ഉരുൾപൊട്ടലിൽ 5.72 ദശലക്ഷം ഘന മീറ്റർ അവശിഷ്ടങ്ങൾ മണികൂറിൽ 100 കിലോമീറ്റർ വേഗതയിൽ ഒഴുകി- മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടലിൽ 5.72 ദശലക്ഷം ഘന മീറ്റർ അവശിഷ്ടങ്ങൾ മണികൂറിൽ 100 കിലോമീറ്റർ വേഗതയിൽ 32 മീറ്റർ വരെ ഉയരത്തിൽ അവശിഷ്ടങ്ങൾ ഒഴുകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെയും, വിദേശ രാജ്യങ്ങളിലേയും ശാസ്ത്രജ്ഞർ ചേർന്ന് പ്രസിദ്ധീകരിച്ച ശാസ്ത്ര ലേഖനത്തിലാണ് ഇക്കാര്യം വ്യ്കതാമക്കിയതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പി. ബാലചന്ദ്രൻ, ഇ.കെ. വിജയൻ, ജി.എസ്. ജയലാൽ, ഇ.ടി. ടൈസൺ മാസ്റ്റർ എന്നിവർക്ക് മറുപടി നൽകി.

രാജ്യത്തെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഏറ്റവും വലിയ ഉരുൾപൊട്ടലുകളുടെ ഗണത്തിലാണ് ഈ ദുരന്തം രേഖപ്പെടുത്തിയത്. കാലാവസ്ഥാ വ്യതിയാനം മൂലം പ്രാദേശികമായി ഉണ്ടാകുന്ന അതിതീവ്ര മഴ ഈ ഉരുൾപൊട്ടലിന് കാരണമായി എന്നും അന്താരാഷ്ട്ര പഠനങ്ങൾ ചൂണ്ടികാണിക്കുന്നു. സംസ്ഥാനത്തുണ്ടാകുന്ന ഉരുൾപ്പൊട്ടൽ സംബന്ധിച്ച് വിശദമായ പഠനങ്ങൾ 1999 മുതൽ നടന്നിട്ടുണ്ട്. ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ എന്നിവ എന്തുകൊണ്ട് ഉണ്ടാകുന്നുവെന്നത് സംബന്ധിച്ച വിശദമായ പഠനങ്ങളും നടന്നിട്ടുണ്ടെന്ന മുഖ്യമന്ത്രി അറിയിച്ചു.

മേപ്പാടി പഞ്ചായത്തിലെ വെള്ളരിമല വില്ലേജിൽ മുണ്ടക്കൈ- ചൂരൽമല- പുഞ്ചിരിമട്ടം എന്നീ പ്രദേശങ്ങളെ ബാധിച്ച ചരിത്രത്തിലെ ഏറ്റവും ഉരുൾപൊട്ടൽ ആണെന്ന് ഐ.ഐ.എൽ.ഇ.ആർ മൊഹാലി, കേരള യൂനിവേഴ്സിറ്റി, കുഫോസ്, ഐ.ഐ.ടി റൂർക്കി, യൂനിവേഴ്സിറ്റി ഓഫ് മിസിസിപ്പി യു.എസ്.എ, ബ്രിട്ടീഷ് ജിയോളജിക്കൽ സർവേ, ഹൈദരാബാദ് യൂനിവേഴ്സിറ്റി, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ വ്യ്കമായി. ജീവഹാനിയുടെയും, വിവിധ മേഖലകളിലെ നാശനഷ്ടങ്ങളുടെയും അടിസ്ഥാനത്തിലും ചരിത്രത്തിൽ സമാനതകളില്ലാത്തതു തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉരുൾപൊട്ടലിൽ 251 പേരുടെ ജീവൻ നഷ്ടപ്പെട്ടിട്ടു. 231 പേരുടെ മൃതദേഹങ്ങൾ, 222 ശരീര ഭാഗങ്ങൾ എന്നിവ കണ്ടെടുത്തു. 47 പേരെയാണ് ഇനിയും കണ്ടെത്തേണ്ടതായിട്ടുള്ളത്. ആകെ 298 ദുരന്തത്തിൽ ഉൾപ്പെട്ടതായി കണക്കാക്കുന്നു. ഉരുൾപ്പൊട്ടലുമായി ബന്ധപ്പെട്ട പ്രാഥമിക വിലയിരുത്തലിൽ ആകെ നാശനഷ്ടം 1202 കോടി രൂപയുടേതാണ്. ഇതിൽ സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾ പ്രകാരം സംഭവിച്ചിട്ടുള്ള യഥാർഥ നഷ്ടം 614.6 കോടി രൂപയുടേതാണ്. എന്നാൽ ദുരന്ത പ്രതികരണനിധിയിൽ നിന്നും യഥാർഥ നഷ്ടം മാനദണ്ഡമാക്കിയല്ല ധനസഹായം അനുവദിക്കുന്നത്. ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾക്കുള്ളിൽ നിന്ന് തയാറാക്കുമ്പോൾ കണക്കാക്കാൻ പറ്റിയ പരമാവധി തുക 219.2 കോടി രൂപയാണ്.

സംസ്ഥാന ദുരന്ത പ്രതികരണനിധിയുടെ മാനദണ്ഡങ്ങളിൽ ഇനിയും ഉൾപ്പെട്ടിട്ടില്ലാത്ത മേഖലകളിൽ 587.5 കോടി രൂപയുടെ നാശനഷ്ടം കണക്കാക്കി. അത് പ്രകാരമാണ് പ്രാഥമിക വിലയിരുത്തലിന്റെറെ അടിസ്ഥാനത്തിൽ 1202 കോടി രൂപയുടെ ധനസഹായത്തിനുള്ള മെമ്മോറാണ്ടം കേന്ദ്ര സർക്കാരിന് സമർപ്പിച്ചതെന്നും മുഖമന്ത്രി അറിയിച്ചു. 

Tags:    
News Summary - 5.72 million cubic meters of debris flowed at a speed of 100 km per hour in the landslide - Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.