തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ 27ാം പതിപ്പിന് വെള്ളിയാഴ്ച തിരുവനന്തപുരത്ത് തുടക്കമാകും. വൈകീട്ട് മൂന്നരക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി വി.എൻ. വാസവൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റ് വിശിഷ്ടാതിഥിയാകും.
ഇറാനിൽ സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പൊരുതുന്ന സംവിധായിക മഹ്നാസ് മുഹമ്മദിക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് നൽകി മുഖ്യമന്ത്രി ആദരിക്കും. യാത്രാനിയന്ത്രണങ്ങൾ കാരണം മേളയിൽ നേരിട്ടു പങ്കെടുക്കാൻ കഴിയാത്ത മഹ്നാസിനുവേണ്ടി ഗ്രീക്ക് ചലച്ചിത്രകാരിയും ജൂറി അംഗവുമായ അഥീന റേച്ചൽ സംഗാരി അവാർഡ് ഏറ്റുവാങ്ങും. ജൂറി ചെയർമാനും ജർമൻ സംവിധായകനുമായ വീറ്റ് ഹെൽമർ പങ്കെടുക്കും.
ഉദ്ഘാടനശേഷം പുർബയൻ ചാറ്റർജിയുടെ സിതാർ സംഗീതക്കച്ചേരി. തുടർന്ന് ഉദ്ഘാടനചിത്രമായ ടോറി ആൻഡ് ലോകിത പ്രദർശിപ്പിക്കും. ബെൽജിയം, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ ഈ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യപ്രദർശനമാണിത്. കാൻ 75ാം വാർഷിക പുരസ്കാരം നേടിയ ചിത്രം, ആഫ്രിക്കയിൽ ജനിച്ച് ബെൽജിയം തെരുവുകളിൽ വളരുന്ന അഭയാർഥികളായ ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും ആത്മബന്ധത്തിന്റെ കഥ പറയുന്നതാണ്.
ഡിസംബർ16 വരെ എട്ടു ദിവസമായി നടക്കുന്ന മേളയിൽ 70 രാജ്യങ്ങളിൽനിന്നുള്ള 186 സിനിമ പ്രദർശിപ്പിക്കും. അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ 14ഉം 'മലയാള സിനിമ ഇന്ന്' വിഭാഗത്തിൽ 12ഉം 'ഇന്ത്യൻ സിനിമ ഇപ്പോൾ' വിഭാഗത്തിൽ ഏഴും ചിത്രങ്ങൾ പ്രദർശിപ്പിക്കും. ലോക സിനിമ വിഭാഗത്തിൽ 78 സിനിമകളാണുള്ളത്.
12 സിനിമകളുടെ ആദ്യപ്രദർശനത്തിനും മേള വേദിയാകും. 14 തിയറ്ററുകളിലായാണ് പ്രദർശനം. 12000ത്തോളം പ്രതിനിധികളും 200 ഓളം ചലച്ചിത്രപ്രവർത്തകരും മേളയിലുണ്ടാകും. 40 ഓളം പേർ വിദേശരാജ്യങ്ങളിൽനിന്നുള്ളവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.