നാദാപുരം: വിവാഹവീട്ടിൽനിന്ന് മോഷണംപോയ 30 പവൻ സ്വർണാഭരണങ്ങൾ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ വീട്ടിലെ ശുചിമുറിയിൽ ഫ്ലഷ് ടാങ്കിൽനിന്നാണ് സ്വർണം കണ്ടെടുത്തത്. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വളയം പൊലീസ് എത്തി ആഭരണങ്ങൾ കസ്റ്റഡിയിലെടുത്തു.
വെള്ളിയോട് എം.എൻ. ഹാഷിം തങ്ങളുടെ വീട്ടിൽ ആഗസ്റ്റ് 26നാണ് മോഷണം നടന്നതായി പരാതിയുണ്ടായത്. വധുവിനെ അണിയിക്കാൻ അലമാരയിൽ കരുതിവെച്ച 30 പവൻ സ്വർണാഭരണമാണ് നഷ്ടമായത്. അന്ന് വൈകീട്ടായിരുന്നു മകളുടെ നിക്കാഹ്. നാദാപുരത്തെ വരന്റെ വീട്ടിൽനിന്ന് നിക്കാഹ് കർമം കഴിഞ്ഞ് വീട്ടിലെത്തി, അലമാര തുറന്നുനോക്കിയപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടത് അറിഞ്ഞത്. തുടർന്ന് വീട്ടുകാർ വളയം പൊലീസിൽ പരാതി നൽകി.
പിറ്റേദിവസം ഡോഗ് സ്ക്വാഡ്, ഫോറൻസിക് വിദഗ്ധർ, വിരലടയാള വിദഗ്ധർ തുടങ്ങിയവർ വീട്ടിലും പരിസരത്തും പരിശോധന നടത്തിഴയങ്കിലും ആഭരണങ്ങൾ കണ്ടെത്താനായില്ല. സംഭവശേഷം പ്രദേശത്തെ നിരവധി പേരെ പൊലീസ് ചോദ്യം ചെയ്യുകയും സ്റ്റേഷനിൽ വിളിപ്പിക്കുകയും ചെയ്തു. ഇതിനിടയിലാണ് ഒരാഴ്ചക്കുശേഷം സ്വർണം വീട്ടിൽ നിന്നുതന്നെ കണ്ടെത്തിയത്.
ഇതോടെ സംഭവത്തിൽ ദുരൂഹത ഏറിയതായി പൊലീസ് പറഞ്ഞു. വീട്ടുകാർ ഉൾപ്പെടെയുള്ളവരെ വീണ്ടും ചോദ്യം ചെയ്യുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. നാട്ടുകാരെയടക്കം സംശയത്തിന്റെ നിഴലിൽ നിർത്തിയ സംഭവത്തിൽ യാഥാർഥ്യം അറിയണമെന്ന ആഗ്രഹത്തിലാണ് നാട്ടുകാരും. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹ ചടങ്ങിനെത്തിയതെന്നാണ് വീട്ടുകാർ പൊലീസിൽ മൊഴി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.