വിജിലൻസ് പരിശോധനയിൽനിന്ന്. പിടിച്ചെടുത്ത മദ്യക്കുപ്പികൾ മേശപ്പുറത്ത് കാണാം

കൈക്കൂലിയായി മദ്യം വാങ്ങി എക്സൈസ് ഉദ്യോ​ഗസ്ഥർ; പിടിച്ചെടുത്ത് വിജിലൻസ്

കൊച്ചി: ബിവറേജസ് കോര്‍പറേഷന്റെ വിവിധ ഔട്ട്‍ലെറ്റുകളിലേക്ക് മദ്യം വിതരണം ചെയ്യുന്നതിനായി എക്സൈസ് ഉദ്യോഗസ്ഥർ കൈക്കൂലിയായി വാങ്ങിയ മദ്യകുപ്പികൾ വിജിലന്‍സ് പിടിച്ചെടുത്തു. തൃപ്പൂണിത്തുറ എക്സൈസ് ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് നാല് ലിറ്റർ മദ്യം പിടിച്ചെടുത്തത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഉനൈസ് അഹമ്മദ്, പ്രിവന്‍റീവ് ഓഫിസര്‍ സാബു എന്നിവരിൽ നിന്നാണ് മദ്യം പിടികൂടിയത്.

തൃപ്പൂണിത്തുറ പേട്ടയിൽ ഉള്ള എക്സൈസ് ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥർ കൈക്കൂലി ആയി മദ്യം പതിവായി വാങ്ങുന്ന വിവരം വിജിലൻസിന് കിട്ടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ബുധനാഴ്ച വൈകിട്ട് നടത്തിയ പരിശോധനയിലാണ് ഏകദേശം 2000 രൂപ വിലവരുന്ന നാല് മദ്യകുപ്പികൾ പിടിച്ചെടുത്തത്. പേട്ടയിലെ ബിവറേജസ് വെയർഹൗസിൽനിന്ന് വിവിധ ഔട്ട്‍ലെറ്റുകളിലേക്കും ബാറുകളുലേക്കും മദ്യം എത്തിക്കാനുള്ള അനുമതിക്കായിരുന്നു കൈക്കൂലി വാങ്ങിയത്. ഓരോ ദിവസവും എട്ടോ പത്തോ ലോഡുകൾ പുറത്തേക്ക് പോകുമ്പോൾ, ഓരോ ലോഡിനും രണ്ട് കുപ്പി വീതമാണ് ഇവർ വാങ്ങിയത്.

വിജിലൻസ് ഡിവൈ.എസ്.പി ജയരാജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണോ എന്ന കാര്യത്തിൽ തീരുമാനമായില്ല. കേസെടുത്തില്ലെങ്കിൽ ഇവർക്കെതിരെ മേലുദ്യോഗസ്ഥർക്ക് വിജിലൻസ് റിപ്പോർട്ട് നൽകും. നിയമവശങ്ങൾ പരിശോധിച്ച ശേഷമാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.

Tags:    
News Summary - Excise officials receives liquor as a bribe; vigilance seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.