തൃശൂര്‍: സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസുകള്‍ വര്‍ധിക്കുന്നു. പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് (പോക്സോ) നിയമപ്രകരം സംസ്ഥാനത്ത് നാല് മാസത്തിനിടെ 638 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു. രജിസ്റ്റര്‍ ചെയ്യാത്ത ഒട്ടേറെ സംഭവങ്ങള്‍ വേറെയുമുണ്ട്. പ്രത്യേക കോടതികള്‍ക്ക് രൂപംനല്‍കിയിട്ടും ഇത്തരം കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം നേരിടുകയാണ്.
‘പോക്സോ’ പ്രകാരം ജനുവരിയില്‍ 174ഉം ഫെബ്രുവരിയില്‍ 173ഉം മാര്‍ച്ചില്‍ 149ഉം ഏപ്രിലില്‍ 142ഉം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍. തലസ്ഥാനജില്ലയില്‍ നഗരപരിധിയില്‍ 31ഉം റൂറല്‍ പരിധിയില്‍ 66ഉം ഉള്‍പ്പെടെ 97 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മലപ്പുറം- 75, കൊല്ലം- 50, പത്തനംതിട്ട- 22, ആലപ്പുഴ- 34, കോട്ടയം- 37, ഇടുക്കി- 30, എറണാകുളം സിറ്റി- 17, റൂറല്‍ -39, തൃശൂര്‍ സിറ്റി- 15, റൂറല്‍- 44, പാലക്കാട് -35, കോഴിക്കോട് സിറ്റി- 18, റൂറല്‍- 26, വയനാട്- 26, കണ്ണൂര്‍- 42, കാസര്‍കോട് -30, റെയില്‍വേ- ഒന്ന് എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ കണക്ക്.
രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ വിചാരണനടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ ശിക്ഷിക്കുന്നതില്‍ വലിയ കാലതാമസമുണ്ടാകുന്നുണ്ട്. ഓരോ ജില്ലയിലും വിരലിലെണ്ണാവുന്ന പ്രതികളെ മാത്രമാണ് ശിക്ഷിച്ചത്. ഗ്രാമീണ, തീരദേശ മേഖലകളിലാണ് ഇത്തരം കേസുകള്‍ കൂടുതലായി രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്ന് കുട്ടികള്‍ ലൈംഗികാതിക്രമം നേരിടുന്നു. സ്കൂളുകളില്‍ കൗണ്‍സലര്‍മാര്‍ക്ക് മുന്നില്‍ നിരവധി പരാതികള്‍ എത്താറുണ്ടെങ്കിലും പലപ്പോഴും കേസാകാറില്ല.
2012ല്‍ ‘പോക്സോ’ നിലവില്‍ വന്നെങ്കിലും 2014 അവസാനിക്കുമ്പോഴും കേരളത്തില്‍ ഇതുപ്രകാരം ആരും ശിക്ഷിക്കപ്പെട്ടിരുന്നില്ല. പ്രത്യേകകോടതി കേസ് പരിഗണിക്കണമെന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ തലയൂരിയിരുന്നത്. കഴിഞ്ഞവര്‍ഷം പ്രത്യേക കോടതികള്‍ കേസുകള്‍ പരിഗണിച്ചു തുടങ്ങിയെങ്കിലും നടപടിക്രമങ്ങള്‍ ഇഴയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.