ഓണത്തിന് 3000 പച്ചക്കറി വിപണനകേന്ദ്രം; 30 ശതമാനം സബ്സിഡി

തിരുവനന്തപുരം: ഓണത്തിന് 3000 കേന്ദ്രങ്ങളില്‍ വിഷരഹിത പച്ചക്കറി വില്‍പനകേന്ദ്രങ്ങള്‍ ഒരുക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു. സെപ്റ്റംബര്‍ ഒമ്പത് മുതല്‍ 13 വരെ 30 ശതമാനം സബ്സിഡിയിലായിരിക്കും ഇവ നല്‍കുക. കൃഷിവകുപ്പ് നേരിട്ട് 1350 വിപണികളും ബാക്കി കുടുംബശ്രീയുടേതടക്കം നേതൃത്വത്തില്‍ ചെറുകിടവിപണികളുമായിരിക്കുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 40,000 മെട്രിക് ടണ്‍ പച്ചക്കറികളും 60,000 മെട്രിക് ടണ്‍ പഴവര്‍ഗങ്ങളും ഓണവിപണിയില്‍ ലഭ്യമാക്കും. ഇവയില്‍ നല്ളൊരു ശതമാനവും കേരളത്തില്‍ കൃഷി ചെയ്തവയായിരിക്കും.

പുറത്തുനിന്ന് വിഷമയമായ പച്ചക്കറി പരമാവധി കുറക്കും. അന്യസംസ്ഥാന പച്ചക്കറികള്‍ അത് വ്യക്തമാക്കി ബോര്‍ഡ് സ്ഥാപിച്ചാകും വില്‍പന നടത്തുക.
18 ഇനം പച്ചക്കറികള്‍ കേരളത്തില്‍ തന്നെ ഉല്‍പാദിപ്പിച്ചവയാണ്. സവാള, ഉരുളക്കിഴങ്ങ്, ബീന്‍സ്, മുരിങ്ങക്കായ, ഉള്ളി തുടങ്ങിയവ പുറത്തുനിന്ന് കൊണ്ടുവരേണ്ടി വരും. നാഫെഡ് വഴി ശേഖരിച്ച സവാള കൂടിയവിലയും കുറഞ്ഞ ഗുണനിലവാരവുമായതിനാല്‍ രണ്ട് ലോഡ് വന്നതോടെ നിര്‍ത്തി.

തിരുവനന്തപുരത്തെ ഓണവിപണിയില്‍ വട്ടവട-കാന്തല്ലൂര്‍ പവിലിയന്‍ ഒരുക്കും. വിവിധ നിറങ്ങളിലെ ബീന്‍സ്, മരത്തക്കാളി, ആപ്പിള്‍ചെടികള്‍, വെളുത്തുള്ളി ചെടികള്‍ എന്നിവ പ്രദര്‍ശനത്തിനുണ്ടാകും. വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് വിപണി ഉദ്ഘാനം ചെയ്യും. ഫാം ഫ്രഷ് കേരള വെജിറ്റബ്ള്‍സ് ലോഗോയുടെ പ്രദര്‍ശനവും നടക്കും. സംസ്ഥാനമൊട്ടാകെ അന്നുതന്നെ വിപണികള്‍ പ്രവര്‍ത്തിച്ചുതുടങ്ങും. 12 കോടി രൂപയാണ് ഓണവിപണിയില്‍ പച്ചക്കറിക്കായി സര്‍ക്കാര്‍ നല്‍കിയതെന്നും മന്ത്രി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.