കാസർകോട്: കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രങ്ങളൊരുക്കാൻ (സി.എഫ്.എൽ.ടി.സി) നൽകിയ തുകയിൽനിന്ന് 3.41 കോടി രൂപ ടാറ്റ കോവിഡ് ആശുപത്രിക്ക് നൽകാൻ സർക്കാർ അനുമതി. തുക അനുവദിക്കാൻ കാസർകോട് ജില്ല കലക്ടർക്ക് അനുമതി നൽകി സംസ്ഥാന ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി.
നവംബർ 13നാണ് ഇൗ ആവശ്യമുന്നയിച്ച് കലക്ടർ സർക്കാറിന് കത്തു നൽകിയത്. സി.എഫ്.എൽ.ടി.സികൾ ഒരുക്കാൻ 10 കോടി രൂപയാണ് ജനറൽ റിസർവ് ഫണ്ടിൽനിന്ന് സർക്കാർ ജില്ലക്ക് അനുവദിച്ചത്. ഇതിൽ 6.91 കോടി രൂപ ബാക്കിയുണ്ട്.
ഇൗ തുകയിൽനിന്ന് 3.41 കോടി രൂപ ടാറ്റ കോവിഡ് ആശുപത്രിയിലേക്ക് ചെറിയ ഉപകരണങ്ങൾ വാങ്ങാനും മറ്റ് അവശ്യ സേവനങ്ങളൊരുക്കാനും വേണമെന്നായിരുന്നു കലക്ടറുടെ ആവശ്യം. തുടർന്ന് സർക്കാർ അനുമതി നൽകുകയായിരുന്നു. ആശുപത്രി പൂർണസജ്ജമാക്കാൻ ഡി.എം.ഒ നൽകിയ ലിസ്റ്റ് പ്രകാരമാണ് കലക്ടർ ആവശ്യമുന്നയിച്ചത്.
കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചപ്പോൾ ജില്ലയിൽ ഒമ്പത് സി.എഫ്.എൽ.ടി.സികളാണ് സജ്ജീകരിച്ചിരുന്നത്. നിലവിൽ മൂന്നെണ്ണം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. കേന്ദ്രങ്ങളൊരുക്കാനുള്ള സൗകര്യക്കുറവും ഡോക്ടർമാരുടെ അപര്യാപ്തതയും കാരണം, ലക്ഷണമില്ലാത്ത കോവിഡ് ബാധിതരെ പരിചരിക്കാൻ ആഗസ്റ്റ് 10ന് ജില്ലയിൽ ഗൃഹപരിചരണം ആരംഭിച്ചിരുന്നു. ആയിരങ്ങളാണ് ഇത്തരത്തിൽ ചികിത്സ തേടിയിരുന്നത്. 811 പേരാണ് ഞായറാഴ്ചവരെ വീടുകളിൽ ചികിത്സയിലുള്ളത്.
ടാറ്റയുടെ കേരളത്തിലെ ആദ്യ ആശുപത്രിക്ക് കാസർകോട് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ 5.50 ഏക്കർ സ്ഥലമാണ് തെക്കിൽ വില്ലേജിൽ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് കൈമാറിയത്. 60 കോടി രൂപ ചെലവിൽ ടാറ്റ നിർമിച്ച ആശുപത്രി സെപ്റ്റംബർ ഒമ്പതിന് സർക്കാറിന് കൈമാറിയെങ്കിലും ജീവനക്കാരുടെ കാര്യത്തിൽ തീരുമാനമായിരുന്നില്ല.
അമർഷമുയർന്നതോടെ സെപ്റ്റംബർ 30നു ചേർന്ന മന്ത്രിസഭ യോഗം 191 താൽക്കാലിക തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, പ്രവർത്തനം പിന്നെയും വൈകി. ഒക്ടോബറിൽ കാഞ്ഞങ്ങാട് ജില്ല ആശുപത്രി േകാവിഡ് ആശുപത്രിയാക്കി മാറ്റുകയും ചെയ്തു. രണ്ടു മാസങ്ങളിലായി 550 കോവിഡ് ബാധിതരെയാണ് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എന്നാൽ, പ്രതിഷേധം കനത്തതോടെ ഡിസംബർ ഒന്നുമുതൽ ജില്ല ആശുപത്രി പൂർവസ്ഥിതിയിലേക്ക് മാറ്റുകയും ടാറ്റ കോവിഡ് ആശുപത്രി പ്രവർത്തന സജ്ജമാക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.