തുറവൂർ : ജന്മനാ ഇരു കണ്ണുകൾക്കും കാഴ്ചയില്ലാത്ത യുവാവും മാതാവും താമസിക്കുന്ന ഓട് മേഞ്ഞ വീട് മഴയിൽ തകർന്നു. കോടംതുരുത്ത് പഞ്ചായത്ത് രണ്ടാം വാർഡിൽ എഴുപുന്ന തെക്ക് പനക്കൽ സിജിൻ (39) മാതാവ് ഗ്ലാഡീസ് എന്നിവരാണ് തകർന്ന വീടിനുള്ളിൽ കഴിയുന്നത്.
30 വർഷം പഴക്കമുള്ള മൂന്നു ചെറിയ മുറികളുള്ള വീട് ദ്രവിച്ചുതുടങ്ങി. മഴ കനത്താൽ ചോർച്ചയില്ലാത്ത ഒരു സ്ഥലവും ബാക്കിയില്ല.കുത്തിയിരുന്ന് നേരം വെളുപ്പിച്ച ദിവസങ്ങൾ ഒട്ടേറെയെന്ന് സിജിൻ പറയുന്നു.
ജന്മനാ അന്ധനായ സിജിൻ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ആലുവ കീഴ്മാട് അന്ധവിദ്യാലയത്തിലാണ് പഠിച്ചത്. പത്തിൽ നല്ല മാർക്ക് നേടി പാസായെങ്കിലും തുടർ പഠനത്തിന് കഴിഞ്ഞില്ല. പിതാവ് സാംസൻ വർഷങ്ങൾക്കു മുൻപ് മരിച്ചു. മാതാവ് ഗ്ലാഡിസ് ചെമ്മീൻ പീലിംഗ് ഷെഡ്ഡിൽ പണിയെടുത്താണ് കുടുംബം പുലർത്തുന്നത്.
സിജിന്‍ ജീവിതമാർഗമായി ചന്തിരൂരിലെ ഫ്രണ്ട്സ് ഓഫ് പേഷ്യന്റസ് എന്ന സംഘടനയുടെ സഹായത്താൽ വീടിനു സമീപം ചെറിയൊരു കട തുടങ്ങിയെങ്കിലും ആറു വർഷം കഴിഞ്ഞപ്പോൾ കച്ചവടം കുറഞ്ഞത് മൂലം അടച്ചു. മൂന്നര സെൻറ് ഭൂമിയിലാണ് വീട്. ഭൂമിയുടെ പട്ടയം പോലും ഇതുവരെ ലഭ്യമായിട്ടില്ല. തലച്ചോറുമായി ബന്ധപ്പെട്ട ഞരമ്പുകൾ കണ്ണിലേക്ക് ഇല്ലാത്തതാണ് സിജിന്‍ അന്ധത ബാധിക്കാൻ കാരണമെന്ന് ഡോക്ടർമാർ പറയുന്നു. ഞരമ്പ് മാറ്റി വയ്ക്കാൻ ശാസ്ത്രക്രിയയ്ക്ക് ലക്ഷങ്ങൾ ചെലവ് വരും. ഇതിനുള്ള സാമ്പത്തിക സ്ഥിതിയില്ല. മഴ വന്നാൽ നനയാതെ അന്തിയുറങ്ങാനുള്ള ചെറിയൊരു വീടാണ് സിജിന്റെ സ്വപ്നം. സുമനസ്സുകളുടെ സഹായം തേടുകയാണ് സിജിനും മാതാവും. ഫോൺ നമ്പർ 8590125127.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.