കാസർകോട്: കോവിഡ് കാലത്ത് ടാറ്റ കമ്പനി കേരളത്തിന് സമ്മാനമായി നൽകിയ 60 കോടി രൂപയുടെ ടാറ്റ ആശുപത്രി ഇനി സ്കൂളുകളിലെ കഞ്ഞിപ്പുരകളാകും. ആശുപത്രിയുടെ പേരിൽനിന്നും ടാറ്റയെന്ന പദംതന്നെ നീക്കം ചെയ്യുന്നതോടെ ടാറ്റയുടെ കോവിഡ് സംഭാവന വിസ്മൃതിയിലുമാകും.
125 കണ്ടെയ്നറുകളാണ് ടാറ്റ ആശുപത്രിയിലുള്ളത്. ഇതിൽ പതിനൊന്ന് എണ്ണം ചോർന്നൊലിക്കുന്നവയാണ്. ഇവ നീക്കം ചെയ്യും. ബാക്കിയുള്ളവ ജില്ല പഞ്ചായത്തിനു കീഴിലുള്ള, കഞ്ഞിപ്പുരകളുടെ അഭാവമുള്ള സ്കൂളുകൾക്ക് കൈമാറും. കുറച്ച് എണ്ണം ജില്ല ആശുപത്രിയിൽ വിറകുപുരയുണ്ടാക്കാനും മറ്റും ഉപയോഗിക്കും. ടാറ്റ ആശുപത്രി ഉൾപ്പെടുന്ന ഉദുമ മണ്ഡലം എം.എൽ.എ സി.എച്ച്. കുഞ്ഞമ്പു, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. ജില്ല ആശുപത്രിക്കാണ് കോവിഡ് ആശുപത്രി കൈമാറിയത്.
അവിടെ ജില്ല ആശുപത്രിയുടെ ഭാഗമായ ക്രിട്ടിക്കൽ കെയർ യൂനിറ്റാവും ഉണ്ടാകുക. ഇതിനായി 25 കോടി രുപ സർക്കാർ അനുവദിച്ചിട്ടുണ്ട്. 4.12 ഏക്കർ ഭൂമിയാണ് കോവിഡ് ആശുപത്രിക്ക് അന്ന് നൽകിയത്. 81000 ചതുരശ്ര അടിയിലാണ് ആശുപത്രി നിർമിച്ചത്. ചട്ടഞ്ചാൽ മലബാർ ഇസ്‍ലാമിക് കോംപ്ലക്സിൽനിന്നാണ് പൊടുന്നനെ ഭൂമി ലഭ്യമാക്കിയത്. ഇവർക്കുള്ള പകരം ഭൂമി റവന്യൂ വകുപ്പ് കൈമാറിയിട്ടുണ്ട്.
രാജ്യത്തുതന്നെ കോവിഡ് രോഗികൾ ഏറ്റവും കൂടിയ ജില്ലയായി കാസർകോട് മാറിയപ്പോൾ ടാറ്റ സാമൂഹിക സുരക്ഷാ ഫണ്ടിൽനിന്നും 60 കോടി രൂപ ചെലവിൽ കോവിഡ് ആശുപത്രി സ്വമേധയ സമ്മാനിക്കുകയായിരുന്നു. 5000 കോവിഡ് രോഗികളെ ചികിത്സിച്ചു. 197 ജീവനക്കാരെ നിയമിച്ചു. 30 വർഷത്തേക്കാണ് ആയുസ്സ് കൽപിച്ചത്. കോവിഡ് ഒഴിഞ്ഞതോടെ സൂപ്പർ സ്‍പെഷാലിറ്റി ആശുപത്രിയായി ഉയർത്തുമെന്ന പ്രഖ്യാപനം ഉണ്ടായി. എന്നാൽ, പൊളിച്ചു നീക്കാനാണ് തീരുമാനം. ‘പൂർണമായും ശീതീകരിച്ച നിലയിൽ ഉപയോഗിക്കാൻ മാത്രം കഴിയുന്ന കണ്ടെയ്നറുകളാണവ. കോവിഡിനുശേഷം അവ നശിക്കാൻ തുടങ്ങി. ആ നിലയിൽ ഇനി ഉപയോഗിക്കാൻ കഴിയില്ല.
കണ്ടെയ്നറുകൾ കഞ്ഞിപ്പുരകൾക്കും മറ്റും ഉപയോഗിക്കാൻ തീരുമാനിച്ചു. ടാറ്റയുടെ പേര് ഇനിയുണ്ടാവില്ല’-ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.