകില്‍നിന്ന് മാറി നിയമപ്രകാരം പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ജില്ലാതല റോഡ് സുരക്ഷാ കൗണ്‍സിലില്‍നിന്ന് അനുമതി വാങ്ങണം. പരസ്യവാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ പ്രവൃത്തിദിനങ്ങളില്‍ രാവിലെ 11.30 മുതല്‍ 3.30 വരെയും രാത്രി 8.30 മുതല്‍ രാവിലെ 7.30 വരെയുമാകും അനുമതിനല്‍കുക. റോഡരികില്‍നിന്ന് പത്തുമീറ്റര്‍ അകത്തേക്ക് വാഹനങ്ങള്‍ നിര്‍ത്തിയിടണം. പരസ്യബോര്‍ഡുകള്‍ വാഹനത്തില്‍നിന്ന് പുറത്തേക്ക് തള്ളിനില്‍ക്കരുത്. വാഹനങ്ങളില്‍ അലങ്കാരവിളക്കുകള്‍ പാടില്ല. പരസ്യം കാണാന്‍വേണ്ടി മാത്രമുള്ള വെളിച്ചമെ രാത്രി പാടുള്ളൂ. ഇത്തരം വാഹനങ്ങളില്‍ റെക്കോഡ് ചെയ്ത ശബ്ദമോ തല്‍സമയ അനൗണ്‍സ്മെന്‍േറാ അനുവദിക്കില്ല. ബസ് സ്റ്റോപ്പുകളിലും കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍ പോസ്റ്റുകളിലും പരസ്യം അനുവദിക്കില്ളെന്നും നയത്തില്‍ പറയുന്നു.
കടകളില്‍ സ്ഥാപിക്കുന്ന പരസ്യബോര്‍ഡുകളുടെ കാര്യത്തിലും നിബന്ധനകളുണ്ട്. കടയുടെ മുന്‍ഭാഗത്തെ വീതിയും നീളവും കണക്കാക്കി ആനുപാതികമായ അളവില്‍ മാത്രമെ ബോര്‍ഡ് സ്ഥാപിക്കാവൂ. ഷോപ്പിങ് മാളുകളിലും വാണിജ്യ സമുച്ചയങ്ങളിലും സ്ഥാപനങ്ങള്‍ക്ക് ഒരുമിച്ച് ഡിസ്പ്ളേ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് തടസ്സമില്ല. കടയുടെ പേര്, ലോഗോ, ഫോണ്‍ നമ്പര്‍, റൂം നമ്പര്‍ തുടങ്ങിയവ ഇത്തരം ബോര്‍ഡുകളില്‍ രേഖപ്പെടുത്താമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.