കൊച്ചി: റിപ്പോര്‍ട്ടര്‍ ചാനലിനും മേധാവി എം.വി. നികേഷ് കുമാറിനുമെതിരെ കരാര്‍ ലംഘനം ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടി ഹൈകോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. ചാനലിലെ മറ്റൊരു ഡയറക്ടറായിരുന്ന തൊടുപുഴ കരിമണ്ണൂര്‍ സ്വദേശിനി ലാലി ജോസഫ് നല്‍കിയ പരാതിയില്‍ തൊടുപുഴ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് ജസ്റ്റിസ് പി.ഡി. രാജന്‍ സ്റ്റേ ചെയ്തത്. ലാഭവിഹിതം വാഗ്ദാനം ചെയ്ത് ചാനലിലെ ഓഹരിയിനത്തില്‍ ഒന്നരക്കോടി രൂപ വാങ്ങിയശേഷം കരാര്‍ പാലിക്കാതെ വഞ്ചിച്ചുവെന്ന് ആരോപിച്ചാണ് ചാനലിനും നികേഷിനും ഭാര്യയും ഡയറക്ടറുമായ റാണിക്കുമെതിരെ പരാതി നല്‍കിയത്. തൊടുപുഴ ഡിവൈ.എസ്.പി നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ 2011 മുതല്‍ സാമ്പത്തിക കാര്യങ്ങള്‍ കമ്പനി രജിസ്ട്രാര്‍ മുമ്പാകെയുണ്ടെന്നും നാല് വര്‍ഷത്തിനുശേഷം ഇപ്പോള്‍ പരാതിയുമായി വന്നിരിക്കുന്നത് ദുരുദ്ദേശ്യപരമാണെന്നും ചൂണ്ടിക്കാട്ടി നികേഷ് കുമാറും മറ്റ് പ്രതികളും കോടതിയെ സമീപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.