മണ്ണാര്‍ക്കാട്ടൊഴിച്ച് പിന്തുണച്ചവരെല്ലാം ജയിച്ചു-കാന്തപുരം

ദുബൈ: കേരളത്തിന്‍െറ പൊതുവികാരത്തിനനുസരിച്ചുള്ള തെരഞ്ഞെടുപ്പ് ഫലമാണ് പുറത്ത് വന്നിരിക്കുന്നതെന്നും ആ പൊതുവികാരത്തിനനുസരിച്ചാണ് സുന്നികളും നിലകൊണ്ടതെന്നും അഖിലേന്ത്യ സുന്നി ജംഇയ്യുല്‍ ഉലമ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍. മണ്ണാര്‍ക്കാട്ടൊഴിച്ച് തങ്ങള്‍ പിന്തുണച്ച സ്ഥാനാര്‍ഥികളെല്ലാം വിജയിച്ചതായി അദ്ദേഹം ദുബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുസ് ലിം ലീഗ് ഉള്‍പ്പെടെ പ്രത്യേകമായി ഒരു വിഭാഗത്തിനെതിരെയും ഈ തെരഞ്ഞെടുപ്പില്‍  നിലപാട് എടുത്തിട്ടില്ല. ചില വ്യക്തികള്‍ക്കെതിരെ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ആ നിലപാട് അണികള്‍ക്ക് സംഘടനാ ചാനലിലൂടെ എത്തിച്ചുകൊടുത്തിട്ടുണ്ട്. അതില്‍ മണ്ണാര്‍ക്കാട് മാത്രമാണ് പരാജയപ്പെട്ടത്. കുന്ദമംഗലം,കൊടുവള്ളി,തിരുവമ്പാടി,ബാലുശ്ശേരി തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം തങ്ങള്‍ പിന്തുണച്ചവരാണ് വിജയിച്ചത്.

മര്‍കസിലെ പൂര്‍വ വിദ്യാര്‍ഥി മണ്ണാര്‍ക്കാട്ട് കൊല്ലപ്പെട്ട സംഭവത്തില്‍ അതിന് കൂട്ടുനിന്നയാളെ തോല്‍പ്പിക്കണമെന്ന് മര്‍കസ് പൂര്‍വവിദ്യാര്‍ഥി സമ്മേളനത്തിലാണ് ഞാന്‍ അഭിപ്രായപ്പെട്ടത്. അല്ലാതെ അത് പ്രഖ്യാപനമായോ പ്രസ്താവനയായോ  പറഞ്ഞിട്ടില്ല. ആ യോഗത്തിന്‍െറ വികാരം തന്നെ വേദനിപ്പിച്ചപ്പോഴാണ് കൊലപാതക രാഷ്ട്രീയത്തെ പിന്തുണക്കുന്നവരെ പരാജയപ്പെടുത്തണമെന്ന് പറഞ്ഞത്. എന്നാല്‍ അദ്ദഹേം ജയിച്ചു. എന്നാല്‍ മണ്ണാര്‍ക്കാട്ടെ ബി.ജെ.പി വോട്ട് എങ്ങോട്ടാണ് പോയതെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് കാന്തപുരം കൂട്ടിച്ചേർത്തു.  

ബി.ജെ.പി അക്കൗണ്ട് തുറന്നത് മതേതര വോട്ടുകള്‍ ഭിന്നിച്ചതുകൊണ്ടാണ്. മുസ്ലിംവോട്ട് ലക്ഷ്യമാക്കിയുള്ള ചെറിയ കക്ഷികളും അതിന് കാരണമായിരിക്കാമെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദഹേം പറഞ്ഞു. അതുകൊണ്ട് അടുത്ത തെരഞ്ഞെടുപ്പില്‍ മുസ് ലിംകളെല്ലാം ഒറ്റ കക്ഷിയായി നില്‍ക്കണമെന്നും നിങ്ങള്‍ നിര്‍ബന്ധിച്ചാല്‍ താന്‍ മുന്നില്‍ നില്‍ക്കാമെന്നും അദ്ദഹേം ചിരിച്ചുകൊണ്ടു പറഞ്ഞു. കേരളത്തില്‍ ചില ഭാഗങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് വിശേഷിച്ച് സുന്നി വിഭാഗത്തിന് ചില കയ്പേറിയ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പുതിയ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിഷ്പക്ഷവും നീതിയുക്തവുമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിന്‍െറ വികസന കാര്യത്തില്‍ അതിവേഗ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. തൊഴിലില്ലായ്മയും ദാരിദ്ര്യവും ഇല്ലാതാക്കാന്‍ ജന പങ്കാളിത്തത്തോട് കൂടിയുള്ള വികസന അജണ്ടയാണ് നടപ്പാക്കേണ്ടത്. കേവലം റോഡുകളും പാലങ്ങളും മാത്രമല്ല വികസനം. നഗരത്തിനും ഗ്രാമത്തിനും ഒരേപോലെ സൗകര്യങ്ങള്‍ ലഭ്യമാകുന്ന, തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്തുന്ന വികസനമാണ് അഭികാമ്യം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനുള്ള നിയമ നൂലാമാലകള്‍ ഇല്ലാതാക്കണം. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഉന്നത പഠനത്തിന് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്. ഇത് പരിഹരിക്കാന്‍ നടപടികള്‍ ഉണ്ടാവണം.

പ്രവാസികളുടെ പ്രശ്ന പരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ തേടേണ്ടതുണ്ട്. പുതിയ മുഖ്യമന്ത്രിയും  മന്ത്രിമാരും കേരളീയര്‍ ധാരാളമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും മലയാളികളോട് സംവദിക്കുകയും വേണം. കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പെടുത്തുന്നതിന് ഭരണകൂടം മുന്‍കൈയെടുക്കണം. കേരളത്തില്‍ അറബിക് സര്‍വകലാശാല തുടങ്ങുന്നതിനുള്ള തീരുമാനം നടപ്പിലാക്കണം. സ്ത്രീസുരക്ഷക്കായി കര്‍മ പദ്ധതികളും നടപടികളും ഉണ്ടാവേണ്ടതുണ്ടെന്നും സ്ത്രീകള്‍ക്കുനേരെ സമീപകാലത്തായി വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ ആശങ്കാജനകമാണെന്നും കാന്തപുരം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.