റിക്രൂട്ട്മെന്‍റ് ബോര്‍ഡ്: ദേവസ്വം ബോര്‍ഡ് നിയമനങ്ങളിലും സംവരണം നടപ്പാകും

കൊല്ലം: ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് വഴി നിയമനം തുടങ്ങുന്നതോടെ  അഞ്ച് ദേവസ്വം ബോര്‍ഡുകളിലും സംവരണം നടപ്പാകും. ഇതുവരെ ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ സംവരണം പാലിച്ചിരുന്നില്ല. ആ അവസ്ഥക്കാണ് മാറ്റം വരുന്നത്. ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് നിയമനങ്ങള്‍ക്കായി സര്‍ക്കാര്‍ തയാറാക്കിയ സ്പെഷല്‍ റൂള്‍സില്‍ സംവരണം വ്യവസ്ഥ ചെയ്തിട്ടുണ്ട്. പി.എസ്.സി നിയമനങ്ങളില്‍ പാലിക്കുന്ന അതേ സംവരണവ്യവസ്ഥയാണ് ഇതിലും പാലിക്കുക. 68 ശതമാനം ജനറല്‍ കാറ്റഗറിയും 32 ശതമാനം പിന്നാക്കസംവരണവുമായാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. പി.എസ്.സി നിയമനങ്ങളില്‍ പിന്നാക്കഹിന്ദുക്കള്‍ക്കുപുറമെ മുസ്ലിം, ലത്തീന്‍ കത്തോലിക്ക തുടങ്ങി ഇതര സമുദായങ്ങള്‍ക്ക് 17 ശതമാനം സംവരണം അനുവദിക്കുന്നുണ്ട്. ദേവസ്വം ബോര്‍ഡ് നിയമനത്തിന് ആ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാനാവില്ല.

അതിനാല്‍ അവരുടെ 17 ശതമാനം കൂടി ജനറല്‍ കാറ്റഗറിയിലേക്ക് നല്‍കും. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, ഗുരുവായൂര്‍, കൂടല്‍മാണിക്യം എന്നീ ദേവസ്വങ്ങളിലേക്കും നിയമനം നടത്തുക ബോര്‍ഡായിരിക്കും. ദേവസ്വംനിയമനം പി.എസ്.സിക്ക് വിടും എന്ന് പിണറായി സര്‍ക്കാര്‍ വന്നയുടന്‍ പ്രഖ്യാപിച്ചിരുന്നു. പിന്നീട് നിലപാട് മാറ്റി. 2013ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ച ആറംഗ റിക്രൂട്ട്മെന്‍റ് ബോര്‍ഡ് മൂന്നായി കുറക്കാനാണ് തീരുമാനം. ഇതില്‍ ഒരാള്‍ ജനറല്‍, ഒരാള്‍ വനിത, മറ്റേയാള്‍ പിന്നാക്ക സമുദായ അംഗം എന്നിങ്ങനെ സംവരണം ചെയ്യാനാണ് നീക്കം.

റിക്രൂട്ട്മെന്‍റ് ബോര്‍ഡ് അംഗങ്ങളുടെ നിയമനത്തില്‍ സംവരണം നടപ്പാക്കുന്നത് ബോര്‍ഡിന്‍െറ സ്വാതന്ത്ര്യവും നിഷ്പക്ഷതയും ചോദ്യം ചെയ്യുന്ന നടപടിയാണെന്ന വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. പി.എസ്.സി, ബാങ്ക്, റെയില്‍വേ റിക്രൂട്ട്മെന്‍റ്ബോര്‍ഡുകള്‍ തുടങ്ങി സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ നടത്തുന്ന ഒരു ബോര്‍ഡിലും അംഗങ്ങളുടെ നിയമനത്തില്‍ സംവരണമില്ല. അതിനാല്‍  റിക്രൂട്ട്മെന്‍റ് ബോര്‍ഡ് അംഗങ്ങളുടെ കാര്യത്തില്‍ സംവരണം കൊണ്ടുവരുന്നത് അനൗചിത്യമാണെന്ന് ദേവസ്വം ബോര്‍ഡിലെ ഉന്നതര്‍തന്നെ ചൂണ്ടിക്കാട്ടുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.