ഉരുട്ടിക്കൊല: ഉദയകുമാറിന്‍െറ അമ്മക്ക് പത്ത് ലക്ഷം നഷ്ട പരിഹാരം

കൊച്ചി: പൊലീസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ ഉരുട്ടിക്കൊന്ന ഉദയകുമാറിന്‍െറ അമ്മക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈകോടതി ഉത്തരവ്. ഒരു മാസത്തിനകം സര്‍ക്കാര്‍ തുക നല്‍കണമെന്നാണ് ജസ്റ്റിസ് പി.ഡി. രാജന്‍െറ ഉത്തരവ്. ആരോപണ വിധേയരായ പൊലീസുകാര്‍ കുറ്റക്കാരാണെന്ന് കണ്ടത്തെിയാല്‍ അവരുടെ റിട്ടയര്‍മെന്‍റ് ആനുകൂല്യങ്ങളില്‍നിന്ന് ഈ തുക ഈടാക്കണം.
ഒരു മാസത്തിനകം നഷ്ടപരിഹാരം ലഭിക്കാത്ത പക്ഷം ഈടാക്കാന്‍ നിയമ നടപടികള്‍ക്ക് ഉദയകുമാറിന്‍െറ മാതാവ് പ്രഭാവതിയമ്മക്ക് ഹൈകോടതി അനുവാദം നല്‍കി. തുടരന്വേഷണത്തിന്‍െറ ഭാഗമായി സി.ബി.ഐ നടത്തിയ നടപടിക്രമങ്ങള്‍ തെറ്റാണെന്നും വിചാരണ സ്റ്റേ ചെയ്യണമെന്നുമാവശ്യപ്പെട്ട് കേസിലെ രണ്ട് പ്രതികളായ പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ ഹരജിയിലാണ് സിംഗ്ള്‍ബെഞ്ചിന്‍െറ ഉത്തരവ്.
2005 സെപ്റ്റംബര്‍ 25 ന് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഉദയകുമാര്‍ എന്ന യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഉന്നതരടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തത്. ഉദയകുമാറിന്‍െറ മാതാവിന്‍െറ പരാതിയെ തുടര്‍ന്ന് കേസ് പിന്നീട് സി.ബി.ഐ ഏറ്റെടുത്തു. കൊലപാതകത്തിലുള്‍പ്പെട്ടവരുടെ പങ്ക് മറച്ചുവെക്കാന്‍ തെളിവുനശിപ്പിക്കാനും സ്റ്റേഷന്‍ രേഖകളില്‍ തിരുത്തല്‍ വരുത്താനും ശ്രമിച്ച കേസും തുടര്‍ന്നുണ്ടായി. ഈ കേസും ആദ്യ കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘത്തെതന്നെ ഏല്‍പിച്ചു. രണ്ട് കേസുകളും ഹൈകോടതി ഉത്തരവ് പ്രകാരമാണ് സി.ബി.ഐക്ക് കൈമാറിയത്. എന്നാല്‍, ഒരു കേസിലെ പ്രതികളില്‍ ചിലരെ അടുത്ത കേസില്‍ മാപ്പുസാക്ഷിയാക്കിയാണ് സി.ബി.ഐ കുറ്റപത്രം നല്‍കിയത്. തിരുവനന്തപുരം സി.ബി.ഐ കോടതി പ്രതി ചേര്‍ത്തയാളെ തുടരന്വേഷണത്തില്‍ മാപ്പുസാക്ഷിയാക്കി മാറ്റി കൊച്ചിയിലെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച നടപടിക്രമം നിലനില്‍ക്കുന്നതല്ളെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവൈ.എസ്.പിമാരായ ഇ.കെ. സാബു, അജിത്കുമാര്‍ എന്നിവര്‍ ഹൈകോടതിയെ സമീപിച്ചത്.
കേസ് ഡയറിയും രേഖകളും പരിശോധിച്ച കോടതി കേസില്‍ വിശദമായ വാദം കേട്ടശേഷമാണ് മരണപ്പെട്ട ഉദയകുമാറിന്‍െറ മാതാവിന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. സംഭവം നടന്നിട്ട് പതിനൊന്ന് കൊല്ലമായിട്ടും ഇപ്പോഴും കേസിലെ വിചാരണ നടപടികള്‍ ആരംഭിക്കാന്‍ കഴിയാത്തതിന് ഉത്തരവാദികള്‍ പ്രതികളാണെന്ന് കോടതി വിമര്‍ശിച്ചു. വിചാരണ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് വിചാരണ കോടതിക്ക് സിംഗ്ള്‍ബെഞ്ച് നിര്‍ദേശവും നല്‍കി. ലോക്കപ്പില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്ന് സുരേഷ് -ഹരിയാന കേസിലെ വിധി ഉദ്ധരിച്ച് വ്യക്തമാക്കി. ഈ വിധിയുടെ അടിസ്ഥാനത്തിലാണ് പത്ത് ലക്ഷം നല്‍കാന്‍ ഉത്തരവിട്ടത്. ഈ ഘട്ടത്തില്‍ ഹരജിക്കാരുടെ ആവശ്യത്തില്‍ ഇടപെടല്‍ ആവശ്യമില്ളെന്ന് വ്യക്തമാക്കി സിംഗ്ള്‍ബെഞ്ച് ഹരജി തള്ളി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.