മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; ബസ് ഡ്രൈവര്‍മാര്‍ക്ക് നിര്‍ബന്ധിത പരിശീലനം

കോഴിക്കോട്: സംസ്ഥാനത്ത് ബസുകളുടെ മത്സരയോട്ടത്തിന് കടിഞ്ഞാണിടാന്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ പരിശീലന പദ്ധതി. ഇതിന്‍െറ ഭാഗമായി ഡ്രൈവര്‍മാര്‍ക്ക്  പരിശീലനം നിര്‍ബന്ധമാക്കി. സംസ്ഥാനത്ത് ബസ് അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അതോറിറ്റിയുടെ നടപടി.

ഗതാഗത വകുപ്പിന്‍െറ റിഫ്രഷ്മെന്‍റ് കോഴ്സ് പൂര്‍ത്തിയാക്കാത്ത ഡ്രൈവര്‍മാരുള്ള ബസുകള്‍ക്ക് ഇനിമുതല്‍ പെര്‍മിറ്റ് നല്‍കേണ്ടെന്നാണ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി തീരുമാനം. അതോറിറ്റിയുടെ അംഗീകാരമുള്ള സ്ഥാപനത്തില്‍നിന്ന് പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കാത്ത ഡ്രൈവര്‍മാര്‍ ഓടിക്കുന്ന ബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കരുതെന്ന മുന്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ആര്‍. ശ്രീലേഖയുടെ നിര്‍ദേശമുള്‍പ്പെടുത്തി ഗതാഗത നിയമത്തില്‍ ഭേദഗതിയും വരുത്തും. സ്റ്റേജ് കാരേജ് ബസുകളുടെ പെര്‍മിറ്റ് പുതുക്കാനും പുതിയ പെര്‍മിറ്റ് അനുവദിക്കാനും പരിശീലനം പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. ഡ്രൈവര്‍മാരുടെ ലൈസന്‍സ്, ബാഡ്ജ് എന്നിവ പുതുക്കുന്നതിനും ഈ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും.

എടപ്പാളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയ്നിങ് ആന്‍ഡ് റിസര്‍ച് സെന്‍ററില്‍നിന്നാണ് അതോറിറ്റി നിര്‍ദേശിച്ച പരിശീലനം നേടേണ്ടത്. സംസ്ഥാനത്ത് 15,000ത്തോളം സ്വകാര്യ ബസുകളും 5000ത്തോളം കെ.എസ്.ആര്‍.ടി.സി ബസുകളുമാണ് സര്‍വിസ് നടത്തുന്നത്. ബസ് അപകടങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍, നിയമ ഭേദഗതിയിലൂടെതന്നെ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി അപകടനിരക്ക് കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.

മുന്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ആര്‍. ശ്രീലേഖ അധ്യക്ഷയായിരുന്ന സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ കഴിഞ്ഞ ജൂണിലെ യോഗത്തിലാണ് ഇതുസംബന്ധിച്ച് ചര്‍ച്ച വന്നത്. അഡ്വ. പി.എ. സലീം, ഐ.ജി മനോജ് എബ്രഹാം എന്നിവര്‍ അംഗങ്ങളായ സമിതിയാണ് ആവശ്യം മുന്നോട്ടുവെച്ചത്. 2011ല്‍ ഡല്‍ഹിയില്‍ സമാനമായ നിയമഭേദഗതി വരുത്തിയിട്ടുണ്ട്. 2013ലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേണിങ് ബോഡിയുടെ തീരുമാനപ്രകാരം 2014 മുതല്‍ തുടങ്ങിയ എടപ്പാളിലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലന പരിപാടി തുടങ്ങിയെങ്കിലും കോഴ്സില്‍ പങ്കെടുക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് മോട്ടോര്‍ വാഹന നിയമത്തിലെ 72(2) വകുപ്പില്‍ പരിശീലനം നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്.

സ്റ്റേജ് കാരേജ് ബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതു സംബന്ധിച്ച വ്യവസ്ഥകളാണ് ഈ വകുപ്പില്‍ പറയുന്നത്. ഈ വകുപ്പിലെ 24 ഉപവകുപ്പുകളിലായി ബസുകളുടെ റൂട്ട്, സമയം, ചാര്‍ജ്, വാഹനത്തിന്‍െറ വൃത്തി, യാത്രക്കാരുടെ എണ്ണം തുടങ്ങിയ കാര്യങ്ങള്‍ പറയുന്നുണ്ടെങ്കിലും ഡ്രൈവര്‍മാരുടെ യോഗ്യത പെര്‍മിറ്റിനുള്ള മാനദണ്ഡമായി വിവരിക്കുന്നില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.