ചെറുപ്പക്കാരെ സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് ഉപകരണമാക്കുന്നു -എ. വിജയരാഘവന്‍

കോഴിക്കോട്: സമരം നടത്തുന്ന ഉദ്യോഗാര്‍ഥികളെ വിമര്‍ശിച്ച് സി.പി.എം സംസ്ഥാന അക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍. ഉദ്യോഗാര്‍ഥികളുടെ സമരപന്തല്‍ ആസൂത്രിത ആക്രമണത്തിന് വേണ്ടിയാണെന്ന് വിജയരാഘവന്‍ പറഞ്ഞു. പി.എസ്.സി നിയമന വിഷയത്തില്‍ കോണ്‍ഗ്രസ് ഉന്നയിക്കുന്നത് സാധ്യമല്ലാത്ത കാര്യങ്ങളാണ്. ചെറുപ്പക്കാരെ അക്രമത്തിന്‍റെ ഉപകരണമാക്കാന്‍ ശ്രമം നടക്കുകയാണെന്നും വിജയരാഘവന്‍ ആരോപിച്ചു.

സംസ്ഥാനത്തിന്‍റെ വികസന മുന്നേറ്റത്തിന് തടയിടാന്‍ അസാധ്യമായ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് അക്രമസമരങ്ങള്‍ സംഘടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. സര്‍ക്കാറിന് നിയമപരമായും ഭരണഘടനാപരമായും മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ. പി.എസ്.സി റാങ്ക് പട്ടികയുടെ കാലാവധി കഴിഞ്ഞാല്‍ പിന്നെ ആ പട്ടികയില്‍ നിന്ന് നിയമനം നടത്താനാവില്ല. ഒഴിവുകളുണ്ടെങ്കില്‍ മാത്രമേ നിയമനവും സാധിക്കൂ.

എന്നാല്‍, ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുമ്പോള്‍ അതിനെ പ്രോത്സാഹിപ്പിക്കാന്‍ പാടുണ്ടോ എന്ന് വിജയരാഘവൻ ചോദിച്ചു. സമരത്തിനോട് വിരോധമില്ലെന്നും എന്നാല്‍ സമരത്തിലുയര്‍ത്തുന്ന ആവശ്യം അപ്രായോഗികമാണെന്നും വിജയരാഘവൻ ചൂണ്ടിക്കാട്ടി.

ഇത്തരത്തിലുള്ള സമരത്തെയാണ് കോണ്‍ഗ്രസ് പിന്തുണക്കുന്നത്. ആസൂത്രിത ആക്രമമാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യം. കുറച്ച് ചെറുപ്പക്കാരെ തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാറിനെതിരായ സമരത്തില്‍ ഉപകരണമാക്കാനാവുമോ എന്നാണ് കോണ്‍ഗ്രസിന്‍റെ കപടബുദ്ധിയില്‍ കാര്യങ്ങള്‍ ചിന്തിക്കുന്നവര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഉമ്മന്‍ചാണ്ടി ഭരണത്തിന്‍റെ അവസാന കാലത്തും ഒരു ലക്ഷത്തിലധികം പേർ ജോലി കിട്ടാത്തവരായി ഉണ്ടായിരുന്നു.

ഇടതുസര്‍ക്കാറിന്‍റെ കാലത്ത് തൊഴില്‍രഹിതരോട് അനുഭാവപൂര്‍വമായ സമീപനമാണ് സ്വീകരിച്ചത്. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള അക്രമസമരങ്ങള്‍ എന്നത് യു.ഡി.എഫ് ശീലമാക്കിയെന്നും എ. വിജയരാഘവന്‍ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

Tags:    
News Summary - A Vijayaraghavan React to PSC Rank List Holders Strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.