അതീവ ഗുരുതര സാമ്പത്തിക പ്രതിസന്ധി; ഡിസംബറോടെ കേരളത്തിന്റെ കട പൂട്ടും -കെ.സുധാകരൻ

തിരുവനന്തപുരം: കേരളത്തെ കേന്ദ്രം സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രം പണം നല്കുന്നില്ലെന്നത് വ്യാജ പ്രചാരണമാണെന്നു കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനും പരസ്പരം പഴിചാരുന്ന പശ്ചാത്തലത്തില്‍ നിജസ്ഥിതി കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ധവളപത്രം പുറപ്പെടുവിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

കേരത്തിന്റെ അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ വ്യക്തമായ ചിത്രം ജനങ്ങള്‍ക്ക് അടിയന്തരമായി അറിയേണ്ടതുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് ജനങ്ങളുടെ ആനുകൂല്യങ്ങളാണ് നിഷേധിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 50 ലക്ഷം ക്ഷേമപെന്‍ഷന്‍കാരില്‍ 8.46 ലക്ഷം പേര്‍ക്കു മാത്രമാണ് കേന്ദ്രം പണം നല്കുന്നതെന്നു പറയുന്ന മുഖ്യമന്ത്രിക്ക് ബാക്കിയുള്ളവരുടെ നാലു മാസത്തെ കുടിശിക വരുത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും. ക്ഷേമ പെന്‍ഷന്‍ നല്കാന്‍ മാത്രമായി പെട്രോളിയം ഉല്പന്നങ്ങള്‍ക്ക് രണ്ടു രൂപ സെസ് ഏര്‍പ്പെടുത്തി പിരിച്ച ശതകോടികള്‍ എവിടെപ്പോയെന്നും കെ.സുധാകരൻ ചോദിച്ചു.

2023- 24ലെ സി.എ.ജി റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് 28,258 കോടി രൂപയുടെ നികുതി കുടിശികയുണ്ട്. സംസ്ഥാനത്തിന്റെ റവന്യൂവരുമാനത്തിന്റെ 23 ശതമാനം വരുമിത്. ഇതില്‍ ഏറ്റവും കൂടുതല്‍ നികുതി കുടിശികയുള്ളത് ജി.എസ്.ടി വകുപ്പിനാണ്. 13,410 കോടി രൂപ. കേരളീയം പരിപാടിക്ക് ഏറ്റവും കൂടുതല്‍ സ്‌പോണ്‍സറെ സംഘടിപ്പിച്ചു കൊടുത്തതിന് മുഖ്യമന്ത്രി അവാര്‍ഡ് നല്കിയത് ജി.എസ്ടി അഡീഷണല്‍ കമ്മീഷണര്‍ക്കാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ 2011-16 കാലയളവില്‍ മൊത്തം ആഭ്യന്തര വരുമാനവും സഞ്ചിത കടവും തമ്മിലുള്ള അനുപാതം ധന ഉത്തരവാദ നിയമപ്രകാരമുള്ള 29 ശതമാനത്തില്‍ താഴെയായിരുന്നു. 2016 മുതല്‍ ഇത് പരിധി വിട്ടെന്നു മാത്രമല്ല 2023-24ല്‍ ഇത് ആശങ്ക ഉയര്‍ത്തുന്ന 36.5 ശതമാനത്തില്‍ എത്തുകയും ചെയ്തു. കേരളം, രാജസ്ഥാന്‍, ബിഹാര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ മാത്രമാണ് പരിധി ലംഘിച്ചത് എന്നാണ് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട്. 2000 കോടി രൂപ കൂടി കടമെടുക്കാന്‍ കേന്ദ്രാനുമതി ഇപ്പോള്‍ അനുമതി നല്കിയതോടെ കേരളത്തിന് ഇനി 50 കോടി രൂപ കോടി മാത്രമേ കടമെടുക്കാനാകൂ. ഡിസംബറോടെ കേരളത്തിന്റെ കട പൂട്ടുന്ന അവസ്ഥയിലാണ് കാര്യങ്ങളെന്നും കെ.സുധാകരൻ പറഞ്ഞു.

കേന്ദ്രസംസ്ഥാന പദ്ധതികളില്‍ ചാപ്പകുത്തി അതിനെ വോട്ടിനായി വിനിയോഗിക്കുന്നതിനോട് ഒരിക്കലും യോജിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - A very serious financial crisis in Kerala - K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.