ഗോത്ര കമീഷനിൽ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത് 5320 കേസുകൾ

കോഴിക്കോട്: പട്ടികജാതി-വർഗ ഗോത്ര കമീഷനിൽ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത് 5320 കേസുകളെന്ന് ഓഡിറ്റ് റിപ്പോർട്ട്. പട്ടികജാതി- വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ, ഭൂപ്രശ്‌നങ്ങൾ, സേവന വിഷയങ്ങൾ, പൊതു പ്രശ്‌നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് കമീഷൻ രജിസ്റ്റർ ചെയ്ത കേസുകളാണിത്. അഡ്‌മിനിസ്‌ട്രേറ്റീവ് റിപ്പോർട്ട് പ്രകാരം 2023 മാർച്ച് 31 വരെ തീർപ്പാക്കാത്ത കേസുകളുടെ കണക്കാണിത്.

ഈ 5320 കേസുകളിൽ 3008 എണ്ണം മുൻ വർഷങ്ങളിൽ രജിസ്റ്റർ ചെയ്തതാണെന്ന് പരിശോധനയിൽ കണ്ടെത്തി. ഓപ്പണിങ് ബാലൻസും ക്ലോസിങ് ബാലൻസും രേഖപ്പെടുത്തി ഓഫിസിൽ രജിസ്റ്ററുകൾ പരിപാലിക്കുന്നില്ല. അതിനാൽ വർഷാടിസ്ഥാനത്തിലുള്ള ബ്രേക്കപ്പുകൾ നൽകാൻ സ്ഥാപനത്തിന് കഴിഞ്ഞില്ല. കേസുകൾ തീർപ്പാക്കുന്നതിൽ കാലതാമസം നേരിടുന്നതിനാൽ, പട്ടിക വിഭാഗത്തിന് സമയോചിതമായ നീതി നിഷേധിക്കപ്പെടുകയാണ്.

2022 ഏപ്രിൽ മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം ഓഡിറ്റിന് ഹാജരാക്കിയ പ്രകാരം 2312 ആണ്. 2022 മാർച്ച് 31 വരെ തീർപ്പാക്കാതെ കിടന്നത് 5293 പരാതികളാണ്. ഇതു രണ്ടും കൂട്ടിയാൽ ആകെ 7605 കേസുകളായി. 2022-23 കാലത്ത് 2285 കേസുകൾ തീർപ്പാക്കി. അപ്പോഴും 2023 മാർച്ച് 31 വരെ തീർപ്പാക്കാതെ 5320 കേസുകളുണ്ടെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ രേഖപ്പെടുത്തി.

തീർപ്പാക്കാത്ത കേസുകളിൽ മുന്നിൽ തിരുവനന്തപുരമാണ്. 1469 കേസുകളാണ് തീർപ്പാക്കാനുള്ളത്. ഏറ്റവും കുറവ് വയനാട്ടിലാണ്. 95 കേസുകൾ വയനാട്ടിൽ തീർപ്പാക്കാനുണ്ട്. കൊല്ലം-417, പത്തനംതിട്ട-178, ആലപ്പുഴ-149, കോട്ടയം-169, ഇടുക്കി-223, എറണാകുളം-413, തൃശൂർ- 779, മലപ്പുറം-393, പാലക്കാട്-399, കോഴിക്കോട്-142, കണ്ണൂർ-188, കാസർകോട്-306 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ തീർപ്പാക്കാനുള്ള കേസുകൾ.

കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഓഡിറ്റ് റിപ്പോർട്ട് ഗോത്ര കമീഷനോട് ആവശ്യപ്പെട്ടു. 2020 മുതൽ 2022 വരെയുള്ള കാലയളവിൽ കോവിഡ് കാലയളവിൽ, ആ ഓഫിസിന് പതിവുപോലെ ഹിയറിങ്ങുകളും അദാലത്തുകളും നടത്താൻ കഴിഞ്ഞില്ലെന്നായിരുന്നു മറുപടി. ഇതോടെ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം വർധിച്ചു. മാത്രമല്ല, 2022-23 കാലയളവിൽ അദാലത്ത് നടത്തുന്നതിന് ഫണ്ടിന്റെ കുറവും ഉണ്ടായി. ചില ജില്ലകളിൽ നിവേദനങ്ങൾ കൈകാര്യം ചെയ്യാൻ ജീവനക്കാരുടെ ക്ഷാമം നേരിടുന്നുവെന്നും ഓഡിറ്റിന് ഗോത്ര കമീഷൻ നൽകിയ മറുപടി.

Tags:    
News Summary - 5320 cases are pending in tribal commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.