കായംകുളം: കുടിൽവ്യവസായമായ മീറ്റർ പലിശ വ്യാപാരവും ഇതിന്റെ മറവിലെ ക്വട്ടേഷൻ അഴിഞ്ഞാട്ടവും വർധിച്ചതോടെ വിഷയത്തിൽ കേന്ദ്ര ഇന്റലിജന്റ്സ് ബ്യൂറോ അന്വേഷണം തുടങ്ങി. മീറ്റർ പലിശ സംവിധാനത്തിലെ പണം ഇടപാടുകൾ, ബിനാമികൾ, ഇതിന്റെ മറവിലെ വിധ്വംസക പ്രവർത്തനങ്ങൾ, ആയുധ വരവ്, രാഷ്ട്രീയബന്ധം, കുറ്റകൃത്യങ്ങൾ തുടങ്ങിയവയാണ് പരിശോധിക്കുന്നത്. പ്രാഥമിക വിവരശേഖരണത്തിലൂടെ വിഷയം ഗൗരവമുള്ളതാണെന്ന ബോധ്യമാണ് അധികൃതർക്കുള്ളത്. ക്വട്ടേഷൻ സംഘങ്ങളുടെ രാഷ്ട്രീയ പശ്ചാത്തലം പ്രധാനമായ അന്വേഷണ വിഷയമാണ്. ഇത്തരക്കാരുടെ മുൻകാല രാഷ്ട്രീയ കേസുകൾ സംബന്ധിച്ച വിവരങ്ങളും ശേഖരിക്കും.
നിലവിലെ കേസ് വിവരങ്ങളും രഹസ്യാന്വേഷണ റിപ്പോർട്ടുകളും പരിശോധിച്ചതിനൊപ്പം സ്വന്തം നിലക്കുള്ള അന്വേഷണവും ഇവർ നടത്തുന്നുണ്ട്. പലിശ വ്യാപാരത്തിലെ നിക്ഷേപകർ രഹസ്യ നിരീക്ഷണത്തിലാണ്. ഏത് തരത്തിലുള്ള പണമാണ് ഇവർ നിക്ഷേപിച്ച് എന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. അരുതാത്ത മാർഗത്തിലൂടെയുള്ള വരുമാനമാണ് പലരും മീറ്റർ പലിശ വ്യാപാരത്തിൽ ഇറക്കിയതെന്നതാണ് നിഗമനം.
വിഷയത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നതിനുള്ള സാധ്യതകളും ഇവർ പരിശോധിക്കുന്നു. ഇ.ഡിയുടെ അന്വേഷണ പരിധിയിലേക്ക് മാറ്റാവുന്ന തരത്തിലുള്ള സാമ്പത്തിക ക്രയവിക്രയം നടന്നതായാണ് കണ്ടെത്തൽ.
നഗരത്തിലെ പല സ്ഥാപനങ്ങളിലും ഇത്തരക്കാർക്ക് നിക്ഷേപമുണ്ടെന്ന വിവരവും ലഭ്യമായിട്ടുണ്ട്. ക്രമത്തിലധികമുള്ള ലാഭവിഹിത പ്രലോഭനം നൽകിയാണ് പലരെയും ഇതിലെ കണ്ണികളാക്കിയിരിക്കുന്നതത്രെ.
ഇതിനിടെ നഗരത്തിലെ മീറ്റർ പലിശ സംഘവുമായി ചേർന്ന് പ്രവർത്തിക്കുന്നവരെ സംബന്ധിച്ച അന്വേഷണം ഊർജിതമായിട്ടുണ്ട്. ഇടപാടുകൾ നിയന്ത്രിക്കുന്ന റിട്ട. പ്രഫസറെ പൊലീസ് ചോദ്യം ചെയ്തതോടെ പല നിർണായക വിവരങ്ങളും ലഭ്യമായതായി അറിയുന്നു. ഇദ്ദേഹത്തെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. അന്വേഷണം ശക്തമായതോടെ ബിനാമി ആരോപണവിധേയനായ കോൺഗ്രസ് നേതാവായ അഭിഭാഷകൻ മീറ്റർ പലിശ സംഘത്തിന്റെ വക്കാലത്ത് ഒഴിഞ്ഞതായും അറിയുന്നു.
ഇതിനിടെ വിഷയത്തിൽ ആരോപണ-പ്രത്യാരോപണവുമായി കോൺഗ്രസും സി.പി.എമ്മും നേർക്കുനേർ എത്തിയതോടെ വരുംദിവസങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്ന സൂചനയുണ്ട്. ഇടുക്കിയിൽ അറസ്റ്റിലായ പ്രതികളെ കായംകുളം കേസിൽ കസ്റ്റഡിയിൽ കിട്ടാനുള്ള നീക്കവും പൊലീസ് തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.