എല്ലാ പത്രത്തിലും എൽ.ഡി.എഫ് പരസ്യമുണ്ടാകുമെന്ന് കരുതിയാണ് ‘സിറാജി’ലും നൽകിയത് -എ.പി അബ്ദുല്‍ ഹഖീം അസ്ഹരി

കോഴിക്കോട്: ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യരെ കരുവാക്കി, പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പി. സരിനു വേണ്ടിയുള്ള എൽ.ഡി.എഫിന്‍റെ വിവാദ പരസ്യം പ്രസിദ്ധീകരിച്ചതിൽ പ്രതികരണവുമായി എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ മകനുമായ ഡോ. എ.പി അബ്ദുല്‍ ഹഖീം അസ്ഹരി. എല്ലാ പത്രത്തിലും പരസ്യമുണ്ടാകുമെന്ന് കരുതിയാണ് ‘സിറാജി’ൽ പരസ്യം നൽകിയതെന്ന് എ.പി അബ്ദുല്‍ ഹഖീം അസ്ഹരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പരസ്യത്തിന്‍റെ ഉള്ളടക്കത്തിന്‍റെ ഉത്തരവാദിത്തം അത് നൽകിയവർക്ക് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒരു പരസ്യം വരുമ്പോൾ എല്ലാ പത്രത്തിലും നൽകിയിട്ടുണ്ടാകുമെന്നും നമ്മൾ മാത്രം നൽകാതിരുന്നാൽ അത് വിമർശനമാകും. ഇത് ചില പത്രങ്ങൾക്ക് മാത്രമേ കിട്ടിയിട്ടുള്ളൂ എന്നത് പിന്നീടാണ് അറിയുന്നത്. പരസ്യത്തിലെ ഉള്ളടക്കത്തെക്കുറിച്ചും അതിലെ താൽപര്യങ്ങളെക്കുറിച്ചും പരസ്യം കൊടുത്തവരാണ് പറയേണ്ടത് -അദ്ദേഹം വ്യക്തമാക്കി.

സുപ്രഭാതത്തിലെ എൽ.ഡി.എഫ് പരസ്യം ബി.ജെ.പിക്ക് ഗുണകരമായി -വൈസ് ചെയർമാൻ

കോഴിക്കോട്: എൽ.ഡി.എഫിന്‍റെ വിവാദ പരസ്യം സുപ്രഭാതത്തിൽ നൽകിയതിനെതിരെ പത്രത്തിന്‍റെ വൈസ് ചെയർമാനും ഗൾഫ് ചെയർമാനുമായ സൈനുൽ ആബിദീൻ രംഗത്തെത്തി. പരസ്യം ബി.ജെ.പിക്ക് ഗുണകരമായെന്നും ഇത്തരം സംഭവങ്ങൾ ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

സുപ്രഭാതത്തിൽ വന്ന പരസ്യം വല്ലാതെ വേദനിപ്പിച്ചതും പ്രയാസപ്പെടുത്തിയതുമാണ്. അത് സുപ്രഭാതത്തിന്‍റെ പ്രഖ്യാപിത നയങ്ങൾക്കെതിരാണ്. സന്ദീപ് വാര്യറുടെ മാറ്റം എന്തുകൊണ്ട് ഉൾകൊള്ളാൻ കഴിയുന്നില്ല? നല്ലതിലേക്കുള്ള മാറ്റത്തെ ഉൾകൊള്ളതെ നൽകിയ പരസ്യം ബി.ജെ.പിക്ക് ഗുണകരമായി തീർന്നു എന്നാണ് വിലയിരുത്തൽ. മുനമ്പം വിഷയത്തിൽ സഹകരിച്ച് മുന്നോട്ടുപോകാമെന്ന് തീരുമാനിച്ച ശേഷം അത് വഖഫ് ഭൂമിയാണെന്ന് പറഞ്ഞ് ലേഖനം വന്നപ്പോൾ കുറേ പേർക്ക് ദുഃഖമുണ്ടായി. ആണോ അല്ലയോ എന്നതിനല്ല, അതിന്‍റെ പ്രസക്തി എന്ത് എന്നതാണ്. ഇത്തരം സംഭവങ്ങൾ ഒഴിവാക്കേണ്ടതാണ് -വൈസ് ചെയർമാൻ സൈനുൽ ആബിദീൻ പറഞ്ഞു.

പാലക്കാട് ഉപതെരഞ്ഞെടുപ്പിന്‍റെ നിശബ്ദ പ്രചാരണ ദിവസമാണ് ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ട് ഇരുസുന്നി വിഭാഗങ്ങളുടെയും മുഖപത്രങ്ങളായ സുപ്രഭാതം, സിറാജ് എന്നിവയിൽ എൽ.ഡി.എഫിന്‍റെ പരസ്യം പ്രസിദ്ധീകരിച്ചത്. സന്ദീപിന്റെ പഴയ പല വിവാദ പരാമര്‍ശങ്ങളും ഉള്‍ക്കൊള്ളിച്ച് ‘സരിന്‍ തരംഗം’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച പരസ്യം കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിക്കുന്നതാണ്. ‘ഈ വിഷനാവിനെ സ്വീകരിക്കുകയോ കഷ്ടം’ എന്ന തലക്കെട്ടിലാണ് സന്ദീപ് വാര്യരുടെ ചിത്രം നൽകിയുള്ള പരസ്യം. അനുമതി വാങ്ങാതെയാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പരസ്യം നൽകിയത്. അനുമതി വാങ്ങാതെയാണ് പരസ്യം പ്രസിദ്ധീകരിച്ചതെന്ന് പാലക്കാട് ജില്ല ഇൻഫർമേഷൻ വകുപ്പ് കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു.

Tags:    
News Summary - Abdul Hakeem Azhari about LDF Ad in Siraj Daily

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.