ന്യൂഡൽഹി: സാക്ഷികൾ പലരും ജീവിച്ചിരിപ്പില്ലാത്ത മൂന്നരപതിറ്റാണ്ട് മുമ്പത്തെ കുറ്റകൃത്യത്തിനാണ് വിചാരണ നേരിടാൻ സുപ്രീംകോടതി ആന്റണി രാജുവിനോട് ആവശ്യപ്പെട്ടത്. തിരുവനന്തപുരത്തുനിന്ന് മുംബൈയിലേക്ക് വിമാനം കയറാനായെത്തിയ ആസ്ത്രേലിയക്കാരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ 1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിവസ്ത്രത്തിലൊളിപ്പിച്ച 61.6 ഗ്രാം ഹഷീഷുമായി പിടിയിലായതാണ് സംഭവങ്ങളുടെ തുടക്കം.
ആൻഡ്രൂവിനുവേണ്ടി ഹാജരായ പ്രശസ്ത അഭിഭാഷകയായ സെലിന് വില്‍ഫ്രഡിന്റെ ജൂനിയറായിരുന്നു ആന്റണി രാജു. പൊലീസ് കസ്റ്റഡിയിലെടുത്ത ആൻഡ്രൂവിന്റെ വസ്തുവകകൾ തിരിച്ചുകൊടുക്കാനുള്ള നിർദേശത്തിന്റെ മറവിൽ മയക്കുമരുന്ന് കടത്തലിന്റെ പ്രധാന തെളിവായ തൊണ്ടിമുതൽ അടിവസ്ത്രവും കോടതി ജീവനക്കാരൻ ആൻറണി രാജുവിന് കൈമാറി. പിന്നീട് ഇത് ആന്റണി രാജു കോടതിക്ക് തിരിച്ചുനൽകാതെ ചെറിയ അടിവസ്ത്രം പകരം നൽകി. സെഷൻസ് കോടതി ആൻഡ്രൂവിനെ 10 വർഷം തടവിനും ഒരു ലക്ഷം പിഴക്കും ശിക്ഷിച്ചുവെങ്കിലും തൊണ്ടിമുതലായ അടിവസ്ത്രം പ്രതിക്ക് പാകമല്ലെന്ന് പറഞ്ഞ് 1991 ഫെബ്രുവരി അഞ്ചിന് ഹൈകോടതി പ്രതിയെ വെറുതെവിട്ടു.
അടിവസ്ത്രം കോടതി ധരിപ്പിച്ചുനോക്കിയാണ് വെറുതെവിട്ടത്. അതേസമയം തൊണ്ടിമുതൽ മാറ്റി തെളിവ് നശിപ്പിച്ചതാകാമെന്ന് നിരീക്ഷിച്ച ഹൈകോടതി വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. ഹൈകോടതി വിജിലൻസ് ഓഫിസർ നടത്തിയ അന്വേഷണത്തിൽ കൃത്രിമം നടന്നുവെന്ന് കണ്ടെത്തി.
യഥാർഥ അടിവസ്ത്രം ജൂനിയർ അഭിഭാഷകൻ ആന്റണി രാജു കോടതി ജീവനക്കാരനായ ജോസിന്റെ സഹായത്തോടെ എടുത്തുമാറ്റിയെന്നും വ്യക്തമായി. കോടതി ശിരസ്തദാറിനോട് പരാതി സമർപ്പിക്കാൻ ശിപാർശയും ചെയ്തു. തുടർന്ന് ശിരസ്തദാർ നൽകിയ പരാതിയിലാണ് നടപടികൾ മുന്നോട്ടുപോയത്.
കേസ് അന്വേഷിച്ച് ഒന്നാം പ്രതി കോടതി ക്ലർക്ക് ജോസിനും രണ്ടാം പ്രതി ആന്റണി രാജുവിനുമെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 120 ബി, 420, 201, 193, 217, 34 എന്നീ വകുപ്പുകൾ പ്രകാരം 2006 മാർച്ച് 24ന് കുറ്റപത്രം സമർപ്പിച്ചു. വിചാരണക്കായി നെടുമങ്ങാട് കോടതി കുറ്റം ചുമത്തിയപ്പോൾ നടപടി റദ്ദാക്കാൻ ഇരുവരും 2022ൽ ഹൈകോടതിയെ സമർപ്പിച്ചു. ആന്റണി രാജു ഉയർത്തിയ സാങ്കേതിക തടസ്സവാദങ്ങൾ അംഗീകരിച്ച് സമർപ്പിച്ച കുറ്റപത്രത്തിലെ തുടർനടപടി തടഞ്ഞ ഹൈകോടതി പുനരന്വേഷണത്തിന് പച്ചക്കൊടി കാട്ടി.
തുടർന്ന് ആന്റണി രാജുവിനെതിരെ സമർപ്പിച്ച കുറ്റപത്രത്തിലെ വിചാരണ നടപടി തടഞ്ഞ കേരള ഹൈകോടതി വിധിക്കെതിരെ ‘ഗ്രീൻ കേരള ന്യൂസ്’ എഡിറ്റർ അജയനും പുനരന്വേഷണത്തിനുള്ള ഹൈകോടതി നിർദേശത്തിനെതിരെ ആന്റണി രാജുവും അപ്പീലുമായി സുപ്രീംകോടതിയിലെത്തുകയായിരുന്നു.
കേസിൽനിന്ന് രക്ഷപ്പെട്ട് ആസ്ത്രേലിയിലേക്ക് കടന്ന ആൻഡ്രൂ സാൽവദോർ അവിടെ ഒരു കൊലക്കേസിൽ പ്രതിയായി തടവിൽ കഴിയുമ്പോൾ തൊണ്ടിമുതൽ മാറ്റി കേരളത്തിലെ കേസിൽനിന്ന് രക്ഷപ്പെട്ട കഥ പറഞ്ഞു. സഹതടവുകാരനിൽനിന്ന് ഈ വിവരം ആസ്ത്രേലിയൻ അന്വേഷണസംഘം മൊഴിയായി രേഖപ്പെടുത്തി കാൻബറയിലെ ഇന്റർപോൾ യൂനിറ്റിനും അവർ ഇന്ത്യയിലെ ഇന്റർപോൾ യൂനിറ്റായ സി.ബി.ഐക്കും അയച്ചു. സി.ബി.ഐ ഈ വിവരം കേരള പൊലീസിനും കൈമാറി. തുടർന്ന് കേസില്‍ കൃത്രിമം നടന്നുവെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥൻ ഹൈകോടതി വിജിലന്‍സിന് പരാതി നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.