മൂന്നാര്‍: 14 പേരുകള്‍ എഴുതിെവച്ച ആ ഫലകത്തിന് മുമ്പില്‍ ആരോ ചാര്‍ത്തിയ പൂമാലക്ക് 36 വര്‍ഷത്തെ കണ്ണീരിെൻറ നനവ്. ആ പൂമാലകള്‍ക്കിടയില്‍ െവച്ചിട്ടുള്ള കുങ്കുമത്തിനും വളപ്പൊട്ടുകള്‍ക്കും പറയാന്‍ കദനം നിറയുന്ന ഒരു കഥയുണ്ട്. 36 ആണ്ടുകള്‍ക്കു മുമ്പ് മുങ്ങിമരിച്ച കുട്ടികളുടെ ഓര്‍മദിനത്തില്‍ ബന്ധുക്കള്‍ കണ്ണീരോടെ സമര്‍പ്പിച്ചതാണിത്.
1984 നവംബര്‍ ഏഴിന് പഴയമൂന്നാറിലെ ഹൈറേഞ്ച് ക്ലബിന് സമീപമുള്ള തൂക്കുപാലം തകര്‍ന്ന് മരിച്ച 14 പേരുടെ ഓര്‍മകള്‍ മൂന്നാര്‍ ഓര്‍മിച്ചെടുക്കുന്നത് ഈ നിറം മങ്ങിത്തുടങ്ങിയ കല്ഫലകത്തിലൂടെയാണ്. വിമാനങ്ങളും ഹെലികോപ്റ്ററുമെല്ലാം അത്ഭുതത്തോടെ കണ്ടിരുന്ന അന്നത്തെ കുട്ടികള്‍ ഹൈറേഞ്ച് ക്ലബില്‍ ഇറങ്ങുന്ന ഹേലികോപ്റ്റര്‍ കാണാനാണ് മൂന്നാര്‍ ഹൈസ്കൂളില്‍നിന്ന് ഓടിയെത്തിയത്.
രാവിലെ 10.15 ഓടെയായിരുന്നു സംഭവം. ക്ലബിനോടുചേര്ന്ന തൂക്കുപാലത്തില്‍ ഹെലികോപ്റ്റര്‍ ഇറങ്ങുന്ന കാഴ്ചകാണാന്‍ ആവേശത്തോടെ അവര്‍ കയറി. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്മിച്ചപാലം ഭാരം താങ്ങാനാവാതെ തകര്‍ന്നുവീഴുകയായിരുന്നു.
മൂന്നാര്‍ ഗവ. സ്കൂള്‍ വിദ്യാർഥികളായ എ. രാജലക്ഷ്മി, എസ്. ജയലക്ഷ്മി, എം. വിജയ, എന്‍. മാരിയമ്മാള്‍, ആര്. തങ്കമല, പി. സരസ്വതി, കല്യാണകുമാര്‍, സുന്ദരി, പി. റാബിയ, ടി. ജെന്‍സി, ടി. ഷിബു, പി. മുത്തുമാരി, എസ്. കലയമ്മാള്‍, സി. രാജേന്ദ്രന് എന്നിവരാണ് മരിച്ചത്. സമീപപ്രദേശത്തുള്ളവര്‍ ഓടിയെത്തി 24പേരെ കരക്കെത്തിച്ചെങ്കിലും 12പേര് ആശുപത്രിയില്‍ മരിച്ചു.
രണ്ട് കുട്ടികളുടെ മൃതദേഹം അടുത്ത ദിവസങ്ങളില്‍ കണ്ടെത്തി. ഹൈറേഞ്ച് ക്ലബിലേക്കുള്ള ചെറിയ ഗേറ്റ് അടച്ചതും അമിതഭാരം കയറിയതുമൂലവുമാണ് അപകടം നടന്നതെന്ന് സര്‍ക്കാര്‍ നിയോഗിച്ച പ്രഹ്ലാദന് കമ്മിറ്റി കണ്ടെത്തിയിരുന്നു. അപകടത്തിനുശേഷം തൂക്കുപാലത്തിനു പകരം പുതിയ പാലം നിര്‍മിച്ചെങ്കിലും 2018ലെ പ്രളയത്തില്‍ ആ പാലവും തകര്‍ന്നടിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.