കണക്ക് കൊടുത്തില്ല: കാര്‍ഷിക സര്‍വകലാശാലക്ക് സര്‍ക്കാര്‍ ചില്ലിക്കാശ് അനുവദിച്ചില്ല

തൃശൂര്‍: മുന്‍ വര്‍ഷത്തെ ധനവിനിയോഗത്തിന്‍െറ കണക്ക് കൊടുക്കാത്തതിന്‍െറ പേരില്‍ കേരള കാര്‍ഷിക സര്‍വകലാശാലക്ക് 2015-‘16 സാമ്പത്തിക വര്‍ഷം പദ്ധതി ഇനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചില്ലിക്കാശ് അനുവദിച്ചില്ല. സാമ്പത്തിക വര്‍ഷം നാളെ അവസാനിക്കും എന്നിരിക്കെ ഫണ്ട് കിട്ടാത്തത് സര്‍വകലാശാലയെ പ്രതിസന്ധിയിലാക്കും. പദ്ധതി-പദ്ധതിയേതര വിഹിതവും കേന്ദ്രഫണ്ടും വകമാറ്റി ശീലിച്ച സര്‍വകലാശാലയുടെ നടപടിയാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്. പദ്ധതി വിഹിതം നയാപൈസ ലഭിക്കാത്ത അനുഭവം ഇതാദ്യമാണ്. ചൊവ്വാഴ്ച തിരുവനന്തപുരത്ത് സര്‍വകലാശാലയുടെ ബജറ്റ് അവതരണ യോഗത്തില്‍ വിഷയം ഉയര്‍ന്നെങ്കിലും മറുപടി പറയാതെ വൈസ് ചാന്‍സലര്‍ ഡോ. പി. രാജേന്ദ്രന്‍ ഒഴിഞ്ഞുമാറി. അതേസമയം, സര്‍വകലാശാലയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുന്ന സര്‍ക്കാറിനെതിരെ വി.സി ആഞ്ഞടിച്ചു.
2014-’15 സാമ്പത്തിക വര്‍ഷത്തെ ഫണ്ട് വിനിയോഗത്തിന്‍െറ ഓഡിറ്റ് ചെയ്ത കണക്ക് സര്‍വകലാശാല സര്‍ക്കാറിന് കൊടുത്തിട്ടില്ല. 2013-’14 വര്‍ഷം അനുവദിച്ച വിഹിതം വക മാറ്റിയാണ് സര്‍വകലാശാലയുടെ ധനകാര്യ വിഭാഗം വിനിയോഗിച്ചതെന്ന് അക്കൗണ്ടന്‍റ് ജനറലിന്‍െറ റിപ്പോര്‍ട്ടിലുണ്ട്. ഈ കാര്യങ്ങളില്‍ വ്യക്തത ആവശ്യപ്പെട്ട് സര്‍ക്കാര്‍ അയച്ച നാലു കത്തുകളോടും സര്‍വകലാശാല പ്രതികരിച്ചില്ല.
പദ്ധതി വിഹിതം വകമാറ്റുന്നത് സര്‍വകലാശാല പതിവാക്കിയിരിക്കുകയാണ്. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ അനുവദിച്ച 22 കോടി രൂപയുടെ വികസന ഗ്രാന്‍റും വക മാറ്റി വിനിയോഗിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള വാര്‍ഷിക പഠനയാത്രക്കുള്ള തുക പദ്ധതി-പദ്ധതിയേതര വിഹിതത്തില്‍ സര്‍ക്കാര്‍ ഉള്‍ക്കൊള്ളിക്കാറുണ്ട്. എന്നാല്‍ ഇത്തവണ ഈ തുക സര്‍വകലാശാല ഗണ്യമായി വെട്ടിച്ചുരുക്കിയതോടെ യാത്ര മുടങ്ങുമെന്ന അവസ്ഥ വന്നു. വെള്ളായണി കാര്‍ഷിക കോളജില്‍ കഴിഞ്ഞമാസം ശമ്പളം കൊടുക്കാനുള്ള തുക വക മാറ്റിയാണ് പഠനയാത്രക്ക് അനുവദിച്ചത്. അതോടെ ശമ്പള വിതരണവും മുടങ്ങി.
മറ്റു സര്‍വകലാശാലകളില്‍നിന്ന് ഭിന്നമായി കുറഞ്ഞ തുകയാണ് സര്‍ക്കാര്‍ ഗ്രാന്‍റ് അനുവദിച്ചതെന്ന് ഇന്നലെ അവതരിപ്പിച്ച ബജറ്റില്‍ സര്‍വകലാശാല ചൂണ്ടിക്കാട്ടി. ശമ്പള പരിഷ്കരണവും അധ്യാപക-അനധ്യാപക നിയമനവും ഏറ്റെടുക്കേണ്ട സാഹചര്യത്തില്‍ പ്രതിസന്ധി രൂക്ഷമാണ്. പദ്ധതി വിഹിതം ലഭ്യമാക്കുന്നതിലും സര്‍ക്കാര്‍ വീഴ്ച വരുത്തി -ബജറ്റ് പ്രസംഗത്തില്‍ വി.സി പറഞ്ഞു. കുറഞ്ഞ ചെലവില്‍ ‘നീര’ ഉല്‍പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചത് കാര്‍ഷിക സര്‍വകലാശാലയാണ്. അതിനായി അഞ്ചുകോടി അനുവദിക്കാമെന്ന് പറഞ്ഞ സര്‍ക്കാര്‍ ഒരു കോടിയാണ് നല്‍കിയത്. ഇതിന്‍െറ വില്‍പനയിലൂടെ സാമ്പത്തിക പ്രതിസന്ധി ഒരു പരിധി വരെ മറികടക്കാമെന്ന് പ്രതീക്ഷിച്ചതാണ്. നീര വിപണനത്തില്‍ നിന്ന് സര്‍വകലാശാലയെ ഒഴിവാക്കിയത് പ്രതീക്ഷ തകര്‍ത്തു.
കേന്ദ്രാവിഷ്കൃത പദ്ധതികളായ കൃഷി വിജ്ഞാന്‍ കേന്ദ്ര, അഖിലേന്ത്യാ സംയോജിത ഗവേഷണപദ്ധതി എന്നിവക്കുള്ള ഫണ്ട് വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയും സര്‍വകലാശാലയെ വെട്ടിലാക്കിയെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. പദ്ധതി നിര്‍വഹിച്ച ശേഷം ഡെവലപ്മെന്‍റ് ഗ്രാന്‍റിന്‍െറ അടങ്കല്‍ വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് വി.സി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ പുതിയ പദ്ധതികള്‍ ഉള്‍പ്പെടുത്താതെയാണ് ബജറ്റ് അവതരിപ്പിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.