ചെറുതുരുത്തി: ഒന്നര കിലോമീറ്റർ അകലെ താമസിക്കുന്ന സഹപാഠിയെ കണ്ടെത്താനെടുത്തത് 44 വർഷം. സഹപാഠികൾ സ്നേഹ സമ്മാനം നൽകിയപ്പോൾ സന്തോഷക്കണ്ണീരണിഞ്ഞു. പ്രായം മറന്നവർ കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ട് സന്തോഷം പ്രകടിപ്പിച്ചു.
ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 1978 എസ്.എസ്.എൽ.സി ബാച്ചിലെ സഹപാഠികളാണ് ഒന്നര കിലോമീറ്റർ അകലെ ചെറുതുരുത്തി പൈങ്കുളം റെയിൽവേ ഗേറ്റിന് സമീപം താമസിക്കുന്ന നമ്പ്രത്ത് പുത്തൻപീടികയിൽ ഫാത്തിമയെ കണ്ടുപിടിക്കാൻ 44 വർഷമെടുത്തത്.
പഠിപ്പിലും സർഗാത്മക കഴിവുകളിലും ഫാത്തിമ മുന്നിലായിരുന്നു. സ്കൂൾ പഠനശേഷം ഫാത്തിമയെ കണ്ടവർ ആരുമില്ല. 1978 എസ്.എസ്.എൽ.സി ബാച്ച് പൂർവ വിദ്യാർഥിസംഗമം നടന്നെങ്കിലും ഫാത്തിമയെ കണ്ടെത്തിയില്ല. പിന്നെയും കൂട്ടായ്മ തിരച്ചിൽ തുടർന്നു. കഴിഞ്ഞദിവസമാണ് സഹപാഠികളായ വേലായുധനും അബ്ദുൽ ലത്തീഫും ഫാത്തിമ ഒന്നരകിലോമീറ്റർ അകലെ താമസിക്കുന്നു എന്ന വിവരം അറിയുന്നത്. തുടർന്ന് വിവരങ്ങൾ ചോദിച്ച് മനസ്സിലാക്കി.
പത്താം ക്ലാസുവിട്ടതോടെ ഫാത്തിമയുടെ പിതാവ് മരിക്കുകയും പിന്നീടുള്ള ജീവിതം ദുരിതത്തിലായ അവസ്ഥയിലായിരുന്നു. പിതാവിന്റെ സഹോദരനാണ് കുടുംബത്തെ സംരക്ഷിക്കുന്നത്. സഹപാഠികളായ സി. വേലായുധൻ ഇ. ഇന്ദിര, പി.ആർ. സരള, എം. ജയ, എം.കെ. രാജൻ, അബ്ദുൽ ലത്തീഫ്, കെ. മുരളി എന്നിവർ കഴിഞ്ഞദിവസം ഫാത്തിമയുടെ വീട് സന്ദർശിച്ച് സമ്മാനങ്ങളും സഹായവും നൽകി. 'നിള' പൂർവ വിദ്യാർഥി സംഘത്തിൽ ഫാത്തിമയെയും ഉൾപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.