തലശ്ശേരി: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരിൽ തലശ്ശേരി സ്വദേശിയും. തലശ്ശേരി ചേറ്റംകുന്ന് സ്വദേശിയും മുണ്ടക്കൈയിൽ താമസക്കാരനുമായ പി.കെ. പാർഥൻ (76) ആണ് മരിച്ചത്. ഇദ്ദേഹത്തോടൊപ്പം ഒലിച്ചുപോയ ഭാര്യ നന്ദയെ (68) കണ്ടെത്താനായില്ല. തിരച്ചിൽ തുടരുന്നു. നിലമ്പൂർ പോത്തുകല്ലിൽ നിന്നാണ് പാർഥന്റെ മൃതദേഹം കണ്ടെത്തിയത്.
ബുധനാഴ്ച വൈകീട്ട് തലശ്ശേരി ചേറ്റംകുന്നിലെ കരുണ സരോജം വീട്ടിലെത്തിച്ച മൃതദേഹം പൊതുദർശനത്തിനുശേഷം കണ്ടിക്കൽ നിദ്രാതീരം വാതക ശ്മശാനത്തിൽ സംസ്കരിച്ചു. വയനാട് മുണ്ടക്കൈയിലെ കരുണ സരോജം കാപ്പിത്തോട്ടം ഉടമയായിരുന്നു പാർഥൻ. 50 വർഷത്തിലേറെയായി ഭാര്യയോടൊപ്പം മുണ്ടക്കൈയിലായിരുന്നു.
വയനാട് ഹാരിസൺ മലയാളം തേയില എസ്റ്റേറ്റിൽ ഹെഡ്ക്ലാർക്കായിരുന്ന തലശ്ശേരി കോണോർവയലിലെ പരേതനായ കനോത്ത് കരുണാകരന്റെയും തലശ്ശേരി കായ്യത്ത് റോഡിലെ പരേതയായ പനങ്ങാടൻ സരോജിനിയുടെയും മകനാണ്. അച്ഛൻ വയനാട്ടിൽ ജോലി ചെയ്യുന്ന കാലം മുതൽ പാർഥനും വയനാട്ടിലായിരുന്നു. അവിടെയാണ് പഠിച്ചതും വളർന്നതും.
ഉരുൾപൊട്ടലിൽ കാണാതായ ഇദ്ദേഹത്തിന്റെ ഭാര്യ ഉച്ചമ്പള്ളി നന്ദ തലശ്ശേരി ചേറ്റംകുന്ന് സ്വദേശിനിയാണ്. പരേതരായ ബാലൻ-പത്മിനി ദമ്പതികളുടെ മകളാണ്. മക്കൾ: ഹർഷ (ഐ.ടി, എറണാകുളം), വൈഷ്ണ (കാനഡ). മരുമക്കൾ: അർജുൻ (ബിസിനസ്, എറണാകുളം), രാഹുൽ (കാനഡ). പാർഥന്റെ സഹോദരങ്ങൾ: പി.കെ. ശ്രീകുമാർ (കോഫി എസ്റ്റേറ്റ്, വയനാട്), പ്രഭാത് (ബിസിനസ്, മേപ്പാടി), പ്രസാദ് (ബിസിനസ്, ചേറ്റംകുന്ന്).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.