തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാനനില തകർന്നിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളിലും അക്രമങ്ങളിലും സഭ നിർത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം. മുസ്ലിം ലീഗിലെ എന്‍. ഷംസുദ്ദീന് എം.എല്‍.എയാണ് നോട്ടീസ് നല്‍കിയത്.
സംസ്ഥാനം ഗുണ്ടാ ഇടനാഴിയായി മാറിയിരിക്കുകയാണെന്നും പൊലീസ് നിഷ്‌ക്രിയത്വം കാരണമാണ് കൊലപാതക സംഭവങ്ങൾ ആവർത്തിക്കുന്നതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്ക് പോലീസിന് മേൽ നിയന്ത്രണം നഷ്ടപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. ജനങ്ങൾ ഭയപ്പാടിലാണ്. ക്രമസമാധാന നില പുനസ്ഥാപിക്കാൻ നടപടികൾ ഉണ്ടാകുന്നില്ല. ജില്ലാ പൊലീസ് സൂപ്രണ്ടുമാരെമാരെ നിയന്ത്രിക്കുന്നത് സി.പി.എം ജില്ലാ സെക്രട്ടറിമാരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു.
എന്നാൽ, ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി മറുപടി നൽകി. മുഖ്യമന്ത്രിയുടെ വിശദീകരണത്തിനു പിന്നാലെ സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷ നേതാവ് വാക്കൗട്ട് പ്രസംഗം നടത്തുകയും സഭയിൽനിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോകുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.