തിരുവനന്തപുരം: അയോഗ്യരെ പ്രഫസര്‍മാരായി നിയമിക്കാന്‍ ഐ.എച്ച്.ആര്‍.ഡിയില്‍ നീക്കം ശക്തമായി. നിശ്ചിത കാലയളവിനുള്ളില്‍ അടിസ്ഥാനയോഗ്യതയായ പിഎച്ച്.ഡി നേടാത്തതിനാല്‍ അസോസിയേറ്റ് പ്രഫസര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം റദ്ദാക്കപ്പെട്ടവര്‍ക്കുവേണ്ടിയാണ് നീക്കം. 2007ല്‍ അസോസിയേറ്റ് പ്രഫസര്‍ ആയ 23 പേരുടെ സ്ഥാനക്കയറ്റമാണ് ഐ.എച്ച്.ആര്‍.ഡി നിശ്ചയിച്ച ഏഴ് വര്‍ഷത്തിനുള്ളില്‍ പിഎച്ച്.ഡി നേടാത്തതിനെതുടര്‍ന്ന് 2015ല്‍ റദ്ദാക്കിയത്. എന്നാല്‍, ഹൈകോടതിയുടെ ഇടക്കാല സ്റ്റേയുടെ ബലത്തില്‍ ഇവര്‍ സര്‍വിസില്‍ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് നിശ്ചിത കാലയളവിനുശേഷവും രണ്ട് വര്‍ഷത്തോളം വരെ കഴിഞ്ഞ് പിഎച്ച്.ഡി നേടിയ ചിലരെ കൂടി ഉള്‍പ്പെടുത്തി പ്രഫസര്‍ തസ്തികയിലേക്ക് അഭിമുഖം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ അഞ്ചിനാണ് അഭിമുഖം. ജൂലൈ 23 ആയിരുന്നു അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി. പിഎച്ച്.ഡി നേടാത്തതിനെതുടര്‍ന്ന് ഐ.എച്ച്.ആര്‍.ഡി തന്നെ സ്ഥാനക്കയറ്റം റദ്ദാക്കിയ 23 പേരില്‍ അടുത്തകാലത്ത് മാത്രം പിഎച്ച്.ഡി നേടിയ ചിലരെ കൂടി പങ്കെടുപ്പിക്കാന്‍ നടത്തുന്ന ശ്രമം നിയമപ്രശ്നത്തിനിടയാക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. സര്‍വിസ് സംബന്ധിച്ച പ്രശ്നങ്ങള്‍ എടുത്തുപറഞ്ഞ് ഡയറക്ടര്‍ ഡോ.പി. സുരേഷ്കുമാര്‍ ഉള്‍പ്പെടെയുള്ള 140 ഓളം അധ്യാപകരുടെ തുടര്‍സ്ഥാനക്കയറ്റവും വാര്‍ഷിക ഇന്‍ക്രിമെന്‍റുകളും തടഞ്ഞുവെച്ചിരിക്കുകയാണ്. ഈ പ്രശ്നം പരിഹരിക്കാന്‍ മൂന്നംഗ ഉന്നതതല സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയാകട്ടെ റിപ്പോര്‍ട്ട് ഇതുവരെ നല്‍കിയിട്ടുമില്ല. അങ്ങനെയിരിക്കെയാണ് ഇവരില്‍ ചിലരെയും പ്രഫസര്‍ തസ്തികയിലേക്ക് പരിഗണിക്കുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. അതേസമയം, പ്രഫസര്‍ നിയമനം ഉള്‍പ്പെടെ പല വിവാദതീരുമാനങ്ങളും അടിയന്തരമായി പ്രാബല്യത്തില്‍ വരുത്താന്‍ സെപ്റ്റംബര്‍ ഒമ്പതിന് നിശ്ചയിച്ചിരുന്ന ഐ.എച്ച്.ആര്‍.ഡി എക്സിക്യൂട്ടിവ് കമ്മിറ്റി വിദ്യാഭ്യാസമന്ത്രി ഇടപെട്ട് കഴിഞ്ഞദിവസം മാറ്റിവെച്ചു. എന്നിട്ടും നിയമനനീക്കവുമായി മുന്നോട്ടുപോകുന്നതിനുപിന്നില്‍ അഴിമതി ഉണ്ടെന്ന ആക്ഷേപം അധ്യാപകര്‍ക്കിടയില്‍ ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.