ആലപ്പുഴ: ജീവിത സായാഹ്നത്തിൽ അക്ഷരങ്ങളെ തേടിപ്പിടിക്കുക മാത്രമല്ല, അതുകൊണ്ട് സമൂഹത്തിന് ഗുണപ്പെടുന്ന എെന്തല്ലാം ചെയ്യാൻ കഴിയുമോ അതെല്ലാം ചെയ്യുകയാണ് ഇവിടെയൊരു മുത്തശ്ശി. പേര് കാർത്യായനിയമ്മ. വയസ്സ് 98. സാക്ഷരത പഠിതാവ് മാത്രമല്ല, മലയാള അക്ഷരങ്ങളുടെ മുത്തശ്ശി കൂടിയാണവർ.
2018 ആഗസ്റ്റ് അഞ്ചുവരെ ഹരിപ്പാട് മുട്ടം ചിറ്റൂർ പടീറ്റതിൽ കാർത്യായനിയമ്മയെ അയൽവാസികളല്ലാതെ പുറത്താരും അറിയില്ലായിരുന്നു. ഇന്ന് അവർ മലയാളികളുടെ മുഴുവൻ മുത്തശ്ശിയാണ്. ഇളയ മകൾ അമ്മിണിയമ്മയുടെ മകളുടെ കൂടെയാണ് താമസം. പേരക്കുട്ടികളുടെ മക്കൾ പഠിക്കുന്നത് കണ്ടപ്പോൾ തോന്നിയ കൗതുകത്തിൽനിന്നാണ് അക്ഷരങ്ങളുടെ വെള്ളിവെളിച്ചത്തിലേക്ക് നടന്നടുത്തത്. അത് പിന്നെ ആവേശമായി.
അക്ഷരങ്ങളുടെ പ്രണയവഴികളെക്കുറിച്ച് കാർത്യായനിയമ്മതന്നെ പറയും: ''അച്ഛൻ കൃഷ്ണപിള്ള കുടിപ്പള്ളിക്കൂടത്തിൽ ആശാനായിരുന്നു. അഞ്ച് പെൺമക്കളെയും അച്ഛൻതന്നെ നിലത്തെഴുത്ത് പഠിപ്പിച്ചു. പള്ളിക്കൂടത്തിലൊന്നും േപായിട്ടില്ല. നാലാമത്തെ മകളാണ് ഞാൻ. പിന്നീട് ഭർത്താവ് കൃഷ്ണപിള്ളയോടൊപ്പം 18ാം വയസ്സിൽ ജീവിതം തുടങ്ങി.
കൂലിപ്പണിയായിരുന്നു കൃഷ്ണപിള്ളക്ക്. ഞാൻ അടുത്തുള്ള അമ്പലങ്ങളിൽ ചെറിയ പണികൾക്ക് പോകും. രണ്ട് പെൺമക്കളാണ് -പൊന്നമ്മയും അമ്മിണിയമ്മയും. ചെറുപ്പത്തിൽ പഠിക്കാൻ നല്ല ആഗ്രഹമായിരുന്നു. പക്ഷേ, അന്നതിന് കഴിഞ്ഞില്ല''.
അക്ഷരവെളിച്ചം അവർ പിന്നീട് തിരിച്ചുപിടിക്കുന്നത് 96ാം വയസ്സിലാണ്. സമീപവാസിയും സാക്ഷരത പ്രേരകുമായ സതി പഠിക്കാൻ വരുന്നോ എന്ന് ചോദിച്ചപ്പോൾ രണ്ടാമതൊന്ന് ആലോചിച്ചില്ല. പിന്നെ കിട്ടിയ സമയം ഒട്ടും പാഴാക്കാതെ പഠനത്തോട് പഠനം. പുലർച്ച നാലിനൊക്കെ എഴുന്നേറ്റിരുന്ന് പഠിക്കുന്ന വല്യമ്മയെ വീട്ടുകാർപോലും അത്ഭുതത്തോടെയാണ് കണ്ടത്.
പുസ്തകങ്ങൾ വായിക്കാനും നന്നായി മലയാളം എഴുതാനും ഇന്ന് കാർത്യായനിയമ്മക്കാകും. കണിച്ചനല്ലൂർ ഗവ. എൽ.പി സ്കൂളിൽ സാക്ഷരത പരീക്ഷ എഴുതുന്ന കാർത്യായനിയമ്മയുടെ ചിത്രം വൈറലായിരുന്നു. ആ പരീക്ഷയിൽ അവർക്ക് ഒന്നാം റാങ്കും ലഭിച്ചു. കേരളത്തിലെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവ് എന്ന ബഹുമതിയും തേടിയെത്തി. രാഷ്ട്രപതി രാംനാഥ് കോവിന്ദിൽനിന്ന് അവാർഡ് സ്വീകരിച്ചുവന്ന കാർത്യായനിയമ്മയെ മുഖ്യമന്ത്രി പിണറായി വിജയനും സെക്രേട്ടറിയറ്റിൽ വിളിച്ചുവരുത്തി അനുമോദിച്ചു.
പഠിച്ച അക്ഷരങ്ങൾ ജീവിതത്തിൽ ഉപയോഗപ്പെടുത്താനും അവർ മറന്നില്ല. ക്വാറൻറീനിൽ കഴിയുന്ന മലയാളികൾക്ക് ആശ്വാസത്തിെൻറ വാക്കുകൾ കത്തുരൂപത്തിൽ തയാറാക്കി അവർക്ക് കലക്ടർക്ക് കൈമാറി. ഏഴാം ക്ലാസിൽ ഓൺലൈൻ പഠനത്തിെൻറ തിരക്കിലാണിപ്പോൾ. ദൈവം ആയുസ്സ് നൽകുകയാണെങ്കിൽ ഇനിയും തുടർപഠനത്തിന് തയാറാണെന്ന് 98െൻറ ചെറുപ്പത്തിലും അവർ പറയുന്നു. എല്ലാറ്റിനും കൂട്ടായി സാക്ഷരത പ്രേരക് സതിയും പേരക്കുട്ടികളും കുടുംബവും ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.