പാലക്കാട്: തദ്ദേശ സ്ഥാപനങ്ങളുടെ ധനസഹായത്തോടെ നിർമിച്ച വീടുകൾ മുൻകൂർ അനുമതിയില്ലാതെ കൈമാറ്റം ചെയ്യാൻകഴിയുന്ന സമയപരിധി 12 വർഷമാക്കി. ഏഴു വർഷമായിരുന്നത് നീട്ടിയുള്ള ഭേദഗതി ഉത്തരവ് പുറത്തിറങ്ങി. ലൈഫ് ഉൾപ്പെടെ ഭവനപദ്ധതികളിലെ വീടുകൾക്ക് ഉത്തരവ് ബാധകമാകും. അതേസമയം ഒഴിച്ചുകൂടാനാകാത്ത സാഹചര്യത്തിൽ വീട്, ഭൂമി പണയപ്പെടുത്തി ബാങ്ക് വായ്പ എടുക്കാമെന്നും വ്യാഴാഴ്ച ഇറങ്ങിയ തദ്ദേശവകുപ്പ് ഉത്തരവിലുണ്ട്.
വീടുകൾ വിൽക്കേണ്ടിവരുമ്പോഴുള്ള നൂലാമാലകൾ ഒഴിവാക്കാൻ കഴിഞ്ഞ ജൂലൈ ഒന്നിന് പുറത്തിറങ്ങിയ പൊതുമാനദണ്ഡങ്ങളിലാണ് ഭേദഗതി വരുത്തിയത്. ലൈഫ് മിഷൻ, പി.എം.എ.വൈ (അർബൻ), പി.എം.എ.വൈ (ഗ്രാമീൺ), തദ്ദേശ സ്ഥാപനങ്ങളുടെ ധനസഹായം എന്നിങ്ങനെ നിർമിക്കുന്ന വീടുകൾക്കാണ് ഭേദഗതി ബാധകമാകുക. അവസാന ഗഡു തുക കൈപ്പറ്റിയത് മുതലുള്ള 12 വർഷമാണ് കണക്കാക്കുക.
ഭവന പദ്ധതി കരാർ 12 വർഷമാക്കിയ സാഹചര്യത്തിൽ അതിനു മുമ്പ് വീട് വിൽക്കണമെങ്കിൽ കരാർ റദ്ദാക്കേണ്ട സാഹചര്യമുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ അപേക്ഷകൻ കൈപ്പറ്റിയ തുക ഒമ്പത് ശതമാനം പലിശ നിരക്കിൽ തിരിച്ചടക്കണം.
ഈ ഗുണഭോക്താവിനെ അഞ്ച് വർഷം തദ്ദേശ ഭവന പദ്ധതികളിലേക്ക് പരിഗണിക്കില്ല. ഒഴിച്ചുകൂടാനാകാത്ത സാഹചര്യത്തിൽ വീട് വിൽക്കേണ്ടിവന്നാൽ അക്കാര്യത്തിൽ തീരുമാനമെടുക്കാൻ കലക്ടർ ചെയർമാനായി ജില്ല സമിതി രൂപവത്കരിച്ച് ഉത്തരവ് ഇറങ്ങിയിരുന്നു.ചികിത്സ, ഗുണഭോക്താവിന്റെ മരണം, മക്കളുടെ വിവാഹം തുടങ്ങിയ ഘട്ടങ്ങളിൽ വീട് കൈമാറ്റം ചെയ്യാനുള്ള സാധ്യത തേടി നൂറുകണക്കിന് അപേക്ഷകളാണ് തദ്ദേശ സ്ഥാപനങ്ങളിൽ കെട്ടിക്കിടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.