കോഴിക്കോട്: തുടർച്ചയായി മത്സരിച്ചവരെ മത്സരിപ്പിക്കേണ്ടെന്ന സി.പി.എം തീരുമാനത്തിൽ എ. പ്രദീപ് കുമാറിന് ഇളവ്. കോഴിക്കോട് നോർത്തിനെ തുടർച്ചയായി മൂന്നുതവണ നിയമസഭയിൽ പ്രതിനിധാനം ചെയ്യുന്ന പ്രദീപ് കുമാറിന് ഒരവസരംകൂടി നൽകിയേക്കും. നിരവധി വികസനപ്രവർത്തനങ്ങൾ നടത്തിയ പ്രദീപ് കുമാറിെൻറ ജനകീയത ഒരുവട്ടംകൂടി ജയം എളുപ്പമാക്കുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.
തീരുമാനം ജില്ല നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിക്കും. പ്രദീപ് കുമാറിനും മത്സരത്തിനൊരുങ്ങാൻ സൂചന നൽകിയിട്ടുണ്ട്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ എം.കെ. രാഘവനോട് തോറ്റതാണെങ്കിലും നോർത്തിൽ മറ്റൊരു സ്ഥാനാർഥി േവണ്ടെന്നാണ് അഭിപ്രായം. കോൺഗ്രസ് തരംഗത്തിൽ 4558 വോട്ടിെൻറ ഭൂരിപക്ഷമായിരുന്നു എം.കെ. രാഘവനുണ്ടായിരുന്നത്.
2006ൽ കോഴിക്കോട് ഒന്നിൽ എ. സുജനപാലിനെ തോൽപിച്ചാണ് എ. പ്രദീപ് കുമാർ കുതിപ്പ് തുടങ്ങിയത്. നോർത്ത് മണ്ഡലം നിലവിൽവന്നശേഷം 2011ൽ പി.വി. ഗംഗാധരനായിരുന്നു എതിരാളി. 2016ൽ പി.എം. സുരേഷ് ബാബുവിനെയാണ് പ്രദീപ് കുമാർ തോൽപിച്ചത്.
മണ്ഡലത്തിൽ സർക്കാർ സ്കൂളുകളുടെ നവീകരണം മുതൽ ബീച്ച് സൗന്ദര്യവത്കരണം വരെ ഒട്ടേറെ പദ്ധതികളാണ് പ്രദീപ് കുമാർ െകാണ്ടുവന്നത്. ജില്ലയിലെ പാർട്ടിയുടെ തീരുമാനം സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റും സംസ്ഥാന സമിതിയും തള്ളിയാൽ മുൻ മേയർ തോട്ടത്തിൽ രവീന്ദ്രനെയാകും രംഗത്തിറക്കുക. ജനകീയതയും ഭരണപരിചയവുമാണ് തോട്ടത്തിലിെൻറ പ്ലസ് പോയൻറ്.
ശക്തമായ മത്സരത്തിനായി യു.ഡി.എഫും മണ്ഡലത്തിൽ കച്ചകെട്ടുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ പരസ്പരം കാലുവാരൽ നടന്നതിനാൽ യു.ഡി.എഫിന് മണ്ഡലത്തിലെ ചില വാർഡുകൾ നഷ്ടമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് 13,000ത്തിലേറെ വോട്ടിന് യു.ഡി.എഫ് പിന്നിലാണ്. കോർപറേഷനിലെ 28 വാർഡുകളുൾപ്പെടുന്ന നോർത്തിൽ ബി.െജ.പിയുടെ പ്രകടനവും ശ്രേദ്ധയമായിരുന്നു.
അഞ്ചു വാർഡുകൾ ബി.ജെ.പിക്കുണ്ട്. യു.ഡി.എഫിന് ആറെണ്ണമാണുള്ളത്. എൽ.ഡി.എഫിന് 18 വാർഡുകളും. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി വിദ്യ ബാലകൃഷ്ണനാണ് യു.ഡി.എഫ് പട്ടികയിൽ സാധ്യത. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശിനെ എൻ.ഡി.എയും രംഗത്തിറക്കിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.