വിഴിഞ്ഞം: യൂട്യൂബ് ദൃശ്യം അനുകരിക്കാൻ ശ്രമിച്ച ആറാം ക്ലാസുകാരൻ പൊള്ളലേറ്റ് മരിച്ചു. വെങ്ങാനൂർ ഗാന്ധിസ്മാരക ആശുപത്രിക്കുസമീപം പ്രസരാലയത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ ആർ. പ്രകാശിെൻറയും വെങ്ങാനൂർ മദർ തെരേസ സ്കൂളിലെ അധ്യാപിക അനുഷയുടെയും മകൻ എ.പി. ശിവനാരായണൻ (12) ആണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചക്ക് 1.45നാണ് സംഭവം. യൂട്യൂബിൽ തീകൊണ്ട് തലയിൽ മുടി സ്ട്രെയിറ്റ് ചെയ്യുന്ന വിഡിയോ അനുകരിക്കാൻ ശ്രമിക്കുന്നതിനിടെ തീ പടർന്നെന്നാണ് ശിവനാരായണൻ എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഡോക്ടറോട് പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു. വിഡിയോയിൽ മുടിയിൽ പ്രത്യേകതരം ജെൽ പുരട്ടി ചെയ്യുന്നത് കുട്ടി മണ്ണെണ്ണ ഉപയോഗിച്ച് അനുകരിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. 90 ശതമാനം പൊള്ളലേറ്റ ശിവനാരായണൻ ആന്തരികാവയവങ്ങൾ തകരാറിലായതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രിയോടെ മരിച്ചു.
പഠനാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന മൊബൈലിലാണ് കുട്ടി വിഡിയോകൾ കാണാറുള്ളത്. തീകൊണ്ടുള്ള പരീക്ഷണ വിഡിയോകളും സാഹസിക വിഡിയോകളും കാണുന്ന പതിവ് ശിവനാരായണനുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. സംഭവസമയം കുട്ടിയും സഹോദരനും മുത്തശ്ശിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശിവനാരായണൻ വീടിെൻറ മുൻവശത്ത് മൊബൈലിൽ കളിച്ചുകൊണ്ടിരുന്നതാണെന്നും താൻ കുളിക്കാനും സഹോദരൻ പുറത്തും പോയപ്പോഴാണ് സംഭവമെന്നും മുത്തശ്ശി പൊലീസിന് മൊഴി നൽകി. കുളികഴിഞ്ഞുവന്നപ്പോൾ ശിവനാരായണൻ നിലത്ത് പൊള്ളലേറ്റ് കിടക്കുകയായിരുന്നെന്നും അവർ പറഞ്ഞു. ഇവരുടെ നിലവിളികേട്ടാണ് അയൽവാസികൾ ഓടിയെത്തിയത്. വൈദ്യുതാഘാതമേറ്റതാകാമെന്നാണ് ആദ്യം കരുതിയതെങ്കിലും എസ്.എ.ടി ആശുപത്രിയിൽ എത്തിച്ച ശേഷം ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ ശരീരത്തിൽ മണ്ണെണ്ണയുടെ അംശം കണ്ടെത്തിയത്.
വെങ്ങാനൂർ വി.പി.എസ് പബ്ലിക് സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയായിരുന്നു ശിവനാരായണൻ. സഹോദരൻ: കൈലാസ്നാഥ്. മൃതദേഹം തിരുവനന്തപുരം ശാന്തികവാടത്തിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.