‘ഞാന്‍ രോഹിത് വെമുലയുടെ കാല്‍പാടുകള്‍ പിന്തുടരാന്‍ നിര്‍ബന്ധിക്കപ്പെടുന്നു’

തൃശൂര്‍: ‘ഞാന്‍ ജാതീയമായ അയിത്തം അനുഭവിക്കുകയാണ്. മോശമായ പെരുമാറ്റം, മാനസിക പീഡനം, വിവേചനത്തിന്‍െറ പാരമ്യം, അവകാശ നിഷേധം. ഞാനൊരു നിര്‍ധന തമിഴ് ദലിത് കുടുംബത്തിലെ അംഗമാണ്. ജീവിക്കാന്‍ പോലും വകയില്ലാത്തവന്‍. അന്തസ്സോടെ ജീവിക്കാനുള്ള ഇന്ത്യന്‍ പൗരന്‍െറ ഭരണഘടനാപരമായ അവകാശം എനിക്ക് നിഷേധിക്കപ്പെടുന്നു.

ജാതി പീഡനത്തിന് ഇരയായ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ രോഹിത് വെമുലയുടെ കാല്‍പാടുകള്‍ പിന്തുടരാന്‍ നിര്‍ബന്ധിക്കപ്പെടുന്ന അവസ്ഥയിലാണ് ഞാന്‍’- കുടുംബം പട്ടിണികിടന്ന് മിച്ചം വെച്ച പണം കൊണ്ട്  തമിഴ്നാട് സര്‍വകലാശാലയില്‍നിന്ന് സ്വര്‍ണമെഡലോടെ കൃഷി ശാസ്ത്രത്തില്‍ ബിരുദ, ബിരുദാനന്തര പരീക്ഷകള്‍ വിജയിച്ച  ടി. രാജേഷ് എന്ന ഗവേഷക വിദ്യാര്‍ഥി ഒമ്പതുദിവസം മുമ്പ് കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് സമര്‍പ്പിച്ച പരാതിയിലെ വാചകങ്ങളാണിത്.

വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളജില്‍ പ്ളാന്‍റ് ബ്രീഡിങ്-ജനറ്റിക്സ് വിഭാഗത്തില്‍ നിന്ന്  താന്‍ വിജയകരമായി പൂര്‍ത്തിയാക്കി തിസീസ് സമര്‍പ്പിച്ച ഗവേഷണ പ്രബന്ധത്തിന്  പിഎച്ച്.ഡി നിഷേധിക്കുന്നതിനെപ്പറ്റി സമര്‍പ്പിച്ചതാണ് പരാതി. 2015 ജൂണ്‍ 30ന്  തിസീസ് സമര്‍പ്പിച്ച രാജേഷിന് ഇതുവരെ പിഎച്ച്.ഡി അനുവദിച്ചിട്ടില്ല. മാസങ്ങളായി പരാതിയുമായി അധികൃതരെ സമീപിക്കുന്നു. കഴിഞ്ഞ ദിവസം വി.സിയെ കാണാനത്തെിയ രാജേഷ് ്  മോഹാലസ്യപ്പെട്ടുവീണു. അതിനുപിറകെ രാജേഷിന്‍െറ ബന്ധുക്കള്‍ തമിഴ്നാട്ടില്‍നിന്ന് മണ്ണുത്തിയിലെ കാര്‍ഷിക സര്‍വകലാശാലാ ആസ്ഥാനത്തത്തെി രാജേഷിനു വേണ്ടി നെഞ്ചത്തടിച്ചു കരഞ്ഞു.

രാജേഷിന്‍െറ പരാതിയില്‍ ‘പ്രതി’ ആരാണെന്ന് വ്യക്തമായി പറയുന്നുണ്ട്. എന്നിട്ടും പരാതി ഒതുക്കാനാണ് അധികൃതരുടെ ശ്രമം. വിദ്യാര്‍ഥി ക്ഷേമത്തിന്‍െറ ചുമതലയുള്ള ഒരു അധ്യാപകനാണ് ‘പ്രതി’യെ സംരക്ഷിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നതത്രേ. പരാതി പിന്‍വലിച്ചില്ളെങ്കില്‍ പിഎച്ച്.ഡി കിട്ടില്ളെന്ന ഭീഷണിക്കു മുന്നില്‍ ചകിതനാണ് രാജേഷ്. പിന്‍വലിച്ചാല്‍ രണ്ടുമാസം കൊണ്ട് നേരെയാക്കാമെന്നാണ് വൈസ് ചാന്‍സലര്‍ നല്‍കിയ ഉറപ്പത്രേ.

വനിതാ പ്രഫസര്‍ തന്നോട് തുടക്കം മുതല്‍ പകയോടെ പെരുമാറിയിരുന്നുവെന്ന് അവരുടെ പേരെടുത്ത് പറഞ്ഞ് രാജേഷ് പരാതിപ്പെട്ടു. 2012 ഫെബ്രുവരി 10ന് വൈവ  വിജയകരമായി പൂര്‍ത്തിയാക്കിയപ്പോള്‍ അതിന്‍െറ റിപ്പോര്‍ട്ടില്‍ ഒപ്പുവെക്കാന്‍ ഈ അധ്യാപിക വിമുഖത കാണിച്ചു. അസോസിയേറ്റ് ഡീന്‍ നിര്‍ബന്ധിച്ചിട്ടും അവര്‍ ഒപ്പിട്ടില്ല. ഇതേക്കുറിച്ച് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രൂപവത്കരിച്ച സമിതി, അധ്യാപികയോടെ തിസീസ് സമര്‍പ്പിക്കാന്‍ വേണ്ട സഹായങ്ങള്‍ ചെയ്യണമെന്ന് നിര്‍ദേശിച്ചു.  ഫലം മറിച്ചാണുണ്ടായത്.  ഗവേഷണത്തിന് സഹായിക്കുന്ന ഉപദേശക സമിതിയില്‍ അംഗമായ  വകുപ്പ് മേധാവി രാജേഷിന്‍െറ തിസീസിന്‍െറ കരട് സ്വീകരിക്കാന്‍ പോലും തയാറായില്ല. ഉപദേശക സമിതി 10 തവണയെങ്കിലും യോഗം ചേരണമെന്ന് വ്യവസ്ഥയുള്ളപ്പോള്‍ തന്‍െറ കാര്യത്തില്‍ മൂന്നു തവണ മാത്രമാണ് അതുണ്ടായത്. തനിക്ക് നീതി ലഭ്യമാക്കാന്‍ ഇടപെടണം എന്നാണ് രാജേഷിന്‍െറ അഭ്യര്‍ഥന.

വിവരം പുറത്തായതോടെ വ്യാഴാഴ്ച പ്രസ്തുത അധ്യാപികക്ക് അനുകൂലമായി വിദ്യാര്‍ഥികളെക്കൊണ്ട് ഒപ്പ് ശേഖരണം നടത്തിക്കുകയാണ് സര്‍വകലാശാലയിലെ ചിലര്‍ ചെയ്തത്. തന്‍െറ പരാതി നിലനില്‍ക്കുന്നുവെന്നോ പിന്‍വലിച്ചുവെന്നോ പറയാന്‍ പോലും രാജേഷ് ഭയക്കുകയാണ്. ‘വി.സി  രണ്ടു മാസം കൊണ്ട് എല്ലാം ശരിയാക്കാമെന്ന് പറഞ്ഞിട്ടുണ്ട്’ എന്ന് മാത്രമാണ് പ്രതികരണം. ഇതിനുമുമ്പ്, വകുപ്പു മേധാവിയുടെ പീഡനത്തെക്കുറിച്ച് സഹഅധ്യാപിക വാക്കാല്‍ പല തവണ പരാതി പറഞ്ഞിട്ടും ചെവിക്കൊള്ളാതിരിക്കുകയും രേഖാമൂലം നല്‍കിയപ്പോള്‍ പൊലീസിന് കൈമാറാതിരിക്കുകയും ചെയ്ത ചരിത്രമുണ്ട് കാര്‍ഷിക സര്‍വകലാശാലാ അധികൃതര്‍ക്ക്. രാജേഷിന്‍െറ പരാതി ദലിത് പീഡനത്തിന്‍െറ ഗണത്തില്‍പ്പെടുന്നതായിട്ടും അത് ഒതുക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.