സംസ്ഥാനത്ത് വികസന അതോറിറ്റികള്‍ ഇനി കൊച്ചിയിലും തിരുവനന്തപുരത്തും മാത്രം

കോഴിക്കോട്: സംസ്ഥാനത്ത് ഇനി രണ്ടു വികസന അതോറിറ്റികള്‍ മാത്രമായിരിക്കും ഉണ്ടാകുകയെന്ന് മന്ത്രി ഡോ. കെ.ടി. ജലീല്‍. തിരുവനന്തപുരം ഡെവലപ്മെന്‍റ് അതോറിറ്റി, കൊച്ചിന്‍ ഡെവലപ്മെന്‍റ് അതോറിറ്റി എന്നിവ നിലനിര്‍ത്തി മറ്റു നാല് ഡെവലപ്മെന്‍റ് അതോറിറ്റികളുടെയും പ്രവര്‍ത്തനം നിര്‍ത്തുമെന്ന് മന്ത്രി വ്യക്തമാക്കി. കേരള സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്‍റ് ടൗണ്‍ പ്ളാനിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന കോഴിക്കോട് അര്‍ബന്‍ ഏരിയ മാസ്റ്റര്‍ പ്ളാന്‍ 2035ന്‍െറ കരട് രേഖ പ്രകാശം ചെയ്യുകയായിരുന്നു മന്ത്രി.

കോഴിക്കോട് വികസന അതോറിറ്റി (സി.ഡി.എ) ഉള്‍പ്പെടെ മറ്റു നാലു വികസന അതോറിറ്റികളുടെയും ഉത്തരവാദിത്തം ഇനിമുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ വിശ്വാസത്തിലെടുത്ത് കോര്‍പറേഷനായിരിക്കും. കോഴിക്കോടിനൊപ്പം കൊല്ലം, തൃശൂര്‍, വള്ളുവനാട് വികസന അതോറിറ്റികളാണ് ഇല്ലാതാകുക. ഇതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൂടുതല്‍ ശക്തമാകുമെന്നും മന്ത്രി പറഞ്ഞു.

 വലിയ സ്വത്തുക്കള്‍ ഉള്ളതിനാലും വളരെക്കാലമായി പ്രവര്‍ത്തിക്കുന്നതായതിനാലുമാണ് രണ്ടു അതോറിറ്റികളെ മാത്രം നിലനിര്‍ത്തുന്നത്. കെട്ടിടനിര്‍മാണത്തിനുള്ള അപേക്ഷകള്‍ കോര്‍പറേഷനുകളില്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ പുതിയ സോഫ്ട്വെയറിലൂടെ അപേക്ഷ സ്വീകരിക്കുന്ന പദ്ധതി നടപ്പാക്കും. ആദ്യഘട്ടത്തില്‍ പൈലറ്റ് പ്രോജക്ടായി കോഴിക്കോട് കോര്‍പറേഷനിലായിരിക്കും ഇത് ആദ്യം നടപ്പാക്കുക. പുതിയ സോഫ്ട്വെയറിലൂടെ ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുമ്പോള്‍ ഇത്ര ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന നിബന്ധനയുണ്ടാകും. അപേക്ഷ കുറ്റമറ്റതാണെങ്കില്‍ മാത്രമേ സോഫ്ട്വെയറില്‍ അപ്ലോഡ് ചെയ്യാനാകു. അത് സ്വീകരിച്ചുകഴിഞ്ഞാല്‍ ഇത്ര ദിവസത്തിനുള്ളില്‍ ആ അപേക്ഷക്ക് മറുപടി നല്‍കിയിരിക്കണം.  ഇപ്പോള്‍ ആറു മാസം മുതല്‍ ഒരു വര്‍ഷം വരെയാണ് വീട് നിര്‍മാണത്തിനും കെട്ടിടനിര്‍മാണത്തിനുമുള്ള അപേക്ഷകള്‍ കോര്‍പറേഷനുകളില്‍ കെട്ടിക്കിടക്കുന്നത്. തനിക്ക് കിട്ടേണ്ടത് കിട്ടിയില്ളെങ്കില്‍ അപേക്ഷ പരിഗണിക്കേണ്ട എന്ന് ഉദ്യോഗസ്ഥര്‍ തീരുമാനിക്കുന്നു. ഇത്തരത്തിലുള്ള അഴിമതി ഒഴിവാക്കാനും പുതിയ പദ്ധതിക്കാവും.-മന്ത്രി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.