എം.കെ. രാഘവന്‍ കെ.പി.സി.സി നിര്‍വാഹകസമിതി അംഗത്വം രാജിവെച്ചു

 കോഴിക്കോട്: കെ.പി.സി.സി നിര്‍വാഹകസമിതി അംഗത്വം എം.കെ. രാഘവന്‍ എം.പി രാജിവെച്ചു. പാര്‍ട്ടി പദവികള്‍ വീതംവെക്കുമ്പോള്‍ ഗ്രൂപ് രഹിതര്‍ നിരന്തരം തഴയപ്പെടുന്നതിലെ അതൃപ്തിയാണ് രാജിക്ക് കാരണം. രാജിക്കത്ത് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന് കഴിഞ്ഞദിവസം അദ്ദേഹം അയച്ചുകൊടുത്തു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായ പരാജയത്തെ തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ രൂപവത്കരിച്ച രാഷ്ട്രീയകാര്യ സമിതിയില്‍നിന്ന് ഇദ്ദേഹത്തിന്‍െറ പേര് അവസാനനിമിഷം വെട്ടിയതാണ് രാജിക്ക് പ്രധാന കാരണം. എ.ഐ.സി.സി രൂപം നല്‍കിയ സമിതിയില്‍ ഇദ്ദേഹത്തെ സജീവമായി പരിഗണിച്ചിരുന്നു. എന്നാല്‍, ഗ്രൂപ് അടിസ്ഥാനത്തില്‍ പദവികള്‍ വീതംവെച്ചപ്പോള്‍ ഇദ്ദേഹം അന്തിമ പട്ടികയില്‍നിന്ന് പുറത്തായി. ഗ്രൂപ്പില്ലാത്തതിനാല്‍ ഇദ്ദേഹത്തിനുവേണ്ടി കേരളത്തിലെ നേതാക്കള്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ളെന്നാണ് സൂചന.

രാഷ്ട്രീയാധികാര സമിതിയില്‍ 21 പേരാണുള്ളത്. സമിതിയില്‍ പരിഗണിക്കാത്ത കാര്യം മുതിര്‍ന്ന നേതാവ് എ.കെ. ആന്‍റണി ഉള്‍പ്പെടെയുള്ളവരെ ഇദ്ദേഹം ധരിപ്പിച്ചിട്ടുണ്ട്. ഇടത് ആധിപത്യമുള്ള കോഴിക്കോട് ലോക്സഭാ മണ്ഡലം വര്‍ഷങ്ങള്‍ക്കുശേഷം എം.കെ. രാഘവനിലൂടെയാണ് യു.ഡി.എഫ് തിരിച്ചുപിടിച്ചത്. 2009ല്‍ 838വോട്ടിന് ജയിച്ച അദ്ദേഹം, 2016ല്‍ ഭൂരിപക്ഷം 17,000 ആയി ഉയര്‍ത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലക്ഷത്തോളമാണ് കോഴിക്കോട് മണ്ഡലത്തില്‍ ഇടതുപക്ഷത്തിന്‍െറ ലീഡ്. പൊതുസ്വീകാര്യനായ വ്യക്തിയെ ജനം അംഗീകരിക്കുമ്പോള്‍ പാര്‍ട്ടി പുറംതിരിഞ്ഞുനില്‍ക്കുന്നുവെന്നാണ് ഇദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്. ഇദ്ദേഹത്തെ ഡി.സി.സി പ്രസിഡന്‍റാക്കണമെന്ന അഭിപ്രായവും കോണ്‍ഗ്രസിലുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.