ഇരിട്ടി: പട്ടാപ്പകൽ റോഡിൽവെച്ച് മകളുടെ മുന്നിലിട്ട് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവതിയുടെ ഭർത്താവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. കഴുത്തിൽ മുറിവേറ്റ കുന്നോത്ത് ബെൻഹിൽ സ്വദേശി കെ.യു. സജിതയെ (36) ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂരിലേക്കും മാറ്റി ശസ്ത്രക്രിയക്ക് വിധേയമാക്കി. ഇവരുടെ ഭർത്താവ് വിളമന സ്വദേശി കല്യാടൻ വീട്ടിൽ ഉമേഷിനെതിരെ (40) ഇരിട്ടി പൊലീസ് വധശ്രമത്തിന് കേസെടുത്തു.
ബുധനാഴ്ച രാവിലെ 10ഓടെ ബെൻഹിൽ സ്കൂളിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനടുത്ത് അന്തർ സംസ്ഥാന പാതയിൽ വെച്ചായിരുന്നു സംഭവം. കുടുംബ പ്രശ്നങ്ങൾ കാരണം തമ്മിൽ പിരിഞ്ഞ സജിത കുട്ടികളോടൊപ്പം വാടകവീട്ടിൽ താമസിച്ചുവരുകയായിരുന്നു. കോടതിയിൽ നടക്കുന്ന കേസുമായി ബന്ധപ്പെട്ട് പേപ്പർ കൈമാറാനുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയായിരുന്നു ആക്രമണം.
കാറിലെത്തിയ ഉമേഷ് പുറത്തിറങ്ങിയ ഉടനെ സജിതയുമായി വാക്കുതർക്കമായി. ഇതിനിടയിൽ സജിത പൊലീസിനെ വിളിക്കാൻ ഫോൺ എടുക്കുന്ന സമയത്ത് ഉമേഷ് പിന്നിൽ ഒളിപ്പിച്ച കത്തി ഉപയോഗിച്ച് കഴുത്തിന് വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സജിത ഇളയ മകൾക്കൊപ്പമാണ് സംഭവസ്ഥലത്ത് എത്തിയത്. പഞ്ചാബ് നാഷനൽ ബാങ്ക് ജീവനക്കാരിയാണ് സജിത. സംഭവസമയത്ത് എത്തിയ യാത്രക്കാരാണ് സജിതയെ ആശുപത്രിയിൽ എത്തിച്ചത്.
നാട്ടുകാർ ഉമേഷിനെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു. എ.എസ്.ഐ സുജിത്തും സീനിയർ സിവിൽ പൊലീസ് ഓഫിസർ പത്മരാജനും ചേർന്ന് കസ്റ്റഡിയിലെടുത്ത് പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.