പ്രീ പ്രൈമറി മുതൽ ഹയര്‍ സെക്കണ്ടറി വരെ 39.94 ലക്ഷ വിദ്യാർഥികൾ

തിരുവനന്തപുരം : മധ്യവേനല്‍ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുമ്പോൾ 2024-25 വര്‍ഷത്തിൽ പ്രീ പ്രൈമറി മുതൽ ഹയര്‍ സെക്കണ്ടറി വരെ ആകെ 39,94,944 വിദ്യാർഥികളാണുള്ളതെന്ന് മന്ത്രി വി. ശിവൻകുട്ടി. പ്രീ പ്രൈമറി തലം-1,34,763, പ്രൈമറി തലം -11,59,652, അപ്പര്‍ പ്രൈമറി തലം- 10,79,019, ഹൈസ്കൂള്‍ തലം -12,09,882, ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷ വിദ്യാർഥികള്‍ - 3,83,515 , വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷ വിദ്യാർഥികള്‍ - 28,113 എന്നിങ്ങനയൊണ് കണക്ക്.

സര്‍ക്കാര്‍ മേഖലയില്‍ 11,19,380, എയ്ഡഡ് മേഖലയില്‍ 20,30,091, അണ്‍ എയ്ഡഡ് മേഖലയില്‍ 2,99,082 ആണ്. ഹയര്‍ സെക്കൻ്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ പ്രവേശന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ക്ലാസ്സുകള്‍ 2024 ജൂണ്‍ 24 നായിരിക്കും ആരംഭിക്കുക. ഒന്നാം ക്ലാസിലും അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും ഇനിയും കുട്ടികള്‍ വന്നു ചേരാന്‍ ഉണ്ട്. ആയതിനാല്‍ ഒന്ന് മുതല്‍ 10 വരെയുള്ള ആകെ കുട്ടികളുടെ എണ്ണം ജൂണ്‍ രണ്ടാം വാരത്തിലും ഹയര്‍ സെക്കൻ്ററി ഉള്‍പ്പെടുന്ന മൊത്തം കുട്ടികളുടെ എണ്ണം  ജൂണ്‍ മാസം അവസാനവും മാത്രമേ ലഭ്യമാകുകയുള്ളൂ.

ഒന്നാം ക്ലാസ്സ് പുതിയ അഡ്മിഷൻ്റെ കണക്ക് 2,44,646 ആണ്. പ്രവേശനോത്സവ ഉദ്ഘാടനം നടക്കുന്ന എളമക്കര ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാർഥികളുടെ കണക്ക് ആകെ കുട്ടികള്‍-818 ഒന്നാം ക്ലാസ്സില്‍ - 55 എന്നിങ്ങനെയാണ്.

അധ്യാപക പരിശീലനം

പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി നടത്തിയ അവധിക്കാല അധ്യാപക സംഗമം, പരിഷ്‌കരിച്ച പാഠപുസ്തകങ്ങൾ, ടീച്ചർ ടെക്സ്റ്റ് എന്നിവയുടെ പരിചയപ്പെടലും അവയുടെ ക്ലാസ് റൂം വിനിമയത്തെയും പ്രധാനമായും കേന്ദ്രീകരിച്ചായിരുന്നു. കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2023 (കെ.സി.എഫ്-2023) സമീപനം, പൊതു ലക്ഷ്യങ്ങൾ എന്നിവയെ അടിസ്ഥാനപ്പെടുത്തി വിഷയ ബന്ധിതമായി അധ്യാപകരെ പരിചയപ്പെടുത്തി.

പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തി ആരോഗ്യ- കായിക- വിദ്യാഭ്യാസം, തൊഴിൽ  വിദ്യാഭ്യാസം, കലാ വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുളള പൊതുധാരണ എല്ലാ അധ്യാപകർക്കും നൽകുന്നു. രക്ഷകർത്തൃ വിദ്യാഭ്യാസം, ഡിജിറ്റൽ ടെക്സ്റ്റ്, മലയാള എഴുത്ത് രീതി  എന്നിവ പരിശീലന വേളയിൽ ഉൾപ്പെടുത്തിയിരുന്നു. കുട്ടികൾ നേരിടുന്ന വിവിധ തരം പ്രശ്നങ്ങളെ കണ്ടെത്താനും പോക്സോ പോലുളള നിയമങ്ങളുടെ ബോധവത്ക്കരണം, ലഹരി വസ്തുക്കളുടെ ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ എന്നിവ മനസ്സിലാക്കി പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് അധ്യാപകരെ ശാക്തീകരിക്കുന്നതിനും പ്രധാന ഊന്നൽ നൽകിയിരുന്നു.

അക്കാദമിക മാസ്റ്റർ പ്ലാൻ വിദ്യാലയത്തിൽ മികച്ച രീതിയിൽ നടപ്പിലാക്കുന്നതിന് അധ്യാപകരെ പ്രാപ്തമാക്കുന്നതിന് അധ്യാപക ശാക്തീകരണം നടത്തി. എൽ.പി തലത്തിൽ 96.5 ശതമാനവും യു.പി തലത്തിൽ 96.76 ശതമാനവും ഹൈസ്‌ക്കൂൾ തലത്തിൽ 96.72 ശതമാനവും അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു.

Tags:    
News Summary - 39.94 lakh students from pre-primary to higher secondary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.