കുമളി: ശബരിമലക്ക് പോകാൻ ചെന്നൈയിൽ നിന്നെത്തിയ ‘വ്യാജ’ വാഹനം അതിർത്തി ചെക്ക് പോസ്റ്റിൽ മോട്ടോർ വാഹന വകുപ്പിന്റെ പിടിയിലായി. തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കുമളിയിലെ അതിർത്തി ചെക്ക്പോസ്റ്റിൽ 12 തീർഥാടകരുമായി എത്തിയ ട്രാവലർ വാഹനമാണ് അധികൃതരുടെ പരിശോധനയിൽ വ്യാജനാണെന്ന് തെളിഞ്ഞത്.
വാഹനത്തിന്റെ ചുറ്റുമുള്ള നമ്പരും ഓഫിസിൽ നൽകിയ രേഖയും ഒന്നായിരുന്നെങ്കിലും ചെയിസ് നമ്പർ, എഞ്ചിൻ നമ്പർ എന്നിവ വേറെയാണെന്ന് അധികൃതർ കണ്ടെത്തി. അതിർത്തി ചെക്കു പോസ്റ്റിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.സി.മനീഷും സംഘവുമാണ് വാഹനം പിടികൂടിയത്. ചെന്നൈ സ്വദേശി ആർ.സന്തോഷ് കുമാറായിരുന്നു ഡ്രൈവർ.
തീർഥാടകർ വാടകക്കെടുത്തതാണ് വാഹനം. തീർഥാടകരെ പിന്നീട് കുമളിയിൽ നിന്നും രണ്ടു വാഹനങ്ങളിലായി ശബരിമലയിലേക്ക് അയച്ചു. പിടിച്ചെടുത്ത വാഹനവും ഡ്രൈവറെയും മോട്ടോർ വാഹന വകുപ്പ് പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.