കാര്‍ഷിക സര്‍വകലാശാല; ദലിത് ഗവേഷണ വിദ്യാര്‍ഥിയുടെ പരാതി അന്വേഷിക്കും

തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളജിലെ പ്ളാന്‍റ് ബ്രീഡിങ്-ജനറ്റിക്സ് വകുപ്പിലെ ദലിത് ഗവേഷണ വിദ്യാര്‍ഥി ടി. രാജേഷ് ജാതി പീഡനത്തിനും വിവേചനത്തിനും ഇരയായെന്ന പരാതി സര്‍വകലാശാലയിലെ പട്ടികജാതി-വര്‍ഗ സെല്‍ അന്വേഷിക്കും. കന്യാകുമാരി സ്വദേശിയായ രാജേഷിന്‍െറ പരാതിയുടെ പശ്ചാത്തലത്തിലാണ് ദീര്‍ഘകാലമായി നിര്‍ജീവമായിരുന്ന ഈ സെല്‍ പുനരുജ്ജീവിപ്പിച്ചത്. അന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം സമര്‍പ്പിക്കണമന്ന് വൈസ് ചാന്‍സലര്‍ ഡോ. പി. രാജേന്ദ്രന്‍ ഇതുസംബന്ധിച്ച ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.ജാതീയ പീഡനമുണ്ടെന്ന് രാജേഷ് പരാതി നല്‍കിയിട്ടില്ലെന്നും സര്‍വകലാശാലയില്‍ എസ്.സി-എസ്.ടി സെല്‍ ആവശ്യമില്ലെന്നുമാണ് ഈ വിഷയം ഉയര്‍ന്നപ്പോള്‍ വി.സിയും രജിസ്ട്രാര്‍ ഡോ. പി.വി. ബാലചന്ദ്രനും മാധ്യമങ്ങളോട് പറഞ്ഞത്. വിഷയം രൂക്ഷമായപ്പോള്‍  സെല്‍ പുന$സംഘടിപ്പിക്കുകയും പിന്നാലെ രാജേഷിന്‍െറ പരാതി സെല്ലിന് വിടുകയും ചെയ്തത് സര്‍വകലാശാലക്ക് സ്വന്തം വാദം വിഴുങ്ങേണ്ട അവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്.വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളജിലെ അസോസിയേറ്റ് പ്രഫസര്‍ ഡോ. കെ. അജിത്കുമാര്‍ അധ്യക്ഷനായാണ് സമിതി പുന$സംഘടിപ്പിച്ചത്. രാജേഷിന്‍െറ ഗവേഷണ പ്രബന്ധത്തിന്‍െറ കരടിന് വകുപ്പധ്യക്ഷ അംഗീകാരം വൈകിപ്പിച്ചുവെന്ന പരാതി അന്വേഷിക്കാന്‍ ഈമാസം മൂന്നിന് രൂപവത്കരിച്ച സമിതിയിലും ഡോ. അജിത്കുമാര്‍ അംഗമായിരുന്നു. സമിതിയില്‍ പട്ടികജാതി അംഗം ഇല്ലെന്ന ആക്ഷേപം ഉയര്‍ന്നപ്പോഴാണ് അക്കാര്യം പറയാതെ ഡോ. അജിത്കുമാറിനെക്കൂടി ഉള്‍പ്പെടുത്തി വിപുലീകരിച്ചത്. അതിനു പിന്നാലെയാണ് അദ്ദേഹം അധ്യക്ഷനായി സെല്‍ പുന$സംഘടിപ്പിച്ചത്.
ആദ്യ സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ രാജേഷിന്‍െറ ഗവേഷണപഠനത്തിന് അനാവശ്യ താമസം വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയ മൂന്നുപേരില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ട് സര്‍വകലാശാല വെള്ളിയാഴ്ച കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. രാജേഷിന്‍െറ പരാതിയെത്തുടര്‍ന്ന് പ്ളാന്‍റ് ബ്രീഡിങ്-ജനറ്റിക്സ് വകുപ്പധ്യക്ഷ സ്ഥാനത്തുനിന്നും നീക്കപ്പെട്ട ഡോ. സി.ആര്‍. എല്‍സി, രാജേഷിന്‍െറ ഗൈഡ് ഡോ. വി.വി. രാധാകൃഷ്ണന്‍, മുന്‍ അസോസിയേറ്റ് ഡീനും പ്ളാന്‍റ് പത്തോളജി വിഭാഗം പ്രഫസറുമായ ഡോ. കോശി എബ്രഹാം എന്നിവര്‍ക്കാണ് സര്‍വകലാശാല നിയമ വിഭാഗം നോട്ടീസ് നല്‍കിയത്. 2013ല്‍ സര്‍വീസില്‍നിന്നും വിരമിച്ച ഡോ. രാധാകൃഷ്ണന്‍ ഗൈഡായി തുടരുന്നത് യു.ജി.സി വ്യവസ്ഥയനുസരിച്ച് തെറ്റായതിനാല്‍ നോട്ടീസ് നല്‍കിയത് പ്രഹസനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഡോ. എല്‍സിക്കെതിരായ പരാതി പലതവണ അറിയിച്ചിട്ടും അസോസിയേറ്റ് ഡീന്‍ ഇടപെട്ടില്ലെന്ന രാജേഷിന്‍െറ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡോ. കോശി എബ്രഹാമിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
രാജേഷിന്‍െറ പരാതി സംബന്ധിച്ച് സര്‍വകലാശാല നിയമപരമായ എല്ലാ നടപടിയും കൈക്കൊള്ളുമെന്ന് വൈസ് ചാന്‍സലര്‍ വ്യക്തമാക്കി. സുതാര്യമായ അന്വേഷണവും ശക്തമായ പരിഹാരവും ഉണ്ടാവും. ഇതിന് നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും അതിനെടുക്കുന്ന സമയം കാലതാമസമായി കാണാനാവില്ലെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.