കണ്ണൂര്‍: അഴീക്കോട് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.വി. നികേഷ് കുമാര്‍, യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എം. ഷാജി എന്നിവരുടെ പത്രികകള്‍ അംഗീകരിച്ചത് സങ്കീര്‍ണമായ നിയമ സാങ്കേതികത്വത്തിനൊടുവില്‍. ഷാജിക്ക് രണ്ട് പാന്‍ കാര്‍ഡുകളുണ്ടെന്നതും കഴിഞ്ഞ തവണ കാണിച്ച ഭൂമിവില കുറച്ചാണ് ഇത്തവണ കാണിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് എല്‍.ഡി.എഫ് പത്രിക തള്ളാനാവശ്യപ്പെട്ടത്.
രണ്ട് ക്രിമിനല്‍ കേസുകള്‍, പി.എഫ് കുടിശ്ശിക, കോടികളുടെ സര്‍വിസ് ടാക്സ് അടച്ചില്ല എന്നിവ സംബന്ധിച്ച വിവരങ്ങള്‍ നികേഷ് മറച്ചുവെച്ചതാണ് യു.ഡി.എഫ് അയോഗ്യതയായി ചൂണ്ടിക്കാട്ടിയത്. രണ്ടുപക്ഷത്തും അഭിഭാഷകര്‍ അണിനിരന്ന് കോടതിക്ക് തുല്യമായ വാദ-മറുവാദങ്ങളുന്നയിച്ചു. ഒടുവില്‍ എല്ലാം രേഖപ്പെടുത്തിയശേഷമാണ് തീരുമാനമെടുപ്പിച്ചത്. ധനവിനിയോഗം സംബന്ധിച്ച ആധികാരിക രേഖയായ പാന്‍കാര്‍ഡ് ഒരാള്‍ക്ക് ഒരെണ്ണമേ ഉണ്ടാകാന്‍ പാടുള്ളൂ എന്നിരിക്കെയാണ് ഷാജി രണ്ടു പാന്‍കാര്‍ഡുകള്‍ കൈവശം വെക്കുന്നതെന്നാണ് വാദം. നാമനിര്‍ദേശ പത്രികയില്‍ തന്‍െറ പാന്‍കാര്‍ഡ് നമ്പര്‍ EDWPK6273A എന്നാണ് ഷാജി രേഖപ്പെടുത്തിയത്. എന്നാല്‍, ഇതിനുപുറമേ APQPK1630A എന്ന നമ്പറുള്ള പാന്‍കാര്‍ഡ് കൂടി ഷാജിക്ക് ഉണ്ടെന്ന് ഇടതു നേതാക്കള്‍ വാദിച്ചു. ഗുരുതരമായ ക്രിമിനല്‍ കുറ്റമായതിനാല്‍ ഷാജിയുടെ പത്രിക സ്വീകരിക്കരുതെന്നതായിരുന്നു അവരുടെ ആവശ്യം.
ഈ വിഷയത്തില്‍ രേഖകള്‍ ഹാജരാക്കാനും കൂടുതല്‍ വാദത്തിനും സൂക്ഷ്മപരിശോധന ഉച്ചക്കുശേഷം തുടര്‍ന്നു. തന്‍െറ ഒന്നാമത്തെ പാന്‍കാര്‍ഡ് റദ്ദാക്കിയെന്നായിരുന്നു ഷാജിയുടെ വാദം. ആദ്യത്തേത് നഷ്ടപ്പെട്ടതായി കാണിച്ചുതന്നെയാണ് പുതിയത് വാങ്ങിയതെന്നും ഒരേസമയം രണ്ടു കാര്‍ഡ് ഉപയോഗിച്ചിട്ടില്ളെന്നും ഷാജിക്കുവേണ്ടി ഹാജരായ അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം വാദിച്ചു. ഷാജിയുടെ സ്വത്ത് സംബന്ധിച്ച കാര്യങ്ങളിലെ ക്രമക്കേടും ഇടതുപക്ഷം തടസ്സവാദമായി ഉന്നയിച്ചിരുന്നു. വയനാട് വൈത്തിരി താലൂക്കില്‍ മൂപ്പനാട് മൂന്നേക്കര്‍ എഴുപത്തിമൂന്ന് സെന്‍റ് ഭൂമി 5,85,000 രൂപക്ക് വാങ്ങിയെന്നായിരുന്നു 2011ലെ സത്യവാങ്മൂലത്തില്‍ പറഞ്ഞത്. ഇത്തവണ അതേ ഭൂമിയുടെ വാങ്ങിയ വില 4,12,000 രൂപ എന്നാണ് രേഖപ്പെടുത്തിയത്. കുറഞ്ഞ തുക രേഖപ്പെടുത്തി തെറ്റായ വിവരം നല്‍കി ഷാജി തെരഞ്ഞെടുപ്പ് കമീഷനെ കബളിപ്പിച്ചെന്നാണ് ആരോപണം.
2011ലെ സത്യവാങ്മൂലത്തില്‍ കണിയാമ്പറ്റയില്‍ ഷാജിക്കുള്ള രണ്ട് വസ്തുക്കള്‍ക്ക് മതിപ്പുവില 26 ലക്ഷം രൂപയായിരുന്നു. ഇത്തവണ അതേ വസ്തുക്കള്‍ക്ക് മതിപ്പുവില മൂന്നുലക്ഷം മാത്രമാണ് രേഖപ്പെടുത്തിയത്. ഇതും കമീഷനെ കബളിപ്പിക്കുന്നതിനു തുല്യമാണെന്ന് ഇടതുമുന്നണി നേതാക്കള്‍ വാദിച്ചു. ഷാജിയുടെ വിദ്യാഭ്യാസ യോഗ്യത ഒരിടത്ത് ബി.ബി.എ (നോട്ട് കംപ്ളീറ്റഡ്) എന്നും മറ്റൊരിടത്ത് ബി.ബി.എം (നോട്ട് കംപ്ളീറ്റഡ്) എന്നും രേഖപ്പെടുത്തിയതും ക്രമക്കേടായി ഉന്നയിക്കപ്പെട്ടു. 2011ല്‍ 18 ലക്ഷം വില കാണിച്ച സ്വത്തിന് ഇപ്പോള്‍ ഒരുലക്ഷം വില കാണിച്ചതും നേരത്തേ 5,85,000 രൂപക്ക് വാങ്ങിയ മറ്റൊരു സ്വത്തിന് ഇപ്പോള്‍ 4,12,000 രൂപ കാണിച്ചതും യഥാര്‍ഥ വിലയാണെന്നും അദ്ദേഹം വ്യക്തമാക്കി. നികേഷ് കുമാറിനെതിരെ രണ്ട് ക്രിമിനല്‍ കേസുകള്‍ മറച്ചുവെച്ചതാണ് യു.ഡി.എഫ് ഉന്നയിച്ച അയോഗ്യത. ജീവനക്കാരുടെ പി.എഫ് തുകയും സര്‍വിസ് ടാക്സും അടക്കാത്തതും റിപ്പോര്‍ട്ടര്‍ ചാനലിലെ ഓഹരി മൂല്യം കുറച്ചു കാണിച്ചതും ചൂണ്ടിക്കാണിക്കപ്പെട്ടു. ജീവനക്കാരില്‍നിന്ന് പിരിച്ചെടുത്ത പി.എഫ് അടക്കാത്തത് പത്രികയില്‍ കാണിച്ചിട്ടില്ല. 15 ലക്ഷം രൂപയോളം പി.എഫ് കുടിശ്ശികവരും. സര്‍വിസ് ടാക്സ് അടക്കാത്തതും കാണിച്ചിട്ടില്ല. അത് കോടികളാണ്.
മന്‍സൂര്‍ എന്ന വ്യക്തി നല്‍കിയ ക്രമിനില്‍ കേസില്‍ ഹൈകോടതിയില്‍നിന്ന് ജാമ്യം എടുത്തിട്ടുണ്ട്. എന്നാല്‍, ഇക്കാര്യവും ഒരു സ്ത്രീ തൊടുപുഴ കോടതിയില്‍ നല്‍കിയ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതും സത്യവാങ്മൂലത്തില്‍ മറച്ചുവെച്ചെന്ന് യു.ഡി.എഫ് ചൂണ്ടിക്കാട്ടി. കമ്പനിയിലെ ഓഹരി മൂല്യം 100 രൂപയെന്നാണ് സത്യവാങ് മൂലത്തില്‍ കാണിച്ചത്. എന്നാല്‍, കഴിഞ്ഞമാസം സര്‍ക്കാറില്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഇത് 750 രൂപയാണെന്ന് കാണിച്ചതെന്നും ഇവര്‍ വാദിച്ചു. രണ്ടരലക്ഷത്തിന്‍െറ ഓഹരിയാണ് നികേഷ് കുമാറിന് ചാനലിലുള്ളത്. ഇതിന് യാഥാര്‍ഥത്തില്‍ ഒരു ഓഹരിക്ക് 750 രൂപ മൂല്യം കണക്കാക്കിയാല്‍ 18.75 കോടി രൂപവരുമെന്നാണ് യു.ഡി.എഫ് വാദം. നികേഷ്കുമാറിനുവേണ്ടി അഡ്വ. പി.പി. വേണു ഹാജരായി.
രാവിലെ 11ന് തുടങ്ങിയ തര്‍ക്കം നീണ്ടതിനെ തുടര്‍ന്ന് ഒടുവില്‍ മറ്റു സ്ഥാനാര്‍ഥികളുടെ പത്രിക പരിശോധന ആരംഭിച്ചു. പിന്നീട് ജില്ലാ വരണാധികാരിയുമായും സംസ്ഥാന വരണാധികാരിയുമായും കൂടിയാലോചിച്ചശേഷം അഴീക്കോട് മണ്ഡലം വരണാധികാരി എം.ജെ. മൈക്കിള്‍ ഇരുവരുടെയും പത്രിക സ്വീകരിക്കുകയായിരുന്നു. തര്‍ക്കമുണ്ടെങ്കില്‍ നിയമപരമായി കോടതിയെ സമീപിക്കാമെന്ന് അദ്ദേഹം ഇരുപക്ഷത്തെയും അറിയിച്ചു. കെ.എം. ഷാജിക്കെതിരെ എല്‍.ഡി.എഫ് നല്‍കിയ രേഖകള്‍ റിട്ടേണിങ് ഓഫിസര്‍ സ്വീകരിച്ച പശ്ചാത്തലത്തില്‍ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനെയും കോടതിയെയും സമീപിക്കുമെന്ന് എല്‍.ഡി.എഫ് അഴീക്കോട് മണ്ഡലം കമ്മിറ്റി കണ്‍വീനര്‍ എം. പ്രകാശന്‍ മാസ്റ്റര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.