വൈദ്യുതി ബോര്‍ഡിലെ സ്ഥലംമാറ്റ പട്ടിക ഇറങ്ങും മുമ്പ് സംഘടനയുടെ വെബ്സൈറ്റില്‍

കോട്ടയം: വൈദ്യുതി ബോര്‍ഡിലെ അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍മാരെ മാനദണ്ഡം ലംഘിച്ച് കൂട്ടത്തോടെ സ്ഥലംമാറ്റിയ നടപടിയില്‍ വിവാദം കെട്ടടങ്ങുന്നില്ല. വൈദ്യുതി ബോര്‍ഡ് ചെയര്‍മാനും ചീഫ് എന്‍ജിനീയറും സ്ഥലംമാറ്റ പട്ടിക കാണും മുമ്പ് ഈമാസം ഏഴിന് രാത്രി പത്തരക്ക് സി.പി.എം അനുകൂല സംഘടനയായ കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷന്‍െറ വെബ്സൈറ്റില്‍ പട്ടിക വന്നതാണ് പുതിയ വിവാദത്തിന് വഴിയൊരുക്കിയത്.

പട്ടികകണ്ട് ബോര്‍ഡ് ചെയര്‍മാനും ചീഫ് എന്‍ജിനീയറും ഞെട്ടിയെന്നാണ് വിവരം. നിശ്ചിത കാലയളവിന് മുമ്പ് സ്ഥലംമാറ്റം ലഭിച്ചവരെപോലും പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെ ഉന്നത ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തെങ്കിലും അസോസിയേഷന്‍ നേതാക്കളുടെ സമ്മര്‍ദത്തിന് മുന്നില്‍ അവരുടെ നീക്കങ്ങളും നിഷ്ഫലമായി. ഏഴിന് അസോസിയേഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പട്ടിക ഒരുമാറ്റവുമില്ലാതെ അടുത്തദിവസം വൈകുന്നേരം നാലിനാണ് ചീഫ് എന്‍ജിനീയറുടെ അനുമതിയോടെ www.kseb.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയത്.

അസോസിയേഷന്‍ വെബ്സൈറ്റില്‍ വന്ന പട്ടികയില്‍ ചീഫ് എന്‍ജിനീയറുടെയോ മറ്റ് ഉത്തരവാദിത്തപ്പെട്ടവരുടെയോ ഒപ്പ് ഉണ്ടായിരുന്നില്ല. ഇതിനിടെ പട്ടിക സംബന്ധിച്ച് പരാതി വ്യാപകമായതോടെ ഏഴുപേരുടെത് റദ്ദാക്കി മറ്റുചില സ്ഥലങ്ങളിലേക്ക് നല്‍കി. അതേസമയം, എട്ടുമുതല്‍ ഒരുവര്‍ഷം വരെ മാത്രം സ്ഥലംമാറ്റം ലഭിച്ച് ജോലി ചെയ്തവരെപോലും മാറ്റുകയും ചെയ്തു.
പട്ടിക അന്യായമാണെന്ന് ചൂണ്ടിക്കാട്ടി ചിലര്‍ ഇതിനിടെ കോടതിയെ സമീപിച്ച് സ്റ്റേയും സമ്പാദിച്ചു. 15ഓളം പേര്‍ ഇതിനകം കോടതിയെ സമീപിച്ചതായാണ് വിവരം.
വൈദ്യുതി ബോര്‍ഡില്‍ തന്നെയല്ല ഏത് വകുപ്പിലും ഉദ്യോഗസ്ഥരെ അന്യായമായി സ്ഥലംമാറ്റില്ളെന്നും ഇതിനുള്ള മാനദണ്ഡം പൂര്‍ണമായി പാലിക്കുമെന്നും മുഖ്യമന്ത്രി പലപ്പോഴായി പ്രഖ്യാപിച്ചതിനിടെയാണ് സി.പി.എം അനുകൂല സംഘടന നേരിട്ട് സ്ഥലംമാറ്റ പട്ടിക തയാറാക്കി കെ.എസ്.ഇ.ബി ചെയര്‍മാനും ചീഫ് എന്‍ജിനീയര്‍ക്കും കൈമാറിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.