ഹൗസിങ് ബോര്‍ഡ് അപാര്‍ട്ട്മെന്‍റ് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നത് തടയണം –ഹൈകോടതി

കൊച്ചി: പാര്‍പ്പിടാവശ്യത്തിനുള്ള പദ്ധതിയുടെ ഭാഗമായി ഹൗസിങ് ബോര്‍ഡ് നിര്‍മിച്ച അപാര്‍ട്ട്മെന്‍റുകള്‍ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നത് തടയണമെന്ന് ഹൈകോടതി. ഹൗസിങ് ബോര്‍ഡ് സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറിയ അപാര്‍ട്ട്മെന്‍െറുകളാണെങ്കിലും അവ പാര്‍പ്പിടാവശ്യത്തിനല്ലാതെ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഒഴിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് ഷാജി പി. ചാലി ഉത്തരവിട്ടു.
ഉടമസ്ഥാവകാശം കൈമാറിയാലും ഹൗസിങ് ബോര്‍ഡിന്‍െറ നിയന്ത്രണം നഷ്ടപ്പെടുന്നില്ളെന്നും കരാര്‍ ലംഘനങ്ങളുണ്ടായാല്‍ ഇടപെടാനുള്ള ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. കൊല്ലം ചിന്നക്കടയിലെ ഹൗസിങ് ബോര്‍ഡിന്‍െറ റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്‍റുകള്‍ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത് അപാര്‍ട്ട്മെന്‍റിലെ താമസക്കാരായ  പ്രവീണ്‍ ഡി ദേവ്, ഡാല്‍കിന്‍ കാര്‍മെലൈറ്റ് ഡിക്രൂസ എന്നിവര്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കരുതെന്ന് അപ്പാര്‍ട്ട്മെന്‍റുകള്‍ കൈമാറിയപ്പോള്‍ തയാറാക്കിയ കരാറിന്‍െറ 19ാം വകുപ്പില്‍ വ്യക്തമാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്. പാര്‍പ്പിട മേഖലയില്‍ ഇത്തരം വാണിജ്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കുടുംബമായി താമസിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. സ്വകാര്യതയെയും സുരക്ഷയെയും ബാധിക്കുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പാര്‍പ്പിടാവശ്യത്തിന് നിര്‍മിച്ച കെട്ടിടങ്ങള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ളെന്ന വ്യവസ്ഥയുള്ളതായി കോടതി ചൂണ്ടിക്കാട്ടി. പാര്‍പ്പിടാവശ്യത്തിനുള്ള അപ്പാര്‍ട്ടുമെന്‍റുകളെന്ന നിലക്ക് താമസക്കാരുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കാന്‍ ഹൗസിങ് ബോര്‍ഡ് ബാധ്യസ്ഥരാണ്. ഈ സാഹചര്യത്തില്‍ വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്ന ചിന്നക്കടയിലെ അപാര്‍ട്ട്മെന്‍റുകളുടെ പ്രവര്‍ത്തനം തടയണമെന്നും  ഉടമകള്‍ക്കെതിരെ നടപടി വേണമെന്നും കോടതി ഉത്തരവിട്ടു. മൂന്ന് മാസത്തിനുള്ളില്‍ നടപടിയുണ്ടാവണം. അതേസമയം അപാര്‍ട്ട്മെന്‍റില്‍ താമസിക്കുന്നവര്‍ തൊഴിലുമായി ബന്ധപ്പെട്ട ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് വാണിജ്യമായി കാണരുതെന്നും അഭിഭാഷകര്‍ അടക്കമുള്ള പ്രഫഷനലുകള്‍ക്കെതിരെ നടപടി പാടില്ളെന്നും കോടതി നിര്‍ദേശിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.