തൃശൂർ: തദ്ദേശ വകുപ്പ് നടത്തിയ അതിദാരിദ്ര സർവേ കണക്കെടുപ്പ് പൂർത്തിയായപ്പോൾ സംസ്ഥാനത്ത് 73,555 അതിദരിദ്ര കുടുംബങ്ങളെന്ന് കണ്ടെത്തൽ. സംസ്ഥാനത്തെ മൊത്തം കുടുംബങ്ങളുടെ 0.73 ശതമാനം വരും ഇത്. കൂടുതൽ അതിദരിദ്രർ മലപ്പുറത്താണ്. കുറവ് കോട്ടയത്തും.
അഞ്ചുവർഷം കൊണ്ട് സംസ്ഥാനത്ത് ദാരിദ്ര്യം പൂർണമായും ഒഴിവാക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാൻ ലക്ഷ്യമിട്ടാണ് അതിദരിദ്ര സർവേ നടത്തിയത്. ദാരിദ്ര്യ ലിസ്റ്റിന് ഗ്രാമസഭതലത്തിൽ അംഗീകാരം നൽകുന്ന നടപടി ഇനിയും പൂർത്തിയായിട്ടില്ല. ഇതുവരെ 68 ശതമാനം (13266) ഗ്രാമസഭകൾ പൂർത്തിയായി ലിസ്റ്റിന് അംഗീകാരം നൽകിയതായി തദ്ദേശവകുപ്പ് അധികൃതർ അറിയിച്ചു.
രാജ്യത്താദ്യമായി ജനപങ്കാളിത്തത്തോടെ നടത്തുന്ന സർവേയാണിത്. സംസ്ഥാനത്തെ 1034 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കണക്കെടുപ്പ് പൂർത്തിയായപ്പോൾ പട്ടികയിൽ 14316-പട്ടികജാതി, 3432 -പട്ടികവർഗ കുടുംബങ്ങളും മറ്റ് വിഭാഗങ്ങളിൽപെട്ട 55807 കുടുംബങ്ങളും ഉൾപ്പെടുന്നു. തീരവാസികൾ -3042, ഏകാംഗ കുടുംബങ്ങൾ -49826, രണ്ടംഗ കുടുംബങ്ങൾ -11365.
ജനുവരി 31ന് തിരുവനന്തപുരം ജില്ല ഒഴികെ മറ്റെല്ലാ ജില്ലകളിലെയും കണക്കെടുപ്പ് പൂർത്തിയായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ പട്ടികയുടെ അവസാന നടപടിക്രമത്തിൽ ഓൺലൈനായാണ് ഗ്രാമസഭകൾ ചേരുന്നത്. അടുത്തദിവസംതന്നെ ഇവ പൂർത്തിയാകും.
2015-16 അടിസ്ഥാന വർഷമാക്കി നിതീ ആയോഗ് പ്രസിദ്ധീകരിച്ച ദാരിദ്ര്യ സൂചികയിൽ കേരളത്തിലായിരുന്നു ദരിദ്രർ കുറവ് -0.71 ശതമാനം. ആ വിലയിരുത്തലിൽനിന്ന് അൽപം കൂടുതലാണ് യഥാർഥ അതിദരിദ്രരെന്നാണ് ഇപ്പോഴത്തെ സർവേ കണ്ടെത്തൽ. നിർധനരും നിരാലംബരുമായ കുടുംബങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട 'ആശ്രയ പദ്ധതി'യിൽ സംസ്ഥാനത്ത് ഗുണഭോക്താക്കളായി 1,54,712 പേരുണ്ട്. ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങളായി അന്നപൂർണ അന്ത്യാദയ യോജന (എ.എ.വൈ) റേഷൻ കാർഡുള്ള 5,91,548 പേരുണ്ട്. ഇതിനുപുറമേയാണ് അതിദാരിദ്രമുള്ളവരുടെ ലിസ്റ്റ് കൂടി ചേരുന്നത്.
1. ഒരുവരുമാനവും ഇല്ലാത്തവർ 2. വീടില്ലാത്തവർ 3. രണ്ടുനേരം പോലും ഭക്ഷണം കിട്ടാത്തവർ 4. സൗജന്യറേഷനടക്കമുള്ളവ കിട്ടിയാലും പാകം ചെയ്ത് കഴിക്കാൻ സൗകര്യമില്ലാത്തവർ 5. ആരോഗ്യമില്ലാത്തവരും കിടപ്പുരോഗികളും 6. രോഗം കൊണ്ട് കടം കയറിയവർ.
തൃശൂർ: അതിദാരിദ്ര്യ സർവേക്കുവേണ്ടി നടന്നത് ലോകത്തിനുതന്നെ മാതൃകയായ പൊതുജനപങ്കാളിത്തം. സംസ്ഥാനത്തെ 1034 തദ്ദേശ സ്ഥാപനങ്ങളിലെ 19,489 വാർഡുകളിലായി നടന്നത് അതിദരിദ്രരെ നിർദേശിക്കാനുള്ള പൊതുജന പങ്കാളിത്തമുള്ള 69,119 ഫോക്കസ്ഗ്രൂപ് ചർച്ചകളാണ്. പിന്നീട് കണക്കെടുപ്പിന് മുമ്പുള്ള പ്രാഥമിക കണക്കെടുപ്പും (പ്രീ എന്യുമറേഷൻ), ശേഷമുള്ള കൃത്യത ഉറപ്പാക്കാനുള്ള സൂപ്പർ ചെക്കും പൂർത്തിയാക്കി.
അതിദാരിദ്ര്യ നിർണയ പ്രക്രിയയിൽ ഉദ്യോഗസ്ഥർ, എന്യൂമറേറ്റർമാർ, സന്നദ്ധ പ്രവർത്തകർ, ജനപ്രതിനിധികൾ, കുടുംബശ്രീ, ആശവർക്കർമാർ, അംഗൻവാടി, തൊഴിലുറപ്പ്, റെസിഡൻറ്സ് അസോസിയേഷൻ പ്രവർത്തകർ എന്നിവരുൾപ്പെടെ 13,74,072 പേർ ഭാഗമായി. കണക്കെടുപ്പിലാകട്ടെ 35,888 ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും സഹകരിച്ചു. ആദ്യഘട്ടത്തിൽ 69,119 ഫോക്കസ് ഗ്രൂപ് ചർച്ചകളിലൂടെ 1,18,309 ഗുണഭോക്തൃ സാധ്യത ലിസ്റ്റ് തയാറാക്കിയിരുന്നു. ഉപസമിതി അംഗീകാരവും പ്രാഥമിക കണക്കപ്പെടുപ്പും പൂർത്തിയായപ്പോൾ ഇത് 87,158 പേരായി. പിന്നീട് 20 ശതമാനത്തെ സൂപ്പർ ചെക്ക് (17,265) ചെയ്തശേഷമാണ് അന്തിമപട്ടിക തയാറാക്കിയത്.
ജില്ല കുടുംബങ്ങളുടെ എണ്ണം ശതമാനം
മലപ്പുറം 12,802 1.186
തിരുവനന്തപുരം 8185 0.734
കോഴിക്കോട് 7951 0.921
പാലക്കാട് 6645 0.772
എറണാകുളം 5888 0.579
തൃശൂർ 5399 0.558
കണ്ണൂർ 5148 0.74
കൊല്ലം 4857 0.568
ആലപ്പുഴ 3787 0.61
വയനാട് 3338 1.412
കാസർകോട് 2930 0.825
പത്തനംതിട്ട 2817 0.705
ഇടുക്കി 2689 0.78
കോട്ടയം 1119 0.193
ആകെ 73,555 0.736
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.