എറണാകുളം മഹാരാജാസിൽ കൊല്ലപ്പെട്ട അഭിമന്യു വട്ടവട സ്വദേശിയാണെങ്കിൽ മൂന്ന് വർഷങ്ങൾക്കിപ്പുറം കണ്ണൂർ സ്വദേശിയായ ധീരജിന്റെ മരണം ഇടുക്കിയിലെ കാമ്പസിൽ
ഇടുക്കി: ജില്ലയിൽ കാമ്പസ് രാഷ്ട്രീയത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഓർമകളായി ഇനി രണ്ടുപേർ. അഭിമന്യുവും ധീരജും. ഇരുവരും സ്വന്തം നാടുവിട്ടുപോയി പഠിച്ചവർ, പാട്ടുകൊണ്ട് കാമ്പസിന്റെ മനം കവർന്നവർ. വട്ടവട സ്വദേശിയായ അഭിമന്യു കൊല്ലപ്പെട്ടത് എറണാകുളം മഹാരാജാസ് കാമ്പസിലായിരുന്നെങ്കിൽ മൂന്ന് വർഷങ്ങൾക്കിപ്പുറം കണ്ണൂർ സ്വദേശിയായ ധീരജിന്റെ മരണം ഇടുക്കി എൻജിനീയറിങ് കോളജ് കാമ്പസിലാണ്. അഭിമന്യുവിന്റെ പിന്നിലേറ്റ കുത്തും ധീരജിന് നെഞ്ചിലേറ്റ കുത്തുമാണ് മരണകാരണമായത്. കമ്പ്യൂട്ടർ സയൻസിൽ ഏറെ താൽപര്യമുണ്ടായിരുന്ന ധീരജ് അലോട്ട്മെന്റ് വഴിയാണ് ഇടുക്കി എൻജിനീയറിങ് കോളജിലെത്തിയത്.
സ്വന്തം നാട്ടുകാർ ഏറെയുണ്ടായിരുന്ന കോളജ് എന്നും ധീരജിന് പ്രിയപ്പെട്ടതായിരുന്നു. പഠനത്തിൽ മിടുക്കനായ ധീരജ് നല്ലൊരു ജോലിയും സ്വപ്നം കണ്ടിരുന്നു.
ആദ്യകാമ്പസ് കൊലയിൽ നടുങ്ങി ജില്ല
ഇടുക്കി: ജില്ലയിലെ ആദ്യകാമ്പസ് കൊലപാതകത്തിന്റെ നടുക്കത്തിലാണ് ഏവരും. ജില്ലയിലെ കോളജുകളിൽ നേരിയ രാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും കൊലപാതകം ഇതാദ്യമാണ്. കൺമുന്നിൽ കൂട്ടുകാരൻ കുത്തേറ്റു വീഴുന്നതു കണ്ടതിന്റെ ഞെട്ടലാണ് ഇടുക്കി മെഡിക്കൽ കോളജിലെ ധീരജിന്റെ സഹപാഠികളുടെ മുഖത്ത്.
ഉച്ചക്ക് ഒന്നരയോടെ സംഭവമറിഞ്ഞ് ഓരോരുത്തരായി കോളജിൽനിന്ന് ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരുന്നു. സംഘർഷത്തിൽ തങ്ങളുടെ സുഹൃത്തിന് പരിക്കേറ്റു എന്നേ അവർ കരുതിയുള്ളൂ. എന്നാൽ, ആശുപത്രിയിൽനിന്ന് കേട്ടവിവരം അവർക്ക് ഹൃദയഭേദകമായിരുന്നു.
2000ത്തിൽ പ്രവർത്തനം ആരംഭിച്ച ഇടുക്കി പൈനാവ് എൻജിനീയറിങ് കോളജിൽ രാഷ്ട്രീയതർക്കങ്ങൾ നടക്കാറുണ്ടെങ്കിലും ആയുധം ഉപയോഗിച്ചുള്ള സംഘർഷങ്ങൾ നടന്നിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. രാത്രി വൈകിയും ധീരജിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിക്ക് മുന്നിൽ പലരും കാത്തുനിൽക്കുന്നുണ്ടായിരുന്നു.
ധീരജിനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്ന്
ഇടുക്കി: കുത്തേറ്റുവീണ ധീരജിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതായി ആക്ഷേപം. സംഘർഷസാധ്യത കണക്കിലെടുത്ത് കോളജ് അധികൃതർ പൊലീസിന്റെ സഹായം ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കാമ്പസിന് മുന്നിൽ പൊലീസുകാർ ഡ്യുട്ടിയിലുണ്ടായിരുന്നു. ധീരജിന് കുത്തേറ്റപ്പോൾ കൂട്ടുകാര്‍ പൊലീസിന്റെയും മറ്റു പലരുടെയും സഹായം തേടിയെങ്കിലും ആരും ആശുപത്രിയിലെത്തിക്കാന്‍ തയാറായില്ലത്രേ. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിനോട് സംഭവം പറഞ്ഞപ്പോള്‍ അവന് അവിടെ കിടക്കട്ടെയെന്നാണ് പറഞ്ഞതെന്ന് ദൃക്സാക്ഷിയായ അശ്വിന് ഉത്തമന് എന്ന വിദ്യാര്‍ഥി പറഞ്ഞു. പിന്നീട് അതുവഴിവന്ന ജില്ല പഞ്ചായത്ത് അംഗം കെ.ജി. സത്യന്റെ വാഹനത്തിലാണ് ധീരജിനെ ആശുപത്രിയിലെത്തിച്ചത്.
കൊല ആസൂത്രിതം; ഇന്ന് പഠിപ്പുമുടക്ക് -എസ്.എഫ്.ഐ
കോഴിക്കോട്: ഇടുക്കി പൈനാവ് ഗവ. എൻജിനീയറിങ് കോളജിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിനെ കുത്തിക്കൊന്നത് ആസൂത്രിതമായാണെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം. സചിൻദേവ് എം.എൽ.എ. കൊലപാതകത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും. സംഭവത്തിൽ സമഗ്രാന്വേഷണം വേണം. കാമ്പസുകളിൽ കെ.എസ്.യു ഭീകരമായ അക്രമം അഴിച്ചുവിടുകയാണ്. യൂത്ത് കോൺഗ്രസ് ഇതിന് സഹായവും നൽകുന്നു. വിദ്യാർഥികളെ അണിനിരത്തി പ്രതിരോധിക്കുമെന്നും സചിൻദേവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.