വ്യാജ എ.ടി.എം കാര്‍ഡ് നിര്‍മിച്ച് അഞ്ചര ലക്ഷം തട്ടിയെടുത്ത അഞ്ചംഗ സംഘം പിടിയില്‍

മൂവാറ്റുപുഴ: വ്യാജ കാര്‍ഡുകള്‍ നിര്‍മിച്ച് എ.ടി.എം കൗണ്ടറുകളില്‍നിന്ന് അഞ്ചര ലക്ഷം രൂപ തട്ടിയ അഞ്ചംഗ സംഘം അറസ്റ്റില്‍. ആലപ്പുഴ സിറാജ് മന്‍സിലില്‍ അഹദ്മോന്‍ (20) സഹോദരന്‍ അസീം (19) ചാലക്കുടി കറുപ്പായി വീട്ടില്‍ ജിന്‍േറാ ജോയി (32) പള്ളുരുത്തി കടയപ്പറമ്പില്‍ മനു ജോളി (23) ആലപ്പുഴ സുധിക്കാട് വീട്ടില്‍ ഷാലൂക്ക് (23) എന്നിവരെയാണ് മൂവാറ്റുപുഴ ഡിവൈ.എസ്.പി ബിജുമോന്‍െറ നേതൃത്വത്തില്‍ പിടികൂടിയത്. ലാപ്ടോപ്, കാര്‍ഡ് റീഡര്‍, റൈറ്റര്‍, വ്യാജ എ.ടി.എം കാര്‍ഡുകള്‍, ഇന്നോവ കാര്‍ എന്നിവയും പിടിച്ചെടുത്തു.

മൂവാറ്റുപുഴ അമ്പലംപടി ശ്രീരാഗം വീട്ടില്‍ രാജഗോപാലന്‍ നായരുടെ അക്കൗണ്ടില്‍നിന്ന് ഒരുലക്ഷം രൂപ തട്ടിയ സംഭവത്തിന്‍െറ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. ആഗസ്റ്റ് 28ന് രാത്രി 11.39 മുതല്‍ 11.50 വരെ സമയത്താണ് മൂവാറ്റുപുഴ ഐ.സി.ഐ.സി.ഐ ബാങ്കിലെ ഇദ്ദേഹത്തിന്‍െറ അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിച്ചത്.
 മൊബൈല്‍ ഫോണില്‍ മെസേജ് വന്നതോടെയാണ് വിവരമറിഞ്ഞത്. 10,000 രൂപ വീതം പത്ത് തവണയായി കോയമ്പത്തൂര്‍ ഗാന്ധിപുരം ടൗണ്‍ ബസ് സ്റ്റോപ്പിന് മുന്നിലെ എ.ടി.എമ്മില്‍നിന്നാണ് പണം തട്ടിയെടുത്തത്.മൂവാറ്റുപുഴ വെള്ളൂര്‍കുന്നത്തെ എ.ടി.എമ്മില്‍നിന്നാണ് രാജഗോപാലന്‍ നായര്‍ പണം പിന്‍വലിക്കാറുള്ളത്.അടുത്തിടെ അഹല്യ കണ്ണാശുപത്രിയിലും കൊമ്പനാട് വിസ്പറിങ് വാട്ടേഴ്സ് റിസോര്‍ട്ടിലും പോയപ്പോഴും പണം പിന്‍വലിച്ചിരുന്നു. ഇവിടങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ കേസിലെ ഒന്നാം പ്രതി റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റ് അഹദ്മോന് തട്ടിപ്പുമായി ബന്ധമുണ്ടെന്ന് കണ്ടത്തെി.
ഗാന്ധിനഗര്‍ എ.ടി.എമ്മില്‍നിന്ന് പണമെടുത്തപ്പോഴത്തെ കാമറ ദൃശ്യങ്ങളില്‍ ഒരാള്‍ക്ക് ഇയാളുമായി സാമ്യമുണ്ടായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

രണ്ടാഴ്ച മുമ്പ് റിസോര്‍ട്ടിലത്തെിയ രാജഗോപാലന്‍ നായരുടെ എ.ടി.എം കാര്‍ഡിലെ പിന്‍ നമ്പറും മറ്റും അഹദ് മോന്‍ മനസ്സിലാക്കിയിരുന്നു.
 റിസോര്‍ട്ടിലെ ബില്‍ അടക്കാന്‍ കാര്‍ഡ് ഉപയോഗിച്ചപ്പോഴായിരുന്നു ഇത്. യന്ത്രം വഴി പിന്‍ നമ്പര്‍ മനസ്സിലാക്കിയ ഇയാള്‍ പ്രത്യേകം തയാറാക്കിയ കാര്‍ഡ് റീഡര്‍ ഉപയോഗിച്ച് എ.ടി.എം കാര്‍ഡിലെ മറ്റുവിവരങ്ങളും ശേഖരിച്ചു. ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ കാര്‍ഡ് ഉപയോഗിച്ചാണ് പണം പിന്‍വലിച്ചത്. ഇത്തരത്തില്‍ പലരുടെയും കാര്‍ഡ് വിവരങ്ങള്‍ ശേഖരിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.

കാര്‍ഡുകള്‍ നിര്‍മിക്കുന്നത് രണ്ടാം പ്രതി ജിന്‍േറാ ജോയിയാണ്. ഇയാള്‍ നേരത്തേ ആലപ്പുഴയില്‍ നടന്ന എ.ടി.എം തട്ടിപ്പുകേസിലെയും പ്രതിയാണ്. അവിടെ റിസോര്‍ട്ടില്‍ ജീവനക്കാരനായിരിക്കെയാണ് തട്ടിപ്പ് നടത്തിയത്. കേസില്‍ ഒരുവര്‍ഷം ജയില്‍വാസം അനുഭവിച്ചിട്ടുമുണ്ട്. ഈ സമയത്ത് പല കേസുകളിലായി ജയിലില്‍ എത്തിയ അഹദ് മോനും മനുവും ഷാലൂക്കും ജിന്‍േറായുമായി സുഹൃത്തുക്കളായി. തുടര്‍ന്നാണ് ജയിലില്‍നിന്ന് ഇറങ്ങി തട്ടിപ്പ് തുടങ്ങിയത്. സംഘത്തോടൊപ്പം പിന്നീട് അസീമും ചേര്‍ന്നു.
കോടനാട്, കുറുപ്പംപടി സ്വദേശികളുടെ ഓരോ ലക്ഷവും പത്തനാപുരം സ്വദേശിയുടെ 50,000വും മറ്റുരണ്ടുപേരുടെ ഓരോ ലക്ഷവുമാണ് സംഘം തട്ടിയെടുത്തതായി ഇതുവരെ കണ്ടത്തെിയത്.
കോയമ്പത്തൂരിലെ എ.ടി.എം കൗണ്ടര്‍ വഴിയാണ് ഈ പണമെല്ലാം പിന്‍വലിച്ചത്. തട്ടിപ്പിന് ഉപയോഗിച്ച യന്ത്രങ്ങള്‍ ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്തതാണെന്നും പൊലീസ് പറഞ്ഞു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.