തിരുവനന്തപുരം: 2011ൽ മുഖ്യമന്ത്രിയായി ചുമതലയേറ്റ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു എന്നും എന്നാൽ, രണ്ടു നിർദേശങ്ങളും താൻ നിരസിക്കുകയായിരുന്നെന്നും രമേശ് ചെന്നിത്തല. 2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയും താനും മത്സരിക്കുകയും വിജയിക്കുകയും ചെയ്തതോടെ മന്ത്രിസഭയെ ആരു നയിക്കുമെന്ന് പല തരത്തിലുള്ള ഊഹാപോഹങ്ങളുമുണ്ടായി.
കഷ്ടിച്ച് 72 എം.എൽ.എമാരുടെ മാത്രം പിന്തുണ ഉണ്ടായിരുന്ന അന്നത്തെ യു.ഡി.എഫിൽ ഉമ്മൻ ചാണ്ടിയും താനും ഒരുപോലെ അവകാശവാദം ഉന്നയിച്ചിരുന്നെങ്കിൽ യു.ഡി.എഫ് വലിയ പ്രതിസന്ധിയിലെത്തുമായിരുന്നു. ഇതൊഴിവാക്കാൻ താനാണ് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി ഉമ്മൻ ചാണ്ടിയുടെ പേര് നിർദേശിച്ചത്. എല്ലാവരും ഐകകണ്ഠ്യേന അത് അംഗീകരിക്കുകയും ചെയ്തെന്നും ചെന്നിത്തല മനസ്സ് തുറക്കുന്നു. മാധ്യമപ്രവർത്തകൻ സി.പി. രാജശേഖരൻ എഴുതിയ ‘രമേശ് ചെന്നിത്തല അറിഞ്ഞതും അറിയാത്തതും’ എന്ന പുതിയ പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തൽ.
പാമോലിൻ കേസിൽ കോടതി വിധി എതിരാണെങ്കിൽ താൻ രാജിവെക്കുമെന്ന് സത്യപ്രതിജ്ഞക്കു മുമ്പേ ഉമ്മൻ ചാണ്ടി കെ.പി.സി.സി പ്രസിഡന്റായിരുന്ന തന്നെ അറിയിച്ചിരുന്നു. എന്നാൽ, വിധി എതിരായപ്പോൾ ബെന്നി ബഹനാനെയും കൂട്ടി താൻ നേരിട്ടെത്തി ഉമ്മൻ ചാണ്ടിയെ അതിൽനിന്നു പിന്തിരിപ്പിക്കുകയായിരുന്നു. 2014ൽ ആഭ്യന്തര മന്ത്രിയായി ചേർന്നത് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ തീരുമാനപ്രകാരമാണെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടവെന്നും രമേശ് ചെന്നിത്തല പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.