അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി

അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി വീണ്ടും സി.ഐ.സി ജനറൽ സെക്രട്ടറി

മലപ്പുറം: കോഓഡിനേഷൻ ഓഫ് ഇസ്‍ലാമിക് കോളജസിന്റെ (സി.ഐ.സി) ജനറൽ സെക്രട്ടറിയായി വീണ്ടും അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിയെ തെരഞ്ഞെടുത്തു. സി.ഐ.സി സ്ഥാപകനാണ് ആദൃശ്ശേരി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രസിഡന്റും അലി ഫൈസി തൂത ട്രഷററുമായാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്.

ഇ.കെ വിഭാഗം സമസ്തയിലെ ഒരു വിഭാഗത്തിന്റെ കടുത്ത എതിർപ്പിനെ തുടർന്ന് ആദൃശ്ശേരി നേരത്തേ സി.ഐ.സി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനിന്നതായിരുന്നു. മത-ഭൗതിക വിദ്യാഭ്യാസത്തെ സമന്വയിപ്പിച്ചുള്ള സി.ഐ.സി സിലബസ് വലിയ അംഗീകാരം നേടുന്നതിനിടെയാണ് സമസ്തയിൽ ആദൃശ്ശേരിക്കെതിരെയും സി.ഐ.സിക്കെതിരെയും വിവാദം ഉടലെടുത്തത്.

ഇത് വലിയ വിഭാഗീയതയിലേക്കും സംഘർഷത്തിലേക്കും നീങ്ങി. പാണക്കാട് സാദിഖലി തങ്ങൾ സി.ഐ.സി സംവിധാനത്തിനും ആദൃശ്ശേരിയുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ മുന്നേറ്റത്തിനും വലിയ പിന്തുണ നൽകിയിരുന്നെങ്കിലും തർക്കം രൂക്ഷമായതോടെ തൽക്കാലം പദവിയിൽനിന്ന് മാറിനിൽക്കാൻ പറയുകയായിരുന്നു. അദ്ദേഹം മാറിയിട്ടും സി.​ഐ.സി സിലബസിനെ ചൊല്ലി തർക്കം തുടർന്നു. ഒടുവിൽ വിവാദങ്ങൾ അടങ്ങിയശേഷമാണ് വീണ്ടും ആദൃശ്ശേരി ജനറൽ സെക്രട്ടറി സ്ഥാന​ത്തേക്കു വരുന്നത്.

2024-26 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റിയാണ് സി.ഐ.സി ആസ്ഥാനമായ പാങ്ങ് വഫ കാമ്പസിൽ ചേർന്ന സി.ഐ.സി സെനറ്റ് യോഗത്തിൽ നിലവിൽവന്നത്. പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ, പി.എസ്.എച്ച്. തങ്ങൾ പരപ്പനങ്ങാടി, അലി ഫൈസി തൂത എന്നിവർ അവതരിപ്പിച്ച പാനൽ സെനറ്റ് ഐകകണ്ഠ്യേന പാസാക്കിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - Abdul Hakeem Faizy Adrisseri again selected as CIC General Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.