അതൃപ്തിയുമായി ഘടകകക്ഷികളും; കോണ്‍ഗ്രസില്‍ പടയൊരുക്കം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ്തോല്‍വിക്കുപിന്നാലേ കോണ്‍ഗ്രസില്‍ നേതൃത്വത്തിനെതിരെ പടയൊരുക്കം. പരാജയപ്പെട്ടവര്‍ നേതൃതലത്തിലെ ഭിന്നതയും കാലുവാരലും ഉള്‍പ്പെടെയുള്ള ആരോപണങ്ങളുമായി രംഗത്തിറങ്ങി. പാര്‍ലമെന്‍ററി നേതൃത്വത്തിനൊപ്പം പാര്‍ട്ടിനേതൃത്വത്തിലും പുന$സംഘടന വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. വിഴുപ്പലക്കലുമായി കൂടുതല്‍ നേതാക്കള്‍ രംഗത്തുവന്നതിനുപിന്നാലേ പരസ്യപ്രസ്താവനയില്‍നിന്ന് പിന്മാറണമെന്ന കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍െറ ആവശ്യം അംഗീകരിക്കാന്‍ പലരും തയാറായിട്ടില്ല. അതൃപ്തിയുടെ സൂചന നല്‍കി ഘടകകക്ഷികളും രംഗത്തുവന്നു.
അഞ്ചുപതിറ്റാണ്ടിനുശേഷമുണ്ടായ ഏറ്റവും വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിട്ടതെങ്കിലും നേതാക്കള്‍ ഇപ്പോഴും സ്ഥാനങ്ങള്‍ ഉറപ്പാക്കാനുള്ള തത്രപ്പാടിലാണ്. പ്രതിപക്ഷനേതൃസ്ഥാനത്തിന് മുഖ്യഗ്രൂപ്പുകള്‍ നിഴല്‍യുദ്ധം ആരംഭിച്ചുകഴിഞ്ഞു. പാര്‍ലമെന്‍ററിപാര്‍ട്ടിയില്‍ മേധാവിത്വം കിട്ടിയ ‘ഐ’ പക്ഷം രമേശ് ചെന്നിത്തലയെ പ്രതിപക്ഷനേതൃസ്ഥാനത്ത് എത്തിക്കാനുള്ള ശ്രമത്തിലാണ്. അതേസമയം, ഉമ്മന്‍ ചാണ്ടിയെ മാറ്റുന്നത് മൗഢ്യമായിരിക്കുമെന്ന് അദ്ദേഹത്തിന്‍െറ വിശ്വസ്തനും ‘എ’ ഗൂപ് നേതാവുമായ കെ. ബാബു മുന്നറിയിപ്പ് നല്‍കി. ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കാന്‍ ഐ പക്ഷം ശ്രമിച്ചാല്‍ ചെന്നിത്തലക്ക് പകരം ഐയില്‍നിന്ന് മറ്റൊരാളെ നിര്‍ദേശിച്ച് തിരിച്ചടിക്കാന്‍ ‘എ ’പക്ഷം മുതിര്‍ന്നേക്കുമെന്നും സൂചനയുണ്ട്. അങ്ങനെയെങ്കില്‍  പുതിയ ഗ്രൂപ് സമവാക്യങ്ങളും രൂപപ്പെടും.

കെ.പി.സി.സി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ പരസ്യവിഴുപ്പലക്കലുമായി രംഗത്തുണ്ട്.  സ്ഥാനാര്‍ഥിനിര്‍ണയത്തിലെ യോജിപ്പില്ലായ്മ തെറ്റായ സന്ദേശമാണ് നല്‍കിയതെന്നും ഒത്തൊരുമയെന്ന ഹൈകമാന്‍ഡിന്‍െറ  നിര്‍ദേശം പാലിക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ളെന്നും പറഞ്ഞ് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ഡി. സതീശനാണ് ആദ്യവെടി പൊട്ടിച്ചത്. വിവാദങ്ങള്‍ പരാജയത്തിന്‍െറ ആക്കം വര്‍ധിപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു. തനിക്കെതിരെ വി.എം. സുധീരന്‍ സ്വീകരിച്ച നിലപാടിനെതിരെയാണ് കെ. ബാബുവിന്‍െറ വിമര്‍ശം. പാര്‍ട്ടിക്ക് വേണ്ടാത്തയാളെന്ന പ്രചാരണം ഉണ്ടാകാന്‍ ഈ നിലപാട് കാരണമായെന്നാണ് അദ്ദേഹത്തിന്‍െറ പരാതി. കാലുവാരിയെന്ന ആക്ഷേപമാണ് തൃശൂരില്‍ തോറ്റ പത്മജ വേണുഗോപാലിന്‍േറത്. ജില്ലയിലെ മുതിര്‍ന്ന നേതാക്കളായ തേറമ്പില്‍ രാമകൃഷ്ണനെയും സി.എന്‍. ബാലകൃഷ്ണനെയുമാണ് അവര്‍ ഉന്നമിട്ടത്. എന്നാല്‍, ഇതിനെതിരെ തേറമ്പിലും ബാലകൃഷ്ണനും രംഗത്തുവന്നിട്ടുണ്ട്.
താന്‍കൂടി ഉള്‍പ്പെട്ട ഗ്രൂപ്പിലെ ചിലരുടെ സ്വാര്‍ഥതാല്‍പര്യമാണ് പരാജയകാരണമെന്ന് കൊച്ചിയില്‍ തോറ്റ ഡൊമിനിക് പ്രസന്‍േറഷന്‍ ചൂണ്ടിക്കാട്ടി. ആറന്മുളയില്‍ തിരിച്ചടിനേരിട്ട കെ. ശിവദാസന്‍ നായര്‍ ജില്ലാ നേതൃത്വത്തെയാണ് കുറ്റപ്പെടുത്തുന്നത്. നിഷ്ക്രിയമായ ഡി.സി.സി നേതൃത്വം മാറണമെന്നും  അദ്ദേഹം പറഞ്ഞു. ചാത്തന്നൂരില്‍ ശൂരനാട് രാജശേഖരന്‍െറ നാണംകെട്ട തോല്‍വിക്ക് കാരണം അദ്ദേഹത്തിന്‍െറ പ്രവൃത്തിയാണെന്ന വിമര്‍ശമാണ് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന്‍ നടത്തിയത്. ആരോപണവിധേയരെ മാറ്റണമെന്ന സുധീരന്‍െറ നിര്‍ദേശം അനുസരിക്കാതിരുന്നത് കുഴപ്പമായെന്ന പരാതിയാണ് ആലപ്പുഴയില്‍ പരാജയപ്പെട്ട ലാലി വിന്‍സെന്‍റിന്‍േറത്. തോറ്റവരില്‍ അവര്‍ മാത്രമാണ് സുധീരനെ പിന്തുണച്ചത്.

 കെ. മുരളീധരനും എം.കെ. രാഘവന്‍ എം.പിയും സംഘടനാപരമായ ദൗര്‍ബല്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടിയിരിക്കുന്നത്. തോല്‍വിയുടെ ഉത്തരവാദിത്തം ഏതെങ്കിലും ഒരാളില്‍ കെട്ടിവെക്കുന്നതിനോട് വിയോജിച്ച മുരളി,  ഇക്കാര്യത്തില്‍ കൂട്ടുത്തരവാദിത്തമാണുള്ളതെന്ന് പറയുന്നു.  ജംബോ കമ്മിറ്റികള്‍ക്കെതിരെ രംഗത്തുവന്ന രാഘവന്‍, അവ പിരിച്ചുവിട്ട് പകരം ജനങ്ങളുമായി ബന്ധമുള്ളവരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടു. അതിനിടെ തോല്‍വിയില്‍ അതൃപ്തിയുമായി ഘടകകക്ഷികളും രംഗത്തത്തെിയിട്ടുണ്ട്. തിരുവല്ലയിലെ തോല്‍വിക്ക് കാരണമായി മാണിഗ്രൂപ് വിരല്‍ചൂണ്ടുന്നത് പ്രഫ. പി.ജെ. കുര്യനെതിരെയാണ്. മാണി ഇക്കാര്യം പരസ്യമായി പറഞ്ഞുകഴിഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.