തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയുടെ ചോദ്യങ്ങള്‍ പരീക്ഷാഹാളില്‍നിന്ന് പുറത്തുപോകുന്നെന്ന ആക്ഷേപം ശക്തമാകുന്നു. ഇതേതുടര്‍ന്ന് കര്‍ശന നടപടിയുമായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ രംഗത്ത്. പരീക്ഷ തുടങ്ങിയശേഷം ക്ളാസ് മുറികളില്‍നിന്ന് ചോദ്യങ്ങള്‍ പുറത്തുകൊടുത്ത് ക്രമക്കേട് നടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആവശ്യമെങ്കില്‍ ഇതിന് പൊലീസ് സഹായം തേടുമെന്നും ഡി.പി.ഐ എം.എസ്. ജയ അറിയിച്ചു.
ചില സ്കൂളില്‍ വാട്സ് ആപ്പിലൂടെ ചോദ്യം പകര്‍ത്തി അയച്ച് ഉത്തരങ്ങള്‍ വാങ്ങി ക്രമക്കേടിന് ശ്രമം നടക്കുന്നെന്ന റിപ്പോര്‍ട്ടിന്‍െറ പശ്ചാത്തലത്തിലാണ് ഡി.പി.ഐയുടെ പ്രതികരണം. കുറ്റക്കാരെ പിടികൂടാന്‍ സൈബര്‍ സെല്ലിന്‍െറ സഹായം തേടുമെന്നും അവര്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തശേഷം ബാക്കി ചോദ്യക്കടലാസുകള്‍ സീല്‍ ചെയ്ത് സൂക്ഷിക്കണം. ഇത് പുറത്തുകൊടുത്തുവിടുന്നുണ്ടോയെന്ന് പരിശോധിക്കും.
സത്യസന്ധമായി പരീക്ഷ നടത്തുന്നതിന്‍െറ പേരില്‍ ഭീഷണി നേരിടുന്ന അധ്യാപകര്‍ക്ക് തന്നെ നേരിട്ട് വിളിച്ച് പരാതിപ്പെടാമെന്നും അവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും ഡി.പി.ഐ അറിയിച്ചു. സ്കൂള്‍ പി.ടി.എയുടെയും ചില തദ്ദേശ സ്ഥാപനങ്ങളുടെയും ഭാരവാഹികളും മാനേജ്മെന്‍റ് പ്രതിനിധികളും അധ്യാപകരെ ഭീഷണിപ്പെടുത്തുന്നെന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. ഭീഷണി മുഴക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാന്‍ വ്യവസ്ഥയുണ്ട്.
പരീക്ഷാ ക്രമക്കേട് തടയാന്‍ സംസ്ഥാന വ്യാപകമായി മിന്നല്‍ പരിശോധന ഊര്‍ജിതമാക്കി. പരീക്ഷാഭവന്‍ സെക്രട്ടറി കെ.ഐ. ലാലിന്‍െറ നേതൃത്വത്തിലാണ് പരിശോധന. ഇതിനിടെ, ശനിയാഴ്ച കൊച്ചിയില്‍ നടത്താനിരുന്ന ഹയര്‍ സെക്കന്‍ഡറി സ്കീം ഫൈനലൈസേഷന്‍ മാറ്റിവെച്ചു. എല്ലാ വിഷയങ്ങളുടെയും സ്കീം ഫൈനലൈസേഷന്‍ ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ തേവര എസ്.എച്ച് സ്കൂളില്‍ നടക്കും. 64 മൂല്യനിര്‍ണയ ക്യാമ്പുകളിലെ ക്യാമ്പ് ഓഫിസര്‍മാരുടെയും കോഓഡിനേറ്റര്‍മാരുടെയും യോഗം വെള്ളിയാഴ്ച ആലുവ ജി.എച്ച്.എസ്.എസില്‍ നടക്കുമെന്ന് പരീക്ഷാ സെക്രട്ടറി ഡോ. കെ. മോഹനകുമാര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.