കോട്ടക്കലിൽ ബസപകടം; സംഘർഷം, ലാത്തിചാർജ്

കോട്ടക്കൽ: ദേശീയപാതയിൽ ചങ്കുവെട്ടിക്ക് സമീപം സ്വകാര്യബസ് ബൈക്കിലിടിച്ച് രണ്ടുപേർക്ക് പരിക്ക്. തുടർന്നുണ്ടായ സംഘർഷത്തിലും ലാത്തിചാർജിലും ഒരാൾക്ക് പരിക്കേറ്റു. കോക്കൂർ സ്വദേശി പ്രദീഷ്കുമാർ(24), കുന്ദംകുളം സ്വദേശി ഹബീബ്(23) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ പ്രദീഷ്കുമാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തെ തുടർന്നുണ്ടായ ലാത്തിച്ചാർജിൽ സ്വാഗതമാട് സ്വദേശി വാസുവിന് പരിക്കേറ്റു.

രാവിലെ 10.45ഓടെയാണ് അപകടമുണ്ടായത്. ഗുരുവായൂരിലേക്ക് പോകുന്ന ഹിദ എന്ന ബസാണ് അപകടകാരണമെന്ന് ആരോപിച്ച് നാട്ടുകാർ ബസ് അടിച്ച് തകർത്തു. രോഷാകുലരായ നാട്ടുകാർ മണിക്കൂറുകളോളം ദേശീയപാത ഉപരോധിച്ചു. പാലത്തറ മാതൃഭൂമി ഓഫിസിന് മുമ്പിലായിരുന്നു അപകടം. സംഘർത്തിന്‍റെ ഫോട്ടോ എടുക്കാൻ ശ്രമിച്ച മാധ്യമ പ്രവർത്തകരെയും നാട്ടുകാർ തടഞ്ഞു.

എന്നാൽ, മാതൃഭൂമിയുടെ ഫോട്ടോഗ്രാഫർ ഫോട്ടോ എടുത്തുവെന്നാരോപിച്ച് നാട്ടുകാർ ഓഫിസ് അടിച്ചു തകർത്തു. ആക്രമണത്തിൽ മാതൃഭൂമി ഓഫിസിന്‍റെ മുൻവശത്തെ ചില്ലുകളും ഫർണിച്ചറുകളും തകർന്നിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ ഹബീബും ലാത്തിചാർജിൽ പരിക്കേറ്റ വാസുവും കോട്ടക്കലിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

രണ്ടു ദിവസങ്ങളായി തുടർച്ചയായി ഉണ്ടായ അപകടങ്ങളിൽ ഇവിടെ മൂന്ന് പേർ മരിച്ചിരുന്നു. വാഹനങ്ങളുടെ അമിതവേഗതയാണ് അപകടങ്ങൾക്ക് കാരണം. ഇതിനിടെയാണ് ഇന്നും അപകടമുണ്ടായത്. ഇതോടെ ക്ഷുഭിതരായ നാട്ടുകാർ വേഗത നിയന്ത്രിക്കാൻ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് റോഡ് ഉപരോധിക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.