കായംകുളം: ക്ഷേത്രവളപ്പിൽ എസ്.എഫ്.െഎ പ്രവർത്തകനെ കുത്തിക്കൊന്ന സംഭവത്തിൽ രണ്ട് ആർ.എസ്.എസ് പ്രവർത്തകർകൂടി കസ്റ്റഡിയിൽ. വള്ളികുന്നം സ്വദേശികളായ പ്രണവ്, ആകാശ് എന്നിവരാണ് കസ്റ്റഡിയിലുള്ളതായി സൂചന. മുഖ്യപ്രതി വള്ളികുന്നം പുത്തൻ പുരക്കൽ സജയ്ജിത്ത് (20) നേരേത്ത കീഴടങ്ങിയിരുന്നു. പിന്നാലെ വള്ളികുന്നം ജ്യോതിഷ് ഭവനിൽ ജിഷ്ണു തമ്പിയെ (26) അറസ്റ്റ് ചെയ്തു. ഇരുവരെയും സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. കുത്താൻ ഉപയോഗിച്ച കഠാര ക്ഷേത്രത്തിനുസമീപത്തെ ഒഴിഞ്ഞ പുരയിടത്തിൽനിന്ന് കണ്ടെടുത്തു. തുടർന്ന്, കായംകുളം ഗവ. ആശുപത്രിയിൽ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കി കായംകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വിഷുദിനത്തിൽ ഉത്സവ കെട്ടുകാഴ്ച കാണാനായി വള്ളികുന്നം പടയണിവട്ടം ക്ഷേത്രത്തിൽ എത്തിയ വള്ളികുന്നം പുത്തൻചന്ത കുറ്റിതെക്കതിൽ അഭിമന്യുവിനെയാണ് (15) കൊലപ്പെടുത്തിയത്. അഭിമന്യുവിെൻറ സഹോദരൻ അനന്തുവിനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സജയ്ജിത്ത് മൊഴി നൽകിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സൈനികനെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു.
അറസ്റ്റിലായവർ ആർ.എസ്.എസ് പ്രവർത്തകരാണെന്നും സംഭവത്തിൽ രാഷ്ട്രീയം ഉണ്ടോയെന്നത് അന്വേഷണ ഘട്ടത്തിലുമാണെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
പലരും നിരീക്ഷണത്തിലുമാണ്. ചോദ്യം ചെയ്തശേഷം വിട്ടയച്ചവരെ ആവശ്യമുണ്ടെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന് സ്റ്റേഷൻ ഹൗസ് ഒാഫിസർ ഡി. മിഥുൻ പറഞ്ഞു.
ഇതിനിടെ, പൊലീസിെൻറ അന്വേഷണം തൃപ്തികരമല്ലെന്ന് അഭിമന്യുവിെൻറ ബന്ധുക്കൾ പരാതിപ്പെട്ടു. ചില പ്രതികളെ രക്ഷപ്പെടുത്താനുള്ള നീക്കം നടക്കുന്നതായി സംശയിക്കുന്നുവെന്നാണ് ആക്ഷേപം. വസതി സന്ദർശിച്ച മന്ത്രി ഡോ. ടി.എം. തോമസ് െഎസക് ബാലാവകാശ കമീഷൻ ചെയർപേഴ്സൻ കെ.വി. മനോജ്കുമാർ, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി എന്നിവരോടാണ് പരാതി ഉന്നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.